നാല്‍പ്പതോളം രാജ്യങ്ങളിലായി നൂറിലധികം പേരെ ജീവനൊടുക്കാന്‍ സഹായിച്ച 58 കാരനായ ഷെഫിനെതിരെ കൊലക്കുറ്റം ചുമത്തി. കാനഡിലെ ഒന്റാറിയോ സ്വദേശിയായ കെന്നത് ലോയ്ക്കെതിരെയാണ് കൊലക്കുറ്റം ചുമത്തിയത്. ജീവനൊടുക്കാനായി ആളുകള്‍ക്ക് ഓണ്‍ലൈന്‍ സ്റ്റോര്‍ വഴി ഇയാള്‍ മാരകവിഷവസ്തുക്കള്‍ വിറ്റിരുന്നുവെന്ന് പോലീസ് പറയുന്നു. 2020 മുതലാണ് ഇയാള്‍ വിഷം വിറ്റുവന്നിരുന്നത്. 40ലധികം രാജ്യങ്ങളിലേക്ക് ഇവയെത്തിയിരുന്നതായും പോലീസ് കണ്ടെത്തി.
|
ഈ രാജ്യങ്ങളിലായി 1200 പാക്കേജുകളാണ് ഇയാള്‍ അയച്ചിരുന്നത്. അതില്‍ 160 പാക്കേജുകളും കാനഡയില്‍ തന്നെയായിരുന്നു വിറ്റഴിച്ചത്. യുകെയില്‍ 272 പേരാണ് കെന്നത്തില്‍ നിന്നും ഈ ഉല്‍പ്പന്നങ്ങള്‍ വാങ്ങിയത്. അതില്‍ 88 പേര്‍ മരിക്കുകയും ചെയ്തതായി യുകെ നാഷണല്‍ ക്രൈം ഏജന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നു.
മൂന്ന് ഭൂഖണ്ഡങ്ങളിലായി നൂറിലധികം പേരെ ജീവനൊടുക്കാന്‍ കെന്നത്ത് സഹായിച്ചുവെന്നാണ് അന്വേഷണ എജന്‍സികള്‍ നല്‍കുന്ന റിപ്പോര്‍ട്ട്. കാനഡയില്‍ മാത്രമല്ല അമേരിക്ക, ഇറ്റലി ആസ്ട്രേലിയ, ന്യൂസിലാന്റ് എന്നിവിടങ്ങളിലും കെന്നത്തിന്റെ ഉല്‍പ്പന്നങ്ങള്‍ എത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. അതേസമയം കേസില്‍ താന്‍ നിരപരാധിയാണെന്ന നിലപാടാണ് കെന്നത്ത് ലോ സ്വീകരിച്ചത്. തനിക്കെതിരെയുള്ള ആരോപണങ്ങളും ഇയാള്‍ തള്ളി. തന്റെ ഉല്‍പ്പന്നങ്ങള്‍ വാങ്ങി ആളുകള്‍ ചെയ്യുന്ന കാര്യത്തിന് താന്‍ ഉത്തരവാദിയല്ല എന്നും കെന്നത്ത് പറയുന്നു.


