ജിദ്ദ: മികച്ച ഫുട്‌ബോള്‍ താരങ്ങള്‍ ബൂട്ടണിയുന്ന കെഎംസിസി മലപ്പുറം ജില്ലാ നയന്‍സ് സോക്കറിന്റെ ഒരുക്കങ്ങള്‍ ജിദ്ദയില്‍ പുരോഗമിക്കുന്നതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നവംബര്‍ ഒന്നിന് ജിദ്ദ ഖാലിദ് ഇബ്‌നു വലീദ് സ്റ്റേഡിയത്തിലാണ് ടൂര്‍ണമെന്റിന്റെ തുടക്കം. മലപ്പുറം ജില്ലയിലെ 16 മണ്ഡലം കമ്മിറ്റികളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുക. മണ്ഡലങ്ങളിലെ കളിക്കാര്‍ക്ക് രജിസ്‌ട്രേഷനില്‍ മുന്‍തൂക്കം നല്‍കിയാണ് ടീം ലൈന്‍അപ്പ് ക്രമപ്പെടുത്തിയിട്ടുള്ളത്. മണ്ഡലങ്ങള്‍ക്ക് പുറത്തുനിന്നുള്ള കളിക്കാരെയും ലൈനപ്പില്‍ ഉള്‍പെടുത്താന്‍ സാധിക്കും.
|
സൗദിയിലെ വിവിധ പ്രവശ്യകളിലും ജി സി സി രാജ്യങ്ങളിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുമുള്ള പ്ലെയേഴ്സിന് ഈ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ സാധിക്കും. അണ്ടര്‍-17 കാറ്റഗറിയില്‍ ജിദ്ദയിലെ വിവിധ അക്കാദമികള്‍ പങ്കെടുക്കുന്ന ജൂനിയര്‍ വിഭാഗം മത്സരങ്ങളും ടൂര്‍ണമെന്റിനോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്.
നവംബര്‍ ഒന്നിന് വൈകീട്ട് 4.30ന് ഉദ്ഘാടന പരിപാടികള്‍ ആരംഭിക്കും. രജിസ്റ്റര്‍ ചെയ്ത എല്ലാ ടീമുകളും പങ്കെടുക്കുന്ന മാര്‍ച്ച് പാസ്റ്റ് ഉദ്ഘാടനത്തിന് മുന്നോടിയായി ഗ്രൗണ്ടില്‍ നടക്കും. ഒരുമാസക്കാലം നീണ്ടുനില്‍ക്കുന്ന മത്സരങ്ങള്‍ ജിദ്ദ ഫുട്‌ബോള്‍ സമൂഹത്തിന് വേറിട്ട അനുഭവം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രീ-ക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍, സെമി ഫൈനല്‍, ഫൈനല്‍ എന്നിങ്ങനെയുള്ള കളികള്‍ വ്യത്യസ്ത ദിവസങ്ങളില്‍ വരുന്ന രീതിയിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്. വിജയികള്‍ക്കും റണ്ണേഴ്സിനും ട്രോഫിക്ക് പുറമെ ആകര്‍ഷകമായ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഇതിനോടൊപ്പം വ്യക്തിഗതയിനങ്ങളിലും വ്യത്യസ്ത സമ്മാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അറബ് വംശജരായ റഫറിമാരാണ് മത്സരങ്ങള്‍ നിയന്ത്രിക്കുന്നത്.
വാര്‍ത്താ സമ്മേളനത്തില്‍ മലപ്പുറം ജില്ലാ കെഎംസിസി ഭാരവാഹികളായ ഇസ്മായില്‍ മുണ്ടുപറമ്പ്, നാണി ഇസ്ഹാഖ്, ഇല്യാസ് കല്ലിങ്ങല്‍, സലീം മമ്പാട്, അഷ്റഫ് മുല്ലപ്പള്ളി, അബു കാട്ടുപ്പാറ, അബുട്ടി പള്ളത്ത്, ഫത്താഹ് താനൂര്‍ എന്നിവര്‍ പങ്കെടുത്തു.


