
പോര്‍ച്ചുഗല്‍ ഫുട്‌ബോളറും ഇംഗ്ലീഷ് ഫുട്‌ബോള്‍ ക്ലബ്ബ് ലിവര്‍പൂള്‍ താരവുമായ ഡിയോഗോ ജോട്ട(28) കാറപകടത്തില്‍ മരിച്ചു. സ്‌പെയിനിലെ സമോറയില്‍ വച്ചാണ് അപകടമുണ്ടായത്. ജോട്ടയും സഹോദരന്‍ ആന്ദ്രെ സില്‍വയും സഞ്ചരിച്ചിരുന്ന ലംബോര്‍ഗിനിയാണ് അപകടത്തില്‍പെട്ടത്.
![]() |
|
മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ കാറിന്റെ ടയര്‍ പൊട്ടിത്തെറിക്കുകയും വാഹനത്തിന് തീപിടിക്കുകയുമായിരുന്നുവെന്നാണ് റിപോര്‍ട്ടുകള്‍. ദീര്‍ഘകാല പങ്കാളിയായ റൂത് കാര്‍ഡോസോയെ കഴിഞ്ഞ മാസം 22നായിരുന്നു ജോട്ട വിവാഹം കഴിച്ചത്.
പോര്‍ച്ചുഗലിനായി 49 മത്സരങ്ങളില്‍ നിന്ന് 14 ഗോളുകള്‍ നേടിയിട്ടുള്ള ജോട്ട 2019, 2015 വര്‍ഷങ്ങളിലെ യുഇഎഫ്എ നേഷന്‍സ് ലീഗ് നേടിയ പോര്‍ച്ചുഗല്‍ ടീമിന്റെ ഭാഗമായിരുന്നു.
2020ലാണ് ജോട്ട ലിവര്‍പൂളിന്റെ ഭാഗമാകുന്നത്.
പ്രീമിയര്‍ ലീഗിലും മറ്റ് ടൂര്‍ണമെന്റുകളിലുമായി 182 മത്സരങ്ങളിലാണ് ജോട്ട ലിവര്‍പൂളിനായി ബൂട്ട് കെട്ടിയത്. 65 ഗോളുകള്‍ നേടിയ ജോട്ട 22 അസിസ്റ്റുകളും നല്‍കി. പാക്കോസ് ഫെരേര, അത്ലറ്റിക്കൊ മാഡ്രിഡ്, പൊര്‍ട്ടൊ, വോള്‍വ്സ് എന്നിവയാണ് ലിവര്‍പൂളിന് മുന്‍പ് ഭാഗമായ മറ്റ് ക്ലബ്ബുകള്‍.