06
Oct 2023
Mon
06 Oct 2023 Mon

വീടിന്‍റെ അടുക്കളയില്‍ വന്‍ തോതില്‍ ചാരായം വാറ്റി വില്‍പ്പന നടത്തിയിരുന്ന മാന്യനായ യുവാവ് പിടിയിൽ. കോട്ടയം പയ്യപ്പാടി വെണ്ണിമല കേന്ദ്രീകരിച്ച് ചാരായം വിൽപന നടത്തിയിരുന്ന മൂലകുന്നേൽ ജോർജ് റപ്പേൽ (42) ആണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടിൽ നിന്ന് രണ്ട് ലീറ്റർ ചാരായവും 300 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോട്ടയം എക്സൈസ് സ്പെഷൽ സ്ക്വാഡ് ഇൻസ്പെക്ടർ അൽഫോൻസ് ജേക്കബും സംഘവുമാണ് പ്രതിയെ പിടികൂടിയത്. ഇയാൾ സഞ്ചരിച്ച എൻഫീൽഡ് ബൈക്കും എക്സൈസ് കസ്റ്റഡിയിലെടുത്തു. വീടിനുള്ളിലാകെ സാമ്പ്രാണി കത്തിച്ച് സു​ഗന്ധം പരത്തിയും ആളുകളോട് നന്നായി പെരുമാറിയുമായിരുന്നു ആർക്കും സംശയം തോന്നാതെ ഇയാൾ ചാരായവിൽപ്പന നടത്തിയിരുന്നത്.

കഴിഞ്ഞ രണ്ട് വർഷമായി ജോര്‍ജ് സ്വന്തം വീടിന്റെ അടുക്കളയിൽ 10 ലിറ്ററിന്റെ കുക്കറുകളിൽ വാറ്റുപകരണം ഘടിപ്പിച്ച് വലിയ അളവില്‍ ചാരായം വാറ്റ് നടത്തിയിരുന്നു. ആയുർവേദ പച്ചമരുന്നുകള്‍ ചേർത്തുണ്ടാക്കുന്ന ചാരായം സ്പൂൺ ഉപയോഗിച്ച് കോരി കത്തിച്ച് നോക്കിയാണ് ഇയാള്‍ ഗാഢത ഉറപ്പുവരുത്തിയിരുന്നത്. ലീറ്ററിന് 800 രൂപ നിരക്കിലായിരുന്നു വില്‍പ്പന.

ചാരായം വാറ്റുമ്പോൾ മണം മനസിലാകാതിരിക്കാൻ സാമ്പ്രാണി പുകച്ചാണ് അയൽക്കാരെ ഇത്രയും കാലം ജോര്‍ജ് കബളിപ്പിച്ചിരുന്നത്. അതിനാല്‍ നാട്ടുകാര്‍ക്ക് ആര്‍ക്കും സംശയവും തോന്നിയില്ല. മാത്രവുമല്ല പൊതുജനങ്ങളോട് മാന്യമായ പെരുമാറ്റം ആയിരുന്നതിനാൽ ഇത്രയും കാലം ഇയാൾ പിടിക്കപ്പെട്ടില്ല.

എക്സൈസ് സ്പെഷൽ സ്ക്വാഡ് ഉദ്യോഗസ്ഥർ കഴിഞ്ഞ കുറെ ദിവസങ്ങളിലായി പ്രതിയെ നിരീക്ഷിച്ച് വരികയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസം ഡ്രൈ ഡേ ആയതിനാൽ വൻ വിൽപന പ്രതീക്ഷിച്ച് ശർക്കരയും പഞ്ചസാരയും മറ്റ് സുഗന്ധ ദ്രവ്യങ്ങളും ഇയാൾ വാങ്ങുന്നതായി എക്സൈസിന് വിവരം ലഭിച്ചിരുന്നു.

തുടര്‍ന്ന് ഓട്ടോ റിക്ഷക്കാരന്റെ വേഷത്തിലെത്തിയ എക്സൈസ് സംഘത്തിന് ആളറിയാതെ പ്രതി തന്‍റെ എൻഫീൽഡ് ബൈക്കിലെത്തി ചാരായം കൊടുത്തതോടെയാണ് തൊണ്ടിമുതലടക്കം ജോര്‍‌ജ് പിടിയിലായത്. പിന്നാലെ ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വീടിന്റെ അടുക്കളയിൽ നിന്നും ചാരായവും ചാരായം വാറ്റുന്നതിനുള്ള കോടയും പ്രഷർ കുക്കറും വാറ്റുപകരണങ്ങളും എക്സൈസ് കണ്ടെടുത്തു.

പിടിയിലായ ശേഷവും ഇയാളുടെ ഫോണിലേക്ക് ചാരായം അന്വേഷിച്ച് നിരവധി കോളുകളാണ് വന്നത്. ഈ നമ്പരുകള്‍ കേന്ദ്രീകരിച്ചും എക്സൈസ് അന്വേഷണം നടത്തും. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും അന്വേഷണ സംഘം അറിയിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക