എസിയുടെ കംപ്രസര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് ഗുരുതരമായി പൊള്ളലേല്‍ക്കുകയും മരണത്തിനു കീഴടങ്ങുകയും ചെയ്ത മലയാളി ഡ്രൈവറുടെ വേര്‍പാടിന്റെ വേദന താങ്ങാനാവാതെ സ്‌പോണ്‍സറായ സൗദി പൗരന്‍. നിലവില്‍ നല്‍കി വന്നിരുന്ന ശമ്പളം യുവാവിന്റെ കുടുംബത്തിന് തന്റെ മരണം വരെ അയച്ചുനല്‍കുമെന്നും സ്‌പോണ്‍സര്‍ വ്യക്തമാക്കി. തൊടുപുഴ സ്വദേശിയും എറണാകുളം പറവൂര്‍ മാഞ്ഞാലിയില്‍ താമസക്കാരനുമായ കണിയാംപറമ്പില്‍ സിയാദ് ബഷീര്‍ ആണ് കഴിഞ്ഞ ദിവസം അപകടത്തില്‍ മരിച്ചത്.
|
ഏഴ് വര്‍ഷമായി റിയാദില്‍ സൗദി പൗരന്റെ വീട്ടിലെ ഡ്രൈവര്‍ ആയിരുന്നു സിയാദ്.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് താമസസ്ഥലത്ത് വിശ്രമിക്കുമ്പോഴാണ് എസിയുടെ കംപ്രസര്‍ പൊട്ടിത്തെറിച്ച് സിയാദിനു ഗുരുതരമായി പൊള്ളലേറ്റത്. ചികില്‍സയിലിരിക്കെ ഞായറാഴ്ച ഉച്ചയോടെ യുവാവ് മരിക്കുകയും ചെയ്തു.
സിയാദിനെ മകനെപ്പോലെ കരുതിയ സ്‌പോണ്‍സറുടെ ആഗ്രഹപ്രകാരം റിയാദിലായിരുന്നു ഖബറടക്കം. ഹയ്യൂല്‍ സലാം മഖ്ബറയിലെ ഖബറിലിറങ്ങി മയ്യിത്ത് മറവുചെയ്യാനും വയോധികനായ സ്‌പോണ്‍സര്‍ തയ്യാറായി. മയ്യിത്ത് ഖബറടക്കിയ ശേഷം തന്റെ വീട്ടില്‍ സിയാദിനെ അനുസ്മരിക്കുന്ന ചടങ്ങും നടത്തി.
മകനെപ്പോലെ അല്ല, മകന്‍ തന്നെയായിരുന്നു സിയാദെന്നും മകന്‍ നഷ്ടപ്പെട്ടാല്‍ ഉണ്ടാവുന്ന പ്രയാസമാണ് താനിപ്പോള്‍ അനുഭവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സിയാദിന്റെ വീട്ടുകാര്‍ക്ക് അവരുടെ മകന് പകരമാവില്ലെങ്കിലും, താന്‍ ജീവിച്ചിരിക്കുന്ന കാലംവരെ അവന് നല്‍കിയിരുന്ന ശമ്പളം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


