തിരുവനന്തപുരം: മല്ലു ഹിന്ദു ഓഫീസേഴ്സ് വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത് കെ.ഗോപാലകൃഷ്ണന്‍ ഐഎഎസിന്റെ ഫോണില്‍ നിന്ന് തന്നെയെന്ന് വാട്‌സാപ്പ് ഉടമസ്ഥരായ മെറ്റയുടെ മറുപടി. (Mallu Hindu officers whatsapp group created from Gopalakrishnan phone) എന്നാല്‍, ഹാക്കിംഗ് നടന്നോ എന്ന ചോദ്യത്തിന് മെറ്റ വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. കൂടുതല്‍ വിശദീകരണം തേടി പൊലീസ് വീണ്ടും മെറ്റയ്ക്കും ഗൂഗിളിനും കത്തയച്ചിട്ടുണ്ട്.
|
അതേസമയം, വാട്‌സ്ആപ് ഗ്രൂപ്പുണ്ടാക്കിയത് ഗോപാലകൃഷ്ണന്‍ തന്നെയാണെന്നാണ് പൊലീസിന്റെ നിഗമനം. ഗ്രൂപ്പുകളുടെ സ്‌ക്രീന്‍ഷോട്ടെടുത്ത് കേന്ദ്ര ഡെപ്യൂട്ടേഷന് ഗോപാലകൃഷ്ണന്‍ ശ്രമം നടത്തിയെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
വാട്സ്ആപ്പ് വിവാദത്തിന് പിന്നാലെ സംഭവത്തില്‍ വ്യക്തത തേടി സൈബര്‍ പൊലീസ് കഴിഞ്ഞ ദിവസമാണ് മെറ്റയ്ക്ക് കത്തയച്ചത്. ഗ്രൂപ്പ് ഉണ്ടാക്കിയത് ഗോപാലകൃഷ്ണന്റെ ഫോണില്‍ നിന്നാണോ എന്നായിരുന്നു ആദ്യത്തെ ചോദ്യം.
ഇതിനാണ് അതെ എന്ന് മറുപടി ലഭിച്ചിരിക്കുന്നത്. ഹാക്കിംഗ് നടന്നോ എന്ന ചോദ്യത്തിന് മെറ്റ മറുപടി പറഞ്ഞില്ല. തുടര്‍ന്ന് ഇതേ ചോദ്യമാവര്‍ത്തിച്ച് സിറ്റി പൊലീസ് കമ്മിഷണറുടെ പേരില്‍ വീണ്ടും കത്തയച്ചിട്ടുണ്ട്. ഇതില്‍ വ്യക്തത വന്നാല്‍ മാത്രമേ ഗോപാലകൃ്ഷണന്റെ പരാതിയില്‍ കേസെടുക്കണോ വേണ്ടയോ എന്ന് പൊലീസിന് തീരുമാനിക്കാനാകൂ.
പൊലീസിന്റെ കസ്റ്റഡിയിലുള്ള ഫോണ്‍ ഇന്ന് ഫൊറന്‍സിക് പരിശോധനക്ക് അയക്കും. വിവരങ്ങല്‍ ഡിലീറ്റ് ചെയ്ത് ഫോണ്‍ ഫാക്ടറി റീസെറ്റ് ചെയ്ത നിലയിലാണ്. കഴിഞ്ഞ ദിവസം കെ. ഗോപാലകൃഷ്ണനില്‍ നിന്ന് പൊലീസ് മൊഴിയെടുത്തിരുന്നു. ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടെന്ന നിലപാട് ഗോപാലകൃഷ്ണന്‍ ആവര്‍ത്തിക്കുകയാണ് ചെയ്തത്.
മെറ്റയില്‍ നിന്നും ഗൂഗിളില്‍ നിന്നും വിവരം ലഭിക്കുന്ന മുറയ്ക്ക് കൂടുതല്‍ നടപടികളിലേക്ക് കടക്കാനാണ് പൊലീസിന്റെ തീരുമാനം.
കഴിഞ്ഞ ദിവസമാണ് ഹിന്ദു ഉദ്യോഗസ്ഥരുടെ പേരില്‍ ഗ്രൂപ്പ് പ്രത്യക്ഷപ്പെട്ടത്. സംസ്ഥാനത്തെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരായിരുന്നു ഗ്രൂപ്പ് അംഗങ്ങള്‍.
ഗ്രൂപ്പിലേക്ക് ആഡ് ചെയ്തതിനു പിന്നാലെ ചില ഉദ്യോഗസ്ഥര്‍ കെ. ഗോപാലകൃഷ്ണനോട് നേരിട്ട് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ ഗ്രൂപ്പ് ഡിലീറ്റ് ചെയ്തു. 11 ഐഎഎസ് ഉദ്യോഗസ്ഥരാണ് ഗ്രൂപ്പിലുണ്ടായിരുന്നത്.
തുടര്‍ന്ന് ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടതാണെന്നും കോണ്ടാക്ട് ലിസ്റ്റിലുള്ളവരെ ഉള്‍പ്പെടുത്തി ആരോ ഗ്രൂപ്പ് ഉണ്ടാക്കിയതാണെന്നും വിശദീകരിച്ച് ഉദ്യോഗസ്ഥര്‍ക്ക് ഗോപാലകൃഷ്ണന്‍ ഓഡിയോ സന്ദേശം അയച്ചു. ഫോണ്‍ ഹാക്ക് ചെയ്‌തെന്നു കാണിച്ച് സൈബര്‍ പൊലീസിനു പരാതിയും നല്‍കി.
ഹാക്ക് ചെയ്തവര്‍ ‘മല്ലു മുസ്‌ലിം ഓഫിസേഴ്‌സ്’എന്ന പേരില്‍ മറ്റൊരു ഗ്രൂപ്പുമുണ്ടാക്കിയെന്നും കോണ്‍ടാക്ട് ലിസ്റ്റിലുള്ളവരെ ഉള്‍പ്പെടുത്തി ആകെ 11 ഗ്രൂപ്പുകളുണ്ടാക്കിയെന്നുമാണ് ഗോപാലകൃഷ്ണന്‍ പറയുന്നത്. ചീഫ് സെക്രട്ടറി ശാരദ മുരളീധരനെ നേരില്‍ക്കണ്ടും ഗോപാലകൃഷ്ണന്‍ വിശദീകരണം നല്‍കിയിരുന്നു.





