26
Aug 2024
Mon
26 Aug 2024 Mon
last jewish woman in kochi queenie hallegua dies

കൊച്ചി: കൂടെയുള്ളവരെല്ലാം ഇസ്രായേലില്‍ പോയപ്പോഴും ഇവിടെ തന്നെ തങ്ങിയ കൊച്ചിയിലെ അവസാന ജൂതവനിത ക്വീനി ഹലേഗ മരിച്ചു. 89 വയസ്സുണ്ട്. പ്രമുഖ വ്യവസായിയും കൊച്ചിയില്‍ ആദ്യമായി വൈദ്യുതി എത്തിക്കുകയും ബോട്ട് സര്‍വീസ് ആരംഭിക്കുകയും ചെയ്ത ജൂതവംശജന്‍ എസ്. കോഡറിന്റെ (സാറ്റു കോഡര്‍) മകളാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ക്വീനിയുടെ സംസ്‌കാരം ഇന്നലെ മട്ടാഞ്ചേരിയിലെ ജൂത സെമിത്തേരിയില്‍ നടന്നു. ഭര്‍ത്താവ് സാമുവല്‍ ഹലേഗ്വ 2009ല്‍ മരിച്ചിരുന്നു. സാമുവേലിന്റെ കല്ലറയ്ക്കരികില്‍ അന്തിയുറങ്ങണമെന്ന് ക്വീനി ആവശ്യപ്പെട്ടതിനാല്‍ അവിടെ തന്നെയാണ് ശരീരം അടക്കം ചെയ്തത്. ദമ്പതികളുടെ മക്കളെല്ലാം അമേരിക്കയിലാണ്.

ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ കമ്പനികളുടെ ഏജന്റും കേരളത്തിലെ ആദ്യ വൈദ്യുതി വിതരണ കമ്പനിയായ കൊച്ചിന്‍ ഇലക്ട്രിക് കമ്പനിയുടെ ഉടമയുമായിരുന്നു ക്വീനിയുടെ പിതാവ് എസ്. കോഡര്‍. കൊച്ചിയിലെ പ്രശസ്ത സീലോര്‍ഡ് ഹോട്ടല്‍ ഇദ്ദേഹമാണ് നിര്‍മിച്ചത്. ചേര്‍ത്തലയിലെ ഏറ്റവും വലിയ ഭൂപ്രഭുവായിരുന്നു ക്വീനിയുടെ ഭര്‍ത്താവ് സാമുവല്‍ ഹലേഗ്വ.

ക്വീനിയുടെ നിര്യാണത്തോടെ കൊച്ചിയിലെ ജൂതവംശ ചരിത്രം അവസാനഘട്ടത്തിലേക്ക് നീങ്ങുകയാണ്. മട്ടാഞ്ചേരിയിലെ ജൂതത്തെരുവില്‍ ഇനി അവശേഷിക്കുന്നത് ഒരേയൊരു യഹൂദന്‍ മാത്രമാണ്. പരദേശി സിനഗോഗ് മാനേജിങ് ട്രസ്റ്റിയായിരുന്ന ക്വീനിയുടെ ഭര്‍തൃസഹോദരിയുടെ മകന്‍ കീത്ത് ഹലേഗ്വയാണ് ഇനി കൊച്ചിയില്‍ അവശേഷിക്കുന്ന ഏക ജൂതന്‍. ഇദ്ദേഹത്തിന് 65 വയസ്സുണ്ട്.

ക്വീനിയുടെ അച്ഛന്‍ കോഡറുടെ മരണശേഷം ഇവരുടെ കുടുംബത്തിന്റെ ബിസിനസ് ക്ഷയിച്ചു. 1948ല്‍ ഇസ്രായേല്‍ രൂപീകരിച്ചതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ജൂതരെല്ലാം അവിടേക്ക് കുടിയേറിക്കൊണ്ടിരിക്കുന്നതിന്റെ ഭാഗമായാണ് കേരളത്തിലെ ജൂതരും കുടിയേറിയത്. കൂടെയുള്ളവരെല്ലാം പോയപ്പോഴും പൂര്‍വികരുടെ മണ്ണ് ഇതാണെന്ന് ഉറപ്പിച്ച ക്വീനി, പിന്നീട് കൊച്ചിയിലെ കുടുംബവീടായ കോഡര്‍ ഹൗസില്‍ താമസിച്ചുവരികയായിരുന്നു. ഇത് പിന്നീട് അവര്‍ വിറ്റു. ചരിത്ര പ്രധാനമായ ജൂത സിനഗോഗില്‍ വര്‍ഷങ്ങളായി പ്രാര്‍ഥനാ ചടങ്ങുകള്‍ നടക്കാറില്ല.

last jewish woman in kochi queenie hallegua dies