24
Mar 2025
Fri
24 Mar 2025 Fri
Lulu Group arranging Iftar party at masjids in ekm which built by Lulu Group

കൊച്ചി: വിശുദ്ധ റമദാന്‍ മാസത്തില്‍ പതിവ് തെറ്റാതെ പള്ളികളില്‍ ഇഫ്താര്‍ വരുന്നൊരുക്കി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി. കൊച്ചിയില്‍ യൂസഫലി തന്നെ നിര്‍മിച്ചു നല്‍കിയ മൂന്ന് പള്ളികളിലേക്കാണ് റമദാനിലെ 30 ദിവസവും ഇഫ്താര്‍ വിരുന്നൊരുക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എം.എ യൂസഫലിയുടെ നേതൃത്വത്തില്‍ നല്‍കി വരുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനമൊട്ടാകെ സഹായങ്ങള്‍ എത്തിക്കുന്നുണ്ട്. ഇതിന് പുറമേയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പള്ളികളിലേക്കുള്ള ഇഫ്താര്‍ വിരുന്നും അദ്ദേഹം ഒരുക്കുന്നത്. അദ്ദേഹം നിര്‍മിച്ച് നല്‍കിയ അത്താണി ജുമുഅ മസ്ജിദ്, നെട്ടൂര്‍ ജുമുഅ മസ്ജിദ്, തേവര ജുമുഅ മസ്ജിദ് എന്നീ പള്ളികളിലെ നോമ്പ് തുറക്കുള്ള ഭക്ഷണമാണ് ഇക്കുറിയും പതിവ് തെറ്റിക്കാതെ എം.എ യൂസഫലി എത്തിച്ച് നല്‍കുന്നത്.

ചില പള്ളികളില്‍ 800ലധികം ആളുകള്‍ നോമ്പ് തുറയില്‍ പങ്കെടുക്കുന്നുണ്ട്. ദേശീയ പാതയോരത്ത് സ്ഥിതി ചെയ്യുന്ന നെട്ടൂര്‍ പള്ളിയാണ് നോമ്പ് കാലത്ത് വാഹനയാത്രികര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത്. എം.എ യൂസഫലി നിര്‍മാണം പൂര്‍ത്തീകരിച്ച് നല്‍കിയ നെട്ടൂര്‍ പള്ളിയില്‍ റമദാനിലുടനീളം നോമ്പ് തുറയ്ക്കാവശ്യമായ ഭക്ഷണം എത്തിക്കുന്നത് യൂസഫലിയാണ്.

വിമാനങ്ങളിലേക്ക് ഭക്ഷണം എത്തിക്കുന്ന ലുലു ഫ്‌ളൈറ്റ് കിച്ചനിലെ ഷെഫുമാരുടെ മേല്‍നോട്ടത്തില്‍ തയ്യാറാക്കുന്ന ഭക്ഷണ വിഭവങ്ങളാണ് എല്ലാ പള്ളികളിലേക്കും ഇഫ്താര്‍ വിരുന്നിനായി സജ്ജമാക്കുന്നത്. മസ്ജിദുകളിലെ നോമ്പ് തുറയ്ക്കാവശ്യമായ സഹായം മഹല്ല് കമ്മിറ്റികള്‍ എം.എ യൂസഫലിയോട് ആവശ്യപ്പെട്ട കാലം മുതല്‍ പതിവ് തെറ്റാതെയാണ് ഇവിടേക്കുള്ള സൗകര്യങ്ങളും ഒരുക്കുന്നത്.

കച്ചവടക്കാര്‍, ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ഥികള്‍ അടക്കം വിശുദ്ധ റമദാന്‍ മാസത്തില്‍ നോമ്പ് പിടിക്കുന്ന ഒരുപാട് വിശ്വാസികള്‍ക്ക് ആശ്വാസമായിട്ടാണ് എം.എ യൂസഫലിയുടെ ഇഫ്താര്‍ വിരുന്ന്. മനുഷ്യസ്‌നേഹിയായ യൂസഫലി സാഹിബിന്റെ ഇടപെടല്‍ എല്ലാ വര്‍ഷവും ഉണ്ടാവാറുള്ളതാണെന്നും വിശുദ്ധ മാസത്തില്‍ അനേകമായിരം ആളുകള്‍ക്ക് അദ്ദേഹം നല്‍കി വരുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ പ്രാര്‍ഥനകള്‍ എപ്പോഴുമുണ്ടാകുമെന്നും നെട്ടൂര്‍ ജുമ മസ്ജിദ് ചീഫ് ഇമാം മന്‍സൂര്‍ അലി ദാരിമി കാപ്പ് പ്രതികരിച്ചു.