കൊല്ലം: കൊലത്ത് 2016ല്‍ കലക്ടറേറ്റ് ബോംബ് സ്‌ഫോടനക്കേസില്‍ പ്രതികളുടെ മൊഴി രേഖപ്പെടുത്തി. ( Kollam collecterate bomb blast case: accused statement recorded ) വിചാരണയുടെ ഭാഗമായി നാല് പ്രതികളുടെയും മൊഴി കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് രേഖപ്പെടുത്തിയത്. ബേസ് മൂവ്‌മെന്റ് പ്രവര്‍ത്തകരും തമിഴ്‌നാട് സ്വദേശികളുമായ അബ്ബാസ് അലി, ഷംസൂണ്‍ കരീംരാജ, ദാവൂദ് സുലൈമാന്‍, ഷംസുദീന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. കൊല്ലത്ത് സ്‌ഫോടനം നടന്നപ്പോള്‍ തങ്ങള്‍ എന്‍.ഐ.എ കസ്റ്റഡിയിലായിരുന്നു എന്നാണ് പ്രതികള്‍ പറയുന്നത്.
|
നാലു പേരെയും ജഡ്ജി ജി. ഗോപകുമാര്‍ മുമ്പാകെ നേരിട്ട് ഹാജരാക്കി. പ്രോസിക്യൂഷന്‍ ഹാജരാക്കിയ സാക്ഷി മൊഴികളുടെ വിശദാംശങ്ങള്‍ തേടിയാണ് പ്രതികളുടെ മൊഴി കോടതി രേഖപ്പെടുത്തിയത്. സാക്ഷിമൊഴി ഉള്‍പ്പെടുന്ന 50ഓളം പേജുകളുള്ള ചോദ്യങ്ങള്‍ക്ക് അറിയില്ല എന്നായിരുന്നു പ്രതികള്‍ നല്‍കിയ മറുപടി. വിചാരണ നടപടി വൈകിട്ട് അഞ്ചര വരെ നീണ്ടു. കേസ് വീണ്ടും 21ന് പരിഗണിക്കും.
സ്‌ഫോടനം നടന്നപ്പോള്‍ തങ്ങള്‍ എന്‍.ഐ.എ കസ്റ്റഡിയിലായിരുന്നുവെന്നതിനുള്ള രേഖകള്‍
പ്രതികള്‍ കോടതിയില്‍ സമര്‍പ്പിച്ചു. സമാനകേസില്‍ ചിറ്റൂരില്‍ കുറ്റവിമുക്തരാക്കപ്പെട്ടതിന്റെ വിധിപ്പകര്‍പ്പും സമര്‍പ്പിച്ചിട്ടുണ്ട്. അടുത്ത വിചാരണദിനമായ 21ന് പ്രതിഭാഗത്തിന് തെളിവുകള്‍ ഹാജരാക്കാന്‍ കോടതി സമയം നല്‍കി.
2016 ജൂണ്‍ 15ന് ആണ് കലക്ടറേറ്റ് കോമ്പൗണ്ടില്‍ മുന്‍സിഫ് കോടതിക്ക് സമീപം ജീപ്പില്‍ സ്‌ഫോടനം നടന്നത്. സാബു എന്ന പൊതുപ്രവര്‍ത്തകന് ഗുരുതരമായി പരിക്കേറ്റിരുന്നു. മൈസൂര്‍ കോടതിയിലെ സമാന സ്‌ഫോടനക്കേസിലെ അന്വേഷണത്തിനിടയിലാണ് പ്രതികള്‍ക്ക് കൊല്ലത്തെ സ്‌ഫോടനത്തിലെ പങ്കുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയത്.


