ലഖ്നൗ: ഒരു വീഡിയോ പങ്കുവച്ചതിന് ഒരു വ്യക്തിയെയും അനിശ്ചിതകാലത്തേക്ക് ജയിലിലടക്കാന്‍ സാധിക്കില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. (Madhyapradesh HC grant bail to lecture in video sharing case) പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ വാട്ട്സ്ആപ്പില്‍ വീഡിയോ പങ്കുവെച്ചതിന് അറസ്റ്റിലായ കോളേജ് അധ്യാപിക ഡോ. നഷീം ബാനോയ്ക്ക് ജാമ്യം അനുവദിച്ചുകൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം.
|
മതവികാരം വ്രണപ്പെടുത്തുന്ന വീഡിയോ കോളേജ് വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ഫോര്‍വേഡ് ചെയ്തുവെന്നും സ്റ്റാറ്റസ് ഇട്ടുവെന്നും ആരോപിച്ചാണ് അധ്യാപികക്കെതിരെ കേസെടുത്തത്. മധ്യപ്രദേശ് ഹൈക്കോടതിയിലെ ജസ്റ്റിസ് അവനീന്ദ്ര കുമാര്‍ സിങ് ആണ് നഷീം ബാനോയ്ക്ക് ജാമ്യം അനുവദിച്ചത്. വീഡിയോ ഫോര്‍വേഡ് ചെയ്തുവെന്നതിന് ദീര്‍ഘകാല തടവ് ശിക്ഷാ അനുവഭവിക്കേണ്ട ആവശ്യമില്ലെന്ന് കോടതി പറഞ്ഞു.
ഡിന്‍ഡോറിയിലെ ഗവണ്‍മെന്റ് മോഡല്‍ കോളേജില്‍ ഗസ്റ്റ് ഫാക്കല്‍റ്റിയായി ജോലി ചെയ്തിരുന്ന ഡോ. നഷീം ബാനോയ്ക്കെതിരെ ഭാരതീയ ന്യായ സംഹിതയുടെ സെക്ഷന്‍ 196, 299 എന്നിവ പ്രകാരമാണ് കേസെടുത്തത്. ജനവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നതിനും മതവിശ്വാസങ്ങളെ മനപൂര്‍വ്വം അപമാനിക്കുന്നതിനും ചുമത്തുന്ന വകുപ്പുകളാണിവ.
പഹല്‍ഗാം സംഭവത്തിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം അധ്യാപിക ഒരു വീഡിയോ വാട്ട്സ്ആപ്പ് സ്റ്റാറ്റസ് ആക്കുകയും കോളേജ് ഗ്രൂപ്പിലേക്ക് പങ്കുവെക്കുകയും ചെയ്തു. ‘നയാ രാവണ്‍’ എന്ന പേരിലാണ് വീഡിയോ ഫോര്‍വേഡ് ചെയ്തത്. മുസ്ലിംകളെ ജയ്ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിക്കുന്ന വീഡിയോ ആണ് അധ്യാപിക ഷെയര്‍ ചെയ്തത്. പിന്നാലെ ദീപേന്ദ്ര ജോഗി എന്ന വ്യക്തി അവര്‍ക്കെതിരെ പരാതി നല്‍കുകയായിരുന്നു.
ഏപ്രില്‍ 30 ന് വിചാരണ കോടതി അവര്‍ക്ക് ജാമ്യം നിഷേധിച്ചു. തുടര്‍ന്ന് അദ്ധ്യാപിക ഹൈക്കോടതിയെ സമീപിച്ചു. ഡോ. നഷീം ബാനോ നല്ല വിദ്യാഭ്യാസമുള്ള ഒരു സ്ത്രീയാണെന്നും മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അവരുടെ അഭിഭാഷകര്‍ വാദിച്ചു.
പക്ഷേ മതപരമായ കലാപം സൃഷ്ടിക്കാന്‍ ഡോ. നഷീം ബാനോ മനപൂര്‍വ്വം സന്ദേശങ്ങളും വീഡിയോകളും കൈമാറിയെന്ന് ആരോപിച്ച് സംസ്ഥാന സര്‍ക്കാര്‍ ജാമ്യത്തെ എതിര്‍ക്കുകയായിരുന്നു. എന്നാല്‍, വീഡിയോ പങ്കുവയ്ക്കുന്നത് ദീര്‍ഘകാലം ജയിലില്‍ കിടക്കാന്‍ മാത്രമുള്ള കുറ്റമല്ലെന്ന് കോടതി നിരീക്ഷിച്ചു.





