അരുണാചലില്‍ മലയാളികളുടെ മരണം: മൂന്നുപേരും വിദ്യാസമ്പന്നരായ അന്ധവിശ്വാസികള്‍, മറ്റുള്ളവരുമായി ബന്ധമില്ല; വിശദ അന്വേഷണത്തിന് പോലീസ്
|
തിരുവനന്തപുരം: അരുണാചല്‍ പ്രദേശില്‍ മലയാളി ദമ്പതികളുടേയും സുഹൃത്തായ അധ്യാപികയുടേയും മരണവുമായി ബന്ധപ്പെട്ട ദുര്‍മന്ത്രവാദ ആരോപണത്തില്‍ അന്വേഷണത്തിന് പൊലിസ്. ദുര്‍മന്ത്രവാദവുമായി ബന്ധപ്പെട്ട് ബന്ധുക്കളും നാട്ടുകാരും ഉന്നയിച്ച കാര്യങ്ങളും മരിച്ചവരുടെ ഫോണ്‍ വിവരങ്ങളും പൊലിസ് പരിശോധിക്കും. കഴിഞ്ഞ ദിവസമാണ് കോട്ടയം മീനടം സ്വദേശി നവീന്‍ തോമസ് (35), ഭാര്യ ദേവി (35), സുഹൃത്ത് ആര്യ (29) എന്നിവരെ അരുണാചല്‍ തലസ്ഥാനമായ ഇറ്റാനഗറിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആര്യയെ കഴിഞ്ഞ മാസം 27 മുതല്‍ കാണാനില്ലായിരുന്നു.
സംഭവത്തില്‍ മരണാനന്തര ജീവിതത്തിലുള്ള വിശ്വാസമാണോയെന്ന സംശയത്തിലാണ് പോലീസ്. മരിച്ചവര്‍ അവസാനമായി ഇന്റര്‍നെറ്റില്‍ നടത്തിയ തിരച്ചിലുകളും ആത്മഹത്യാക്കുറിപ്പുമെല്ലാം ഇതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. മരിച്ച ദേവിയും ആര്യയും തമ്മിലുള്ള പിരിയാനാകാത്ത സൗഹൃദമാണോ ഒരുമിച്ചുള്ള മരണത്തിനു പിന്നിലെന്നും പോലീസ് സംശയിക്കുന്നുണ്ട്.
നവീനും ഭാര്യ ദേവിയും സുഹൃത്ത് ആര്യയും അവസാന ദിവസങ്ങളില്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞത് മരണാനന്തര ജീവിതത്തെപ്പറ്റിയാണ്. ഇവരുടെ ഫോണ്‍രേഖകള്‍ പരിശോധിച്ചപ്പോഴാണ് പോലീസ് ഈ വിവരം കണ്ടെത്തിയത്. മരണാനന്തരം എന്തു സംഭവിക്കും, അതു സംബന്ധിച്ചുള്ള ആധ്യാത്മിക കാര്യങ്ങള്‍, ശരീരത്തിനു സംഭവിക്കുന്ന മാറ്റങ്ങള്‍ തുടങ്ങിയവയെല്ലാം തിരച്ചിലില്‍ വന്നിട്ടുണ്ട്. ദേവി പുനര്‍ജന്‍മത്തില്‍ വിശ്വസിക്കുന്നുവെന്ന് സുഹൃത്തുക്കളോട് പറഞ്ഞിട്ടുണ്ട്. അടുത്തകാലത്തായി ഇത്തരം വിശ്വാസങ്ങള്‍ കൂടുതലായിരുന്നുവെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ശരീരത്തില്‍നിന്നു രക്തം വാര്‍ന്നുള്ള മരണവും അന്ധവിശ്വാസത്തിന്റെ ഭാഗമാണെന്നാണ് സംശയിക്കുന്നത്. മരിച്ച ആര്യയ്ക്കും നാട്ടില്‍ വലിയ സൗഹൃദങ്ങളൊന്നുമുണ്ടായിരുന്നില്ല. ദേവിക്കും നവീനും കുറേനാളായി മറ്റുള്ളവരുമായി ബന്ധമില്ലായിരുന്നു. ഇവര്‍ മൂന്നുപേരും തമ്മില്‍ മാത്രമാണ് അടുത്തകാലത്തായി ആശയവിനിമയം നടത്തിയിരുന്നത്.
സന്തോഷത്തോടെ ജീവിച്ചു, ഇനി പോകുന്നു എന്ന് എഴുതിയ കുറിപ്പ് വീട്ടില്‍ നിന്ന് ലഭിച്ചിരുന്നു. ശരീരത്തില്‍ വ്യത്യസ്തതരത്തിലുള്ള മുറിവുകളുണ്ടാക്കി രക്തംവാര്‍ന്നാണ് എല്ലാവരുടെയും മരണം. മരണത്തിന് പിന്നില്‍ ബ്ലാക്ക് മാജിക് (ദുര്‍മന്ത്രവാദം) ആണെന്ന സംശയത്തിലാണ് നാട്ടുകാരും പൊലിസും. ഇതിലേക്ക് വിരല്‍ ചൂണ്ടുന്ന സൂചനകളും നവീന്റെ ഫോണില്‍ നിന്ന് അരുണാചല്‍പ്രദേശ് പൊലിസ് കണ്ടെത്തിയിട്ടുണ്ട്. മരണാനന്തര ജീവിതത്തെക്കുറിച്ച് ഇവര്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്. ഇതടക്കമുള്ള കാര്യങ്ങള്‍ വിശദമായി അന്വേഷിക്കാനാണ് കേരള പൊലിസിന്റെ തീരുമാനം.
ഇന്നലെ രാത്രിയോടെ വട്ടിയൂര്‍ക്കാവ് പൊലിസ് അരുണാചല്‍പ്രദേശിലേക്ക് യാത്രതിരിച്ചിരുന്നു. ഇന്ന് ഇറ്റാനഗറിലെ ഹോട്ടലില്‍ എത്തുന്ന കേരളാ പൊലിസ് വിശദമായ പരിശോധന നടത്തും. ഇതിനുശേഷമായിരിക്കും മൃതദേഹം നാട്ടിലെത്തിക്കുക.
ആര്യ തിരുവനന്തപുരത്തെ സ്വകാര്യ സ്‌കൂളില്‍ അധ്യാപികയായിരുന്നു. ആര്യയെ കാണാതായതുമായി ബന്ധപ്പെട്ട് വട്ടിയൂര്‍ക്കാവ് പൊലിസ് അന്വേഷിക്കുന്നതിനിടെ സഹ അധ്യാപികയായിരുന്ന ദേവി, ഭര്‍ത്താവ് നവീന്‍ എന്നിവരെ കോട്ടയം മീനടത്തുനിന്ന് കാണാതായ കാര്യം ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മൂവരും തിരുവനന്തപുരത്ത് നിന്ന് ഒരേവിമാനത്തില്‍ ഗുവാഹത്തിയിലേക്ക് പോയതായി വിവരം ലഭിച്ചു. അന്വേഷണം തുടരുന്നതിനിടെയാണ് ഇറ്റാനഗറിലെ ഹോട്ടല്‍മുറിയില്‍ മൂവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്.
ദുര്‍മന്ത്രവാദം പ്രോത്സാഹിപ്പിക്കുന്ന ചില വെബ്‌സൈറ്റുകളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ കുറേമാസങ്ങളായി ഇവര്‍ ജീവിച്ചിരുന്നതെന്ന വിവരം ബന്ധുക്കളില്‍നിന്ന് പോലീസില്‍ ലഭിച്ചിരുന്നു. ജീവിതവിരക്തി, സമൂഹത്തോടു പ്രതിബദ്ധതയില്ലായ്മ തുടങ്ങിയ ആശയങ്ങളാണ് ഇവര്‍ പിന്തുടര്‍ന്നിരുന്നത്. ചില ആരാധനകളിലൂടെയുള്ള നിര്‍വാണമാണ് ഇവര്‍ തിരഞ്ഞിരുന്നത്. ആയുര്‍വേദ ഡോക്ടര്‍മാരായിരുന്ന നവീനും ദേവിയും ജോലിയുപേക്ഷിച്ചതും ഇത്തരം ആശയങ്ങളുടെ പിന്നാലെ പോയതിനാലാണെന്നാണ് കരുതുന്നത്. ഒന്നരവര്‍ഷമായി ആരോടും സംസാരിക്കാതെ നവീന്‍ മുറിയടച്ചിരിക്കാറുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു. ദേവിയുടെയും ആര്യയുടെയും ബന്ധുക്കളാണ് ഇതുസംബന്ധിച്ച സൂചനകള്‍ പോലീസിനു നല്‍കിയത്.
സ്‌കൂളില്‍ ഒരുമിച്ച് പഠിപ്പിച്ചിരുന്നപ്പോഴാണ് ദേവിയും ആര്യയും അടുത്ത സുഹൃത്തുക്കളായത്. ദേവി ജര്‍മനും ആര്യ ഫ്രഞ്ചുമാണ് പഠിപ്പിച്ചിരുന്നത്.വിദേശഭാഷകള്‍ പഠിപ്പിച്ചിരുന്ന ഇവര്‍ തമ്മിലായിരുന്നു സ്‌കൂളിലും അടുത്ത സൗഹൃദമുണ്ടായിരുന്നത്. ശുഭാപ്തിവിശ്വാസത്തോടെ ഇടപെട്ടിരുന്ന ഇരുവരും നല്ല അധ്യാപകരായാണ് സ്‌കൂളിലും അറിയപ്പെട്ടിരുന്നത്.ആര്യയെ കാണാനില്ലെന്ന വിവരം വീട്ടുകാര്‍ പരാതിപ്പെട്ടപ്പോഴാണ് സ്‌കൂള്‍ അധികൃതരും അറിഞ്ഞത്. ആര്യയുടെ വിവാഹം നിശ്ചയിച്ചതിനുപിന്നാലെയുള്ള കൂട്ടമരണത്തില്‍ ഇവര്‍ക്കു തമ്മില്‍ വേര്‍പിരിയാനുള്ള വിഷമമാണോയെന്നും പരിശോധിക്കുന്നുണ്ട്.
malayali couple and teacher death in arunachal pradesh updates





