കൊൽക്കത്ത: നാട്ടിലേക്ക് മടങ്ങിവരുന്ന ബംഗാളി കുടിയേറ്റ തൊഴിലാളികൾക്ക് മാസം 5000 രൂപ പ്രഖ്യാപിച്ചു പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. മന്ത്രിസഭായോഗത്തിനു ശേഷമാണ് പ്രഖ്യാപനം. നാട്ടിൽ ജോലി കണ്ടെത്തുന്നതിനു വേണ്ടി ഒരു വർഷത്തേക്ക് ആയിരിക്കും ധന സഹായം.
|
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ബംഗാളികൾക്ക് എതിരെ വ്യാപകമായി ആക്രമണം നടക്കുന്ന സാഹചര്യത്തിൽ ആണ് മമതയുടെ പ്രഖ്യാപനം.
വിവിധ സംസ്ഥാനങ്ങളിൽ 2700 കുടുംബാംഗങ്ങളാണ് ആക്രമണം നേരിട്ടതെന്നു മമത പറഞ്ഞു. പീഡനം ഭയന്ന് പതിനായിരത്തോളംപേർ ഇതിനകം സംസ്ഥാനത്ത് മടങ്ങിയെത്തിയിട്ടുണ്ട്. മടങ്ങുന്നവർക്ക് യാത്രാസൗകര്യമൊരുക്കുകയും എത്തിയാലുടൻ അയ്യായിരം രൂപ നൽകുകയും ചെയ്യും. തുടർന്ന്, ഒരുവർഷത്തേക്ക് എല്ലാമാസവും അയ്യായിരം വെച്ച് നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കൂടാതെ കുടിയേറ്റ തൊഴിലാളികളെ പുനരധിവസിപ്പിക്കുന്ന പദ്ധതിയും മമത പ്രഖ്യാപിച്ചു. ഇങ്ങനെbതിരിച്ചെത്തുന്ന തൊഴിലാളികൾക്ക് നൈപുണിപരിശീലനം നൽകി തൊഴിൽ കണ്ടെത്തിക്കൊടുക്കും. ഇവർക്ക് പ്രത്യേക തൊഴിൽകാർഡ് ലഭ്യമാക്കും. ‘ശ്രമശ്രീ’ എന്ന പേരിലുള്ള പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന കുടിയേറ്റത്തൊഴിലാളികൾക്ക് സർക്കാരിന്റെ ഭക്ഷ്യ, ആരോഗ്യ സുരക്ഷാ പദ്ധതികളിലും അംഗമാകാൻ കഴിയും. സംസ്ഥാനത്തിനുപുറത്ത് ജോലിചെയ്യുന്ന 22,40,000 തൊഴിലാളികൾക്കും ഈ ആനുകൂല്യങ്ങൾ ലഭിക്കും. തൊഴിൽ വകുപ്പായിരിക്കും ഇതിന്റെ നോഡൽ വകുപ്പ് എന്നും മമത അറിയിച്ചു.
Mamata announces to bengali migrant workers to receive monthly aid of Rs 5000 on return to state.





