18
Apr 2025
Fri
18 Apr 2025 Fri
Kuwait move to limit Duhr Asar prayers to one time due to power shortage

കുവൈത്തില്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി ദുഹ്ര്‍, അസര്‍ നമസ്‌കാരങ്ങള്‍ ഒറ്റ സമയത്ത് മാത്രമായി പരിമിതപ്പെടുത്താന്‍ ആലോചന. ഇതിനായി ഇസ് ലാമിക മത കാര്യ മന്ത്രാലയത്തിലെ ഫത്വ സമിതിയുമായി ജല വൈദ്യുതി മന്ത്രാലയം ബന്ധപ്പെട്ടു വരികയാണെന്ന് പ്രാദേശിക ദിനപത്രം റിപോര്‍ട്ട് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാജ്യത്ത് ഉച്ച സമയങ്ങളിലാണ് ഏറ്റവും അധികം വൈദ്യുതി ഉപഭോഗം നടക്കുന്നത് എന്നതിനാലാണ് പള്ളികളില്‍ വച്ച് നടക്കുന്ന മധ്യാഹ്ന, സായാഹ്ന നമസ്‌കാരങ്ങള്‍ ഒറ്റസമയത്ത് മാത്രമായി പരിമിതപ്പെടുത്താനുള്ള നീക്കം അധികൃതര്‍ നടത്തുന്നത്. വൈദ്യുതി പ്രതിസന്ധിയെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ രണ്ട് ദിവസമായി രണ്ട് മണിക്കൂര്‍ വീതം പവര്‍ കട്ട് ഏര്‍പ്പെ ടുത്തിയിരിക്കുകയാണ്.

പള്ളികളില്‍ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണമെന്നും നിസ്‌കാരങ്ങളുടെ അനാവശ്യ ദൈര്‍ഘ്യം കുറയ്ക്കണമെന്നും ബാങ്കും ഇഖാമത്തും തമ്മിലുള്ള ഇടവേള കുറയ്ക്കണമെന്നും മതകാര്യ മന്ത്രാലയം ഇമാമുമാര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പള്ളികളില്‍ നടക്കുന്ന മധ്യാഹ്ന, സായാഹ്ന പ്രാര്‍ഥനകള്‍ ഒറ്റ നേരത്ത് പരിമിതപ്പെടുത്തുവാനുള്ള ആലോചനകള്‍ നടക്കുന്നത്.

മത കാര്യ മാത്രാലയത്തിലെ ഫത്വ വിഭാഗത്തിന്റെ അനുമതി ലഭിച്ചാല്‍ മാത്രമേ തീരുമാനം നടപ്പാക്കുകയുള്ളൂ.കനത്ത മഴ പോലെയുള്ള സന്ദര്‍ഭങ്ങളില്‍ രണ്ട് നേരങ്ങളിലെ നമസ്‌കാരങ്ങള്‍ പള്ളികളില്‍ ഒറ്റ നേരമായി പരിമിതപ്പെടുത്താറുണ്ട്. കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് രാജ്യം കടന്നതോടെയാണ് ഇത്തരമൊരു നിര്‍ദേശത്തിലേക്ക് കടക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായിരിക്കുന്നത്.