27
Mar 2023
Tue
27 Mar 2023 Tue

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മലപ്പുറം: ജില്ലയിലെ പെരിന്തൽമണ്ണയ്ക്കടുത്തുള്ള തിരുമാന്ധാംകുന്ന് ക്ഷേത്ര വളപ്പിലെ കെട്ടിടത്തിന് ഉപയോഗിച്ച പച്ചനിറം ഹിന്ദു ഐക്യവേദി ഇടപെട്ട് മറ്റൊരു നിറമാക്കി. ഹിന്ദു ഐക്യവേദി ഉൾപ്പെടെയുള്ള സംഘടനകളുടെ പ്രതിഷേധത്തിനു പിന്നാലെയാണ് അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്ര വളപ്പിലെ കെട്ടിടത്തിന്റെ പെയിന്റ് മാറ്റി ചന്ദന കളറാക്കിയത്.

ഈ മാസം 28 നാണ് വള്ളുവനാടിന്റെ ദേശോത്സവമായ അങ്ങാടിപ്പുറം പൂരം തുടങ്ങുന്നത്. പൂരത്തിന് മുന്നോടിയായി ക്ഷേത്രം പെയിന്റ് അടിച്ചത് ആണ് ഹിന്ദു സംഘടനകൾ വിവാദമാക്കിയത്. ഓഫീസും വഴിപാട് കൗണ്ടറും ഉൾപ്പെടുന്ന കെട്ടിടം പച്ച പെയിന്റ് അടിച്ചു എന്ന് ആയിരുന്നു ആക്ഷേപം.

ക്ഷേത്ര വളപ്പിലുള്ള കെട്ടിടത്തിന് പച്ച പെയിന്റ് അടിച്ചത് സംഘ്പരിവാർ അനുകൂലികൾ വിവാദമാക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളിൽ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികല കെ.പി അടക്കമുള്ളവർ കുറിപ്പുകളുമായി രംഗത്തുവരുകയും ചെയ്തു.

മലബാർ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രമാണ് തിരുമാന്ധാംകുന്ന്. ഹിന്ദുഐക്യവേദി പ്രതിനിധികൾ പച്ച പെയിൻറ് മാറ്റണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം അധികൃതർക്ക് നിവേദനം നൽകി ‘പെയിൻറ് മാറ്റുമെന്നു തന്നെ പ്രതീക്ഷിക്കുന്നു. അല്ലെങ്കിൽ പച്ചപ്പകൽ ഞങ്ങൾ പരസ്യമായി പെയിൻറ് മാറ്റിയടിക്കും. എനിക്ക് പെയിൻറിങ് അറിയില്ല. എന്നാലും ഞാനുണ്ടാകും മുന്നിൽ’ എന്നാണ് കെ.പി ശശികല പറഞ്ഞത്.