അങ്കോള: മലയാളിയായ ലോറി ഡ്രൈവര്‍ അര്‍ജുനെ കാണാതായ കര്‍ണാടക ഷിരൂരിലെ മണ്ണിടിച്ചില്‍ അപകടത്തില്‍ ഐആര്‍ബിയും എന്‍എച്ച്എയും പ്രതിസ്ഥാനത്ത്. (Landslides in Karnataka: Road construction unscientific; Case against contract company and National Highways Authority) അശാസ്ത്രീയമായി ദേശീയ പാത നിര്‍മ്മിച്ചതിനാണ് കരാര്‍ കമ്പനിക്കും ദേശീയ പാത അതോറിറ്റിക്കും എതിരെ കേസ് എടുത്തിരിക്കുന്നത്. പുരുഷോത്തം നായിക് എന്ന വ്യക്തിയുടെ പരാതിയിലാണ് കേസ്. കര്‍ണാടക സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
|
അപകട സ്ഥലത്ത് ഉണ്ടായിരുന്നത് 3 ടാങ്കറുകള്‍
അങ്കോലയിലെ അപകട സ്ഥലത്തുണ്ടായിരുന്നത് 3 ടാങ്കറുകളാണെന്ന് കര്‍ണാടക സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ പറയുന്നു. ബിപി സി എല്ലിന്റെ 2 ടാങ്കറുകളില്‍ ഇന്ധനമുണ്ടായിരുന്നില്ല. എച്ച്പിയുടെ ടാങ്കര്‍ നദിക്കുള്ളില്‍ കണ്ടെത്തിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സ്‌ഫോടനമുണ്ടായി എന്ന അഭ്യൂഹങ്ങളെ സര്‍ക്കാര്‍ റിപ്പോര്‍ട്ട് പൂര്‍ണ്ണമായും തള്ളിയിട്ടുണ്ട്.
രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച സംഭവിച്ചുവെന്ന ആരോപണം കര്‍ണാടക സര്‍ക്കാര്‍ തള്ളി. വിവരമറിഞ്ഞപ്പോള്‍ ജില്ലാ ഭരണകൂടം ഇടപെട്ടുവെന്നും സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കര്‍ണാടക ഹൈക്കോടതിയുടെ ബംഗളുരു പ്രിന്‍സിപ്പല്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ഹരജിയില്‍ കേന്ദ്ര സര്‍ക്കാരും കര്‍ണാടക സംസ്ഥാന സര്‍ക്കാരും തല്‍സ്ഥിതി റിപോര്‍ട്ട് നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസുമാരായ കാമേശ്വര്‍ റാവു, സിഎം ജോഷി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് തല്‍സ്ഥിതി റിപ്പോര്‍ട്ട് പരിഗണിക്കും.
കാണാതായ പത്തില്‍ ഏഴ് പേരുടെ മൃതദേഹം കണ്ടെത്തിയെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ ഹൈക്കോടതിയെ അറിയിച്ചത്. കാണാതായ മറ്റുള്ളവരെ കണ്ടെത്താനുള്ള തെരച്ചില്‍ സംബന്ധിച്ചും റിപ്പോര്‍ട്ട് നല്‍കും. ഇന്ത്യന്‍ നേവിയുടെ ഡൈവിംഗ് വിദഗ്ധര്‍ ഉള്‍പ്പെടുന്ന രണ്ട് സംഘത്തെ ഗംഗാവാലി പുഴയില്‍ തെരച്ചിലിനായി നിയോഗിച്ചു. കാണാതായ ട്രക്ക് കണ്ടെത്താന്‍ അത്യാധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ച് ശ്രമം നടത്തുന്നുവെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ വിശദീകരണം.
തിരച്ചില്‍ ഒമ്പതാം ദിവസം
കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിഞ്ഞു കാണാതായ ലോറി ഡ്രൈവര്‍ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചില്‍ ഇന്ന് ഒന്‍പതാം ദിവസത്തിലേക്ക്. ഗംഗാവലിപ്പുഴയില്‍ റഡാര്‍ സിഗ്‌നല്‍ ലഭിച്ച അതേ ഇടത്തുനിന്നു തന്നെ സോണാര്‍ സിഗ്‌നല്‍ ലഭിച്ചിട്ടുണ്ട്. നാവികസേന നടത്തിയ തിരച്ചിലിലാണ് മലയുടെ മറുവശത്ത് പുഴയോട് ചേര്‍ന്ന് സോണാര്‍ സിഗ്‌നല്‍ കിട്ടിയത്. വെള്ളത്തിനടിയിലുള്ള വസ്തുക്കളെ കണ്ടെത്തുന്നതിനും അവയുടെ സഞ്ചാരദിശ, വേഗം തുടങ്ങിയവ മനസ്സിലാക്കുന്നതിനും ഉപയോഗിക്കുന്ന ശബ്ദശാസ്ത്ര സംവിധാനമാണു സോണാര്‍. കണ്ടെത്തിയ രണ്ടു സിഗ്‌നലുകളും വലിയ ഇരുമ്പ് വസ്തുവിന്റെ സാന്നിധ്യം സൂചിപ്പിക്കുന്നതിനാല്‍ ഇവിടം കേന്ദ്രീകരിച്ചാകും നാവികസേനയുടെ തിരച്ചില്‍.
ഇന്ന് കൂടുതല്‍ ഉപകരണങ്ങള്‍ എത്തിച്ച് സൈന്യം പരിശോധന തുടരും. ഇടവിട്ട് പെയ്യുന്ന ശക്തമായ മഴയും കുത്തൊഴുക്കും തിരച്ചിലിന് തടസ്സമാകുന്നുണ്ട്. തിരച്ചിലിനായി ‘ഐബോഡ്’ സാങ്കേതിക സംവിധാനം ഉപയോഗിക്കും. ആകാശത്തുനിന്നു ഡ്രോണിന്റെ സഹായത്തോടെ നിരീക്ഷിച്ച് ചെളിക്കടിയില്‍ പൂഴ്ന്നുപോയ വസ്തുക്കളുടെ സിഗ്‌നലുകള്‍ കണ്ടെത്തുന്ന ഉപകരണമാണ് ‘ഐബോഡ്’.


