25
Jul 2025
Tue
25 Jul 2025 Tue
acupuncture death

മലപ്പുറം: മലപ്പുറം പാങ്ങില്‍ ഒരു വയസുകാരന്‍ മരച്ചത് മഞ്ഞപ്പിത്തത്തിന് തക്ക സമയത്ത് ചികില്‍സ നല്‍കാത്തത് കൊണ്ടെന്ന് വ്യക്തമായി. തലച്ചോറിലെ ഞരമ്പുകള്‍ പൊട്ടിയതാണ് മരണകാരണമന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മഞ്ഞപ്പിത്തം തലച്ചോറിനെ ബാധിച്ചെച്ച് ഞരമ്പുകളില്‍ നീര്‍ക്കെട്ടുണ്ടായതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മലപ്പുറം കോട്ടക്കല്‍ പാങ്ങ് സ്വദേശികളായ ഹിറ ഹറീറയുടെയും നവാസിന്റെയും മകന്‍ എസന്‍ എര്‍ഹാനാണ് മരിച്ചത്. കുട്ടിയുടെ മരണത്തിന് പിന്നാലെ, മാതാപിതാക്കള്‍ മതിയായ ചികിത്സ നല്‍കാഞ്ഞതാണ് മരണത്തിലേക്ക് നയിച്ചതെന്ന് നാട്ടുകാര്‍ ആരോപിച്ചിരുന്നു. എന്നാല്‍, കുടുംബം ഇത് നിഷേധിച്ചു.

ഇതേ തുടര്‍ന്ന് സംഭവത്തില്‍ വ്യക്തത വരുത്താന്‍ ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. കുഞ്ഞിന്റെ ബന്ധുക്കള്‍ ഈ ആരോപണ നിഷേധിച്ചതോടെ കുഞ്ഞിന്റെ മയ്യിത്ത് ഖബറില്‍ നിന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തുകയായിരുന്നു.

ALSO READ: വിഎസിന്റെ നില അതീവ ഗുരുതരം; മെഡിക്കല്‍ ബോര്‍ഡ് യോഗം ഉടന്‍

കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരത്തോടെ കോട്ടക്കലിലെ വീട്ടില്‍വെച്ചാണ് കുഞ്ഞ് മരിച്ചത്. കുറച്ചുദിവസങ്ങളായി കുഞ്ഞിന് മഞ്ഞപ്പിത്തം ഉണ്ടായിരുന്നതായാണ് വിവരം. എന്നാല്‍, രോഗം മൂര്‍ഛിച്ചിട്ടും കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനോ ഏതെങ്കിലും തരത്തിലുള്ള ആധുനിക ചികിത്സ നല്‍കാനോ മാതാപിതാക്കള്‍ തയ്യാറായില്ല.

കുഞ്ഞിന് മഞ്ഞപ്പിത്തം ഇല്ലായിരുന്നുവെന്നും പാലുകുടിച്ചുകൊണ്ടിരുന്ന കുഞ്ഞ് പെട്ടെന്ന് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു എന്നുമാണ് മാതാപിതാക്കള്‍ ആദ്യം ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നത്. പിന്നാലെ, ഒരു ഡോക്ടര്‍ വീട്ടിലെത്തി പരിശോധിച്ച് മരണം സ്ഥിരീകരിച്ചുവെന്നും, കുഞ്ഞിനെ കോട്ടക്കലിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നുവെന്നും അടക്കം വ്യത്യസ്തമായ മൊഴികളാണ് അവരുടെ ഭാഗത്ത് നിന്ന് ഉണ്ടായത്.

എന്നാല്‍, കുഞ്ഞിന് മഞ്ഞപ്പിത്തം ഉണ്ടായിരുന്നതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. പിന്നീട് കുഞ്ഞിന് നേരത്തേ മഞ്ഞപിത്തമുണ്ടായിരുന്നുവെന്ന് മാതാപിതാക്കള്‍ തന്നെ പൊലിസിന് മൊഴി നല്‍കി. അസുഖം മാറിയതാണെന്നാണ് പൊലിസിനോട് ഇവര്‍ പറഞ്ഞത്.

കുഞ്ഞിന്റെ മാതാപിതാക്കള്‍ അശാസ്ത്രീയ ചികിത്സാരീതികളെ പ്രോത്സാഹിപ്പിക്കുന്നവരാണ് എന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു പരാതി ഉയര്‍ന്നിരുന്നത്. കുഞ്ഞിനെ മഴ നനയിക്കുന്നതടക്കമുള്ള ചികിത്സാരീതികള്‍ ഇവര്‍ നടത്തിയിരുന്നതായാണ് വിവരം. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞതോടെ കുഞ്ഞിന്റെ സ്ഥിതി അതീവഗുരുതരമായിട്ടും ആശുപത്രിയിലേക്ക് മാറ്റാന്‍ മാതാപിതാക്കള്‍ തയ്യാറായില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വൈകുന്നേരത്തോടെ കുഞ്ഞ് മരണത്തിന് കീഴടങ്ങി.

കുഞ്ഞിന്റെ മാതാവ് ഹിറ ഒരു അക്യുപഞ്ചറിസ്റ്റ് കൂടിയാണ്. വീട്ടിലെ പ്രസവത്തെയടക്കം അനുകൂലിക്കുന്നതും ആശുപത്രിയില്‍ പ്രസവിക്കുന്നവരെ വിമര്‍ശിക്കുകയും ചെയ്യുന്ന തരത്തിലുള്ള പോസ്റ്റുകള്‍ ഹിറ സമൂഹമാധ്യമങ്ങളിലടക്കം പങ്കുവെച്ചിരുന്നു. ആധുനിക ചികില്‍സാ രീതികള്‍ മുഴുവന്‍ പണം പിടുങ്ങാനുള്ള തട്ടിപ്പ് മാത്രമാണെന്നാണ് ഇവരുടെ വാദം.

2024 ഏപ്രില്‍ 24-നാണ് എസന്‍ ജനിച്ചത്. വീട്ടിലാണ് ഹിറയുടെ പ്രസവം നടന്നത്. ഒരുവയസായിട്ടും കുഞ്ഞിന് ഇതുവരെയും യാതൊരുതരത്തിലുള്ള പ്രതിരോധ കുത്തിവെപ്പും മാതാപിതാക്കള്‍ നല്‍കിയിരുന്നില്ല.