കോയമ്പത്തൂര്‍: ശ്രീലങ്കയിലെ റേഡിയോ സിലോണിന്റെ മലയാളം പരിപാടികളുടെ അവതാരക സരോജിനി ശിവലംഗം അന്തരിച്ചു. 89 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
|
പാലക്കാട് കൊടുവായൂരിനടുത്തുള്ള കാക്കയൂര്‍ എന്ന ഗ്രാമത്തില്‍ നിന്നാണു സരോജിനി ലോകം മുഴുവന്‍ കേള്‍ക്കുന്ന മലയാളി ശബ്ദമായി വളര്‍ന്നത്. ശ്രീലങ്കക്കാരനായ ആര്‍.ആര്‍ ശിവലിംഗത്തെ വിവാഹം കഴിച്ച് എഴുപതുകളുടെ തുടക്കത്തിലാണ് ശ്രീലങ്കയില്‍ താമസം തുടങ്ങിയത്.
സരോജിനിയുടെ അച്ഛന്‍ ഡിഫന്‍സ് അക്കൗണ്ട്‌സില്‍ ഡപ്യൂട്ടി കണ്‍ട്രോളര്‍ ആയിരുന്നതിനാല്‍ കുട്ടിക്കാലം മുഴുവന്‍ സരോജിനി ചെലവഴിച്ചത് ഉത്തരേന്ത്യന്‍ നഗരങ്ങളിലാണ്. സ്‌കൂള്‍ ഫൈനല്‍ പാസായത് കൊടുവായൂരിലെ സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നാണ്. കോളജ് വിദ്യാഭ്യാസം കോയമ്പത്തൂരിലും ചെന്നൈയിലുമായി പൂര്‍ത്തിയാക്കി. മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ ബിഎ ഓണേഴ്‌സിനു പഠിക്കുമ്പോഴാണ് ശ്രീലങ്ക സ്വദേശി ആര്‍.ആര്‍.ശിവലിംഗം ജിവിതത്തിലേക്കു കടന്നുവന്നത്.
ശ്രീലങ്കയിലായിരിക്കെ യാദൃച്ഛികമായി റേഡിയോയില്‍ കേട്ട മലയാളം പരിപാടിയില്‍ ആകൃഷ്ടയാവുകയും പിന്നീട് റേഡിയോ അവതാരകയായി തെരഞ്ഞെടുക്കപ്പെടുകയുമായിരുന്നു. അക്കാലത്ത് ദിവസവും അരമണിക്കൂറായിരുന്നു റേഡിയോയില്‍ മലയാളം പരിപാടി.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ശ്രോതാക്കളുടെ കത്തുകളുടെ അവതരണവും നാട്ടിലുള്ള കുടുംബാംഗങ്ങള്‍ക്കായി സന്ദേശ ഗാനങ്ങള്‍ അവതരിപ്പിക്കുന്നതും ടെലിഫോണ്‍ പ്രചാരത്തിലില്ലാതിരുന്ന അക്കാലത്ത് ഏറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി.
മാരിവില്ല്, രാഗസംഗമം, ശബ്ദലഹരി, വനിതാരംഗം തുടങ്ങിയ ഒട്ടേറെ റേഡിയോ പരിപാടികള്‍ക്ക് തുടക്കമിട്ട സരോജിനിക്ക്് ലോകമെമ്പാടും വലിയ ആരാധകരുണ്ടായിരുന്നു. 1983ല്‍ ശ്രീലങ്കയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടതോടെ കുടുംബമായി നാട്ടിലേക്ക് മടങ്ങി. അതിന് ശേഷം കോയമ്പത്തൂര്‍ താമസിച്ചുവരികയായിരുന്നു.
മക്കള്‍: ഇരട്ടക്കുട്ടികളായ ശ്രീധരന്‍ (യുഎസ്), പരേതനായ ദാമോദരന്‍, രോഹിണി. മരുമക്കള്‍: അര്‍ഷിണി, രാധിക.
Malayali voice that sounded on Radio Ceylon Sarojini Shivalingam dies
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





