വയനാട്: ലോട്ടറി വില്‍പ്പനയുടെ മറവില്‍ സ്‌കൂള്‍ കുട്ടികള്‍ക്കടക്കം നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ സ്‌കൂട്ടറില്‍ കൊണ്ടുനടന്നു വില്‍പ്പന നടത്തുന്ന ആളെ കേണിച്ചിറ പോലീസ് അറസ്റ്റ് ചെയ്തു. മണല്‍വയല്‍ ആയപ്പുള്ളിയില്‍ വീട്ടില്‍ ഷിന്റുവാണ്(46)അറസ്റ്റിലായത്.
|
വയനാട് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം കഴിഞ്ഞ ഒരാഴ്ചയായി നടത്തുന്ന പ്രത്യേക പരിശോധനയിലാണ് അതിരാറ്റുകുന്ന് സ്‌കൂളിന് മുന്‍വശത്ത് നിന്ന് പ്രതിയെ കേണിച്ചിറ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ഇ. കെ. ബാബുവും സംഘവും പിടികൂടിയത്. പ്രതി സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിലും ധരിച്ചിരുന്ന ഓവര്‍കോട്ടിലും ലോട്ടറി ടിക്കറ്റുകള്‍ സൂക്ഷിച്ചിരുന്ന ബാഗിലെ രഹസ്യ അറയിലുമായാണ് പുകയില പാക്കറ്റുകള്‍ ഒളിപ്പിച്ചിരുന്നത്.
ആവശ്യക്കാര്‍ ഫോണ്‍ ചെയ്യുന്ന സമയം പുകയില ഉല്‍പ്പന്നങ്ങള്‍ അവരുടെ സമീപത്ത് എത്തിച്ച് നല്‍കിയിരുന്ന പ്രതി ഒരു പാക്കറ്റിന് 100 രൂപയാണ് ഈടാക്കിയിരുന്നത്. പ്രതിയില്‍ നിന്ന് 63 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളും 7445 രൂപയും സ്‌കൂട്ടറും പോലീസ് പിടിച്ചെടുത്തു.സ്‌കൂളിന് സമീപമാണ് വില്പന എന്നതിനാല്‍ ഇതുമായി ബന്ധപ്പെട്ട് കോട്പ നിയമത്തിലെ വകുപ്പുകളും കേരള പോലീസ് ആക്ടിലെ വകുപ്പുകളും ചേര്‍ത്താണ് പ്രതിക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എഎസ്‌ഐ. വേണു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ശിവദാസന്‍ എന്നിവര്‍ പോലീസ് സംഘത്തിലുണ്ടായിരുന്നു.