25
Jul 2024
Wed
25 Jul 2024 Wed

കല്‍പ്പറ്റ: വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല മേഖലകിളിലുണ്ടായ ഇരുനൂറോളം പേരുടെ മരണത്തിനിടയാക്കിയ ഉരുള്‍പൊട്ടലില്‍ പ്രതികരണവുമായി വനംപരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍. ഇപ്പോള്‍ നടന്നത് മനുഷ്യനിര്‍മ്മിത ദുരന്തമാണെന്നും ഉരുള്‍പൊട്ടല്‍ സാധ്യത മുമ്പേ ചൂണ്ടിക്കാണിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാറിന് ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ല. പരിസ്ഥിതി നശീകരണത്തിന് സര്‍ക്കാര്‍ തന്നെ ഒത്താശ ചെയ്യുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സര്‍ക്കാരില്‍ പ്രതീക്ഷയില്ലെന്നും ജനകീയ മുന്നേറ്റമാണ് പരിസ്ഥിതി സംരക്ഷണത്തിന് ആവശ്യമെന്നും മാധവ് ഗാഡ്ഗില്‍ വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിലൂടെ തന്റെ വാക്കുകള്‍ ജനങ്ങള്‍ ഏറ്റെടുക്കുന്നത് സ്വാഗതാര്‍ഹമാണെന്ന് അദ്ദേഹം സ്വകാര്യചാനലിനോട് പറഞ്ഞു.

വയനാട് ഉരുള്‍പൊട്ടലിന് പിന്നാലെ മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടും അദ്ദേഹത്തിന്റെ വാക്കുകളും സമൂഹമാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയായ സാഹചര്യത്തിലാണ് പ്രതികരണം.

2013ല്‍ മാധവ് ഗാഡ്ഗില്‍ തന്റെ പഠന റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച പരിസ്ഥിതി ലോല പ്രദേശങ്ങളുടെ ലിസ്റ്റില്‍ വയനാടും മേപ്പാടിയും ഉണ്ട്. പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ പാനലിന്റെ റിപ്പോര്‍ട്ട് പ്രകാരമാണ് പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ മേപ്പാടി ഉള്‍പ്പെട്ടിരിക്കുന്നത്. മാധവ് ഗാഡ്ഗില്‍ അധ്യക്ഷനായ സമിതി അതിന്റെ റിപ്പോര്‍ട്ടില്‍ പശ്ചിമഘട്ടത്തിലുടനീളമുള്ള പരിസ്ഥിതിലോല പ്രദേശങ്ങളും മേഖലകളും തരംതിരിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇന്നും ഇത് നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല.

മുമ്പും ഉരുള്‍പ്പൊട്ടലുണ്ടായപ്പോഴെല്ലാം ഗാഡ്ഗിലിന്റെ പ്രവചനങ്ങള്‍ ചര്‍ച്ചയായിരുന്നു. 2020 ഓഗസ്റ്റ് 6ന് രാത്രി, രാജമല പെട്ടിമുടിയില്‍ 66 പേരുടെ ജീവനെടുത്ത പെട്ടിമുടി ദുരന്തത്തിന് ശേഷം ഗാഡ്ഗില്‍ പറഞ്ഞത് ഇങ്ങനെ:
‘എന്നെ തള്ളി പറഞ്ഞവര്‍ സുരക്ഷിതരായി, സുഖമായി ജീവിക്കുന്നു. എനിക്കെതിരെ തെരുവില്‍ ഇറക്കപ്പെട്ട പാവങ്ങള്‍ ഇന്ന് മണ്ണിനടിയിലും. ഇനിയെങ്കിലും എന്നെ വിശ്വസിക്കൂ…’

ഗാഡ്ഗിലിനെ കേട്ടിരുന്നെങ്കില്‍ ഇത്തരമൊരു ദുരന്തത്തെ അഭിമുഖീകരിക്കേണ്ടി വരില്ലായിരുന്നുവെന്ന അഭിപ്രായം ശക്തമാണ്.

മാധവ് ഗാഡ്ഗിലിന്റെ റിപ്പോര്‍ട്ടിനെക്കുറിച്ച് ഗൗരവതരമായി ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് നടി രചന നാരായണന്‍ കുട്ടിയും പറഞ്ഞു. പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതിയെക്കുറിച്ച് അടിയന്തര ശ്രദ്ധയും നടപടിയും ആവശ്യപ്പെടുന്ന ഒരു സുപ്രധാന രേഖയാണ് മാധവ് ഗാഡ്ഗില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്. ജൈവവൈവിധ്യങ്ങളുടെ കലവറയായ പശ്ചിമ ഘട്ടത്തെ സംരക്ഷിക്കുന്നതിനുള്ള വിദഗ്ധമായ പഠനം നടത്തിയതിനു ശേഷം മാധവ് ഗാഡ്ഗില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിക്കാതെ ഇരിക്കുന്നത് മാനവരാശിയോടുള്ള ക്രൂരതയാണെന്നു രചന പറയുന്നു

പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള രണ്ടാം യുപിഎ മന്ത്രിസഭയുടെ കാലത്താണ് പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ച് പഠിക്കാനായി കമ്മറ്റിയെ നിയമിച്ചത്. 2010 മാര്‍ച്ചില്‍ അന്നത്തെ കേന്ദ്ര വനംപരിസ്ഥിതി മന്ത്രിയായിരുന്ന ജയറാം രമേശാണ് മാധവ് ഗാഡ്ഗിലിന്റെ നേതൃത്വത്തിലുള്ള 14 അംഗ വിദഗ്ദ്ധസമിതിയെ ഇതിനായി നിയോഗിച്ചത്. പശ്ചിമഘട്ടത്തിന്റെ സംരക്ഷണമാണ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ കാതലും പശ്ചാത്തലവും.