തിരുവനന്തപുരം: കെഎസ്യു ഭാരവാഹിപ്പട്ടികയിൽ വിവാഹിതർ കയറികൂടിയെന്നും ജംബോ പട്ടികയാണെന്നും പരക്കെ വിമർശനം. ദേശീയ പ്രസിഡന്റ് ശൗര്യവീർ സിങ്ങാണ് പട്ടിക പ്രഖ്യാപിച്ചത്. രണ്ടു സീനിയർ വൈസ് പ്രസിഡന്റുമാരെയും നാലു വൈസ് പ്രസിഡന്റുമാരെയും 30 ജനറൽ സെക്രട്ടറിമാരെയും 14 ജില്ലാ പ്രസിഡന്റുമാരെയും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന എക്‌സിക്യൂട്ടിവിൽ 43 പേരുണ്ട്. 21 കൺവീനർമാരും.
|
പട്ടികയിൽ അതൃപ്തി അറിയിച്ച് KSU ചുമതലയുണ്ടായിരുന്ന കെപിസിസി വൈസ് പ്രസിഡന്റ് വി.ടി.ബൽറാമും ജനറൽ സെക്രട്ടറി കെ.ജയന്തും സ്ഥാനം ഒഴിഞ്ഞു. 45 പേർ അടങ്ങുന്ന പട്ടികയാണ് സംസ്ഥാനത്ത് KSU വിന്റെ ചുമതലയുണ്ടായിരുന്ന ബൽറാമും ജയന്തും നൽകിയത്. എന്നാൽ പുതിയ പട്ടികയിൽ ഇടം പിടിച്ചത് 94 പേരാണ്.
നേരത്തെ കെഎം അഭിജിത്തിനെ മാറ്റി അലോഷ്യസ് സേവ്യറിനെ പ്രസിഡന്റായും മുഹമ്മദ് ഷമാസിനെയും ആൻ സെബാസ്റ്റ്യനെ വൈസ് പ്രസിഡന്റ്മാരായും ചുമതലപ്പെടുത്തിയിരുന്നു. അതിന് ശേഷം സംസ്ഥാന കമ്മറ്റിയോ ജില്ലാ കമ്മറ്റിയോ പുനഃസംഘടിപ്പിച്ചിരുന്നില്ല. രണ്ടാഴ്ചയ്ക്കകം പുതിയ കമ്മിറ്റി രൂപീകരിക്കുമെന്ന് കോൺഗ്രസ് നേതൃത്വം പറഞ്ഞിരുന്നെങ്കിലും അത് നടന്നില്ല. സംസ്ഥാന കമ്മിറ്റിയിലേക്ക് ഭാരവാഹികളെ തെരഞ്ഞെടുക്കാനുള്ള ചർച്ച ഏറെ നാളായി നീളുകയായിരുന്നു.
പട്ടികയിൽ കെപിസിസി നേതൃത്വം ദേശീയ നേതൃത്വത്തെ അതൃപ്തി അറിയിച്ചു. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പുനഃസംഘടനയെന്നാണ് കെപിസിസി പ്രസിഡന്റിന്റെ പരാതി. 5 ദിവസത്തിനകം പ്രശ്നത്തിന് പരിഹാരമുണ്ടായില്ലെങ്കിൽ കടുത്ത നടപടിയിലേക്ക് നീങ്ങുമെന്ന് സുധാകരൻ ഹൈക്കമാൻഡിനെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ.
രമേശ് ചെന്നിത്തലയും ഇതേ നിലപാട് ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്. വിഡി സതീശനും കെസി വേണുഗോപാലും ഇടപെട്ട് പട്ടികയിൽ അട്ടിമറി നടത്തിയെന്നാണ് എഐ ഗ്രൂപ്പുകൾ ആരോപിക്കുന്നത്.





