മുംബൈ: മഹാരാഷ്ട്രയില്‍ എംഎല്‍എമാര്‍ മറുകണ്ടം ചാടന്നത് ഒഴിവാക്കാന്‍ തകൃതിയായ നീക്കങ്ങളുമായി മുന്നണികള്‍. (Maharashtra, Jharkhand election result: Helecopters and resosrts booked) എക്സിറ്റ് പോളില്‍ മഹായുതിക്ക് മുന്‍തൂക്കം പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തില്‍എംഎല്‍എമാരെ ഹോട്ടലിലേക്കു മാറ്റാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്നണിയായ മഹാ വികാസ് അഘാഡി തീരുമാനിച്ചു.
|
അതേസമയം ബിജെപി മുന്നണിയായ മഹായുതി എംഎല്‍എമാരെ കൊണ്ടുപോകാന്‍ ഹെലികോപ്റ്റര്‍വരെ സജ്ജമാക്കിയതായാണ് റിപോര്‍ട്ട്. 288 മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് ഭൂരിപക്ഷത്തിന് 145 സീറ്റ് വേണം.
തൂക്ക് സഭ വരുന്ന സാഹചര്യമുണ്ടായാല്‍ എംഎല്‍എമാര്‍ മറുകണ്ടം ചാടാതിരിക്കാനുള്ള നീക്കങ്ങളാണ് മുന്നണികള്‍ പയറ്റുന്നത്. പണമിറക്കിയുള്ള കളികള്‍ മുന്നില്‍ക്കണ്ട് എല്ലാ പാര്‍ട്ടികളും ജാഗ്രതയിലാണ്.
ആരാണ് മുഖ്യമന്ത്രിയാകേണ്ടത് എന്നകാര്യത്തില്‍ ഇരുമുന്നണികളിലും ആശയക്കുഴപ്പമുണ്ടെന്നാണ് സൂചന. മഹായുതിക്ക് ഭൂരിപക്ഷം കിട്ടിയാല്‍ ഫഡ്നവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് നിലവിലെ വിവരങ്ങള്‍. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി ഏകനാഥ് ഷിന്ദെ അവകാശവാദമുന്നയിച്ചാല്‍ പ്രതിസന്ധിയിലാകും.
ഫലമറിഞ്ഞാലുടന്‍ സര്‍ക്കാരുണ്ടാക്കുന്നതില്‍ കാലതാമസമുണ്ടാകാതിരിക്കാന്‍ അശോക് ഗെലോട്ട്, ഭൂപേഷ് ബാഗേല്‍, ജി. പരമേശ്വര എന്നിവരെ നിരീക്ഷകരായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിയോഗിച്ചു. ഡി.കെ ശിവകുമാറിനാണ് എംഎല്‍എമാരെ ഒന്നിച്ച് നിര്‍ത്താനുള്ള ചുമതല.
കോണ്‍ഗ്രസ് ഭരണമുള്ള കര്‍ണാടകയിലെ ബെംഗളൂരു, തെലങ്കാന എന്നിവിടങ്ങളിലാണ് മഹാവികാസ് അഘാഡി എംഎല്‍എമാര്‍ക്കായി റിസോര്‍ട്ട് ബുക്ക് ചെയ്തിരിക്കുന്നത്.





