30
May 2023
Wed
30 May 2023 Wed

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രതിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഡോക്ടർ വന്ദനക്ക് കുത്തേറ്റത് ആറ് തവണ. കാലിലെ മുറിവിൽ മരുന്ന് വെക്കുന്നതിനിടെ ആശുപത്രിയിലെ കത്രിക കൈക്കലാക്കിയായിരുന്നു പ്രതിയുടെ ആക്രമണം. ഈ സമയം പൊലീസുകാർ സമീപത്തുണ്ടായിരുന്നു. പ്രതിയുടെ പരാക്രമത്തിൽ ആശുപത്രിയിലെ ഗാർഡും പൊലീസുകാരും ഉൾപ്പെടെ നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ക്രൂരകൃത്യം നടത്തിയ പ്രതി സന്ദീപ് (42) നെടുമ്പനയിലെ യു.പി സ്‌കൂൾ അധ്യാപകനാണ്. പൂയപ്പിള്ളിയിലെ അടിപിടിക്കേസിലാണ് ഇയാളെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നത്. തുടർന്ന് ഇന്ന് പുലർച്ചെ നാലരയോടെ സന്ദീപിനെ വൈദ്യപരിശോധനക്ക് ആശുപത്രിയിൽ എത്തിച്ചു. ഡോക്ടർ വന്ദന ദാസ്, ആശുപത്രി ഗാർഡായ മണിലാൽ, ഹോം ഗാർഡ് ആയ അലക്‌സ് കുട്ടി എന്നിവർക്കാണു കുത്തേറ്റത്. പിന്നാലെ സ്വകാര്യ ആശുപത്രിയിൽ വച്ച് ഡോക്ടർ മരിച്ചു.

കോട്ടയം കുറുപ്പന്തറ സ്വദേശിയായ ഡോ. വന്ദന ദാസ് (22) കൊല്ലം അസീസിയ മെഡിക്കൽ കോളജിലെ വിദ്യാർഥിയാണ്. പട്ടാളമുക്ക് കാളീപറമ്പിൽ മോഹൻദാസിൻറെ ഏക മകളാണ്.

ലഹരിക്കടിമപ്പെട്ട സന്ദീപ് (42) മുമ്പും അക്രമകാരിയായിട്ടുണ്ട്. ലഹരിക്ക് അടിമയാണെന്ന കാരണത്താൽ നേരത്തെ ജോലിയിൽ നിന്ന് സസ്‌പെൻഷനിലായിരുന്നു ഇയാൾ. ഡീ അഡിക്ഷൻ സെന്ററിൽനിന്ന് അടുത്തിടെയാണ് ഇറങ്ങിയത്. വീടിന് അടുത്തുള്ളവരുമായി നടത്തിയ അടിപിടിയിൽ സന്ദീപിന് കാലിനു മുറിവേറ്റിരുന്നു. തുടർന്ന് സന്ദീപിനെ കൊട്ടാരക്കര ആശുപത്രിയിലെത്തിച്ച് മുറിവ് തുന്നിക്കെട്ടുന്നതിനിടെ സന്ദീപ് അവിടെയുണ്ടായിരുന്ന കത്രികയെടുത്ത് ഡോക്ടറെ കുത്തുകയായിരുന്നു.