ഉത്തര്‍പ്രദേശിലെ ബിജിനോറില്‍ ഹോളി ആഘോഷത്തിനിടെ ഇരുചക്രവാഹനത്തില്‍ പോവുകയായിരുന്ന മുസ്‌ലിംകളായ പുരുഷനും രണ്ടു സ്ത്രീകള്‍ക്കുമെതിരേ ഹിന്ദുത്വരുടെ അതിക്രമം. വാഹനം തടഞ്ഞുനിര്‍ത്തി യുവാവിന്റെയും സ്ത്രീകളിലൊരാളുടെയും മുഖത്ത് ബലമായി ചായം പൂശുകയും വാഹനത്തിലിരിക്കുന്ന സ്ത്രീകള്‍ക്കു നേരെ കളര്‍ വെള്ളം സ്‌പ്രേ ചെയ്യുകയുമായിരുന്നു അക്രമികള്‍.(man arrested after video shows holi revellers harassing Muslim women)
|
തങ്ങളുടെ മേല്‍ കളര്‍വെള്ളം സ്‌പ്രേ ചെയ്യുന്നത് സ്ത്രീകള്‍ ചോദ്യം ചെയ്‌തെങ്കിലും അക്രമികള്‍ പിന്‍മാറിയില്ല. ഇതിനു ശേഷം പുരുഷന്റെ മുഖത്തും സ്ത്രീകളില്‍ ഒരാളുടെ മുഖത്തും അക്രമികള്‍ ചായം തേച്ചു. പ്രതിഷേധിച്ച സ്ത്രീകളോട് ഇത് 70 വര്‍ഷം പഴക്കമുള്ള പാരമ്പര്യമാണെന്നായിരുന്നു യുവാക്കളുടെ മറുപടി. ബൈക്ക് മുന്നോട്ട് നീങ്ങുമ്പോള്‍ ജയ് ശ്രീറാം എന്ന് അക്രമികള്‍ ആക്രോശിക്കുകയും ചെയ്തു.
സംഭവത്തിന്റെ വീഡിയോ പ്രചരിക്കുകയും പ്രതിഷേധമുയരുകയും ചെയ്തതോടെ പൊലീസ് രംഗത്തെത്തി. ധാംപൂര്‍ പൊലീസ് സ്റ്റേഷന്‍ മേഖലയിലാണ് സംഭവം നടന്നതെന്ന് കണ്ടെത്തിയ പൊലീസ് പ്രതികളെ തിരിച്ചറിയുകയും അനിരുദ്ധ് എന്നയാളെ അറസ്റ്റ് ചെയ്യുകയും പ്രായപൂര്‍ത്തിയാവാത്ത മൂന്ന് ആണ്‍കുട്ടികളെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. ഹോളി ആഘോഷത്തിനിടെ ആരെയും ബുദ്ധിമുട്ടിക്കരുതെന്നും ആരുടെ ദേഹത്തും ബലമായി ചായം പൂശരുതെന്നും ബിജിനോര്‍ പൊലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ നീരജ് ജദൗന്‍ പറഞ്ഞു.





