23
Aug 2022
Wed
23 Aug 2022 Wed

ലൈം​ഗികബന്ധത്തിനു വിസമ്മതിക്കുന്ന ഭാര്യയെ കൊന്ന് നവവരൻ മൃതദേഹം വനത്തിൽ തള്ളി. ബം​ഗളുരുവിലാണ് സംഭവം. 28കാരനായ പ്രത്വിരാജ് ആണ് ഭാര്യ ജ്യോതികുമാരിയെ കൊലപ്പെടുത്തിയത്.  9 മാസം മുമ്പാണ് ഇരുവരും വിവാഹിതരായത്. ബിഹാർ സ്വദേശിയായ പൃത്വിരാജ് 15 വർഷമായി ബം​ഗളുരുവിലാണ് താമസം. ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളുടെ വിൽപ്പനയാണ് യുവാവ് ചെയ്തുവന്നിരുന്നത്. 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

ഈ മാസം അഞ്ചിന് പൊലീസ് സ്റ്റേഷനിലെത്തിയ യുവാവ് ഭാര്യയെ കാണാനില്ലെന്നു പരാതി നൽകിയിരുന്നു. ഇതുസംബന്ധിച്ച പൊലീസ് അന്വേഷണമാണ് കുറ്റകൃത്യത്തിന്റെ ചുരുളഴിച്ചത്. 

 

ജ്യോതി കുമാരി തന്നോട് ഡൽഹിയിലേക്ക് മാറാൻ നിർബന്ധിച്ചിരുന്നുവെന്നും എന്നാൽ ബം​ഗളുരുവിലാണ് വ്യാപാരം ചെയ്യുന്നത് എന്നതിനാൽ താനതിനു വിസമ്മതിച്ചിരുന്നുവെന്നും യുവാവ് പൊലീസിനോടു പറയുകയുണ്ടായി. ഇടയ്ക്ക് രണ്ടുതവണ വീട്ടിൽ നിന്നു പിണങ്ങിപ്പോയ ഭാര്യ വൈകീട്ടോടെ മടങ്ങിവന്നിരുന്നുവെന്നും എന്നാൽ ആ​ഗസ്ത് 3ന് പോയ ഭാര്യയെ കണ്ടെത്താനായില്ലെന്നുമാണ് ഇയാൾ പരാതിയിൽ പറഞ്ഞിരുന്നത്. ജ്യോതി കുമാരിയുടെ ഫോൺ സ്വച്ച്ഡ്ഓഫാണെന്നും ബന്ധുവീടുകളിലും സുഹൃത്തുക്കളുടെ വീടുകളിലും താൻ തിരഞ്ഞുചെന്നിരുന്നുവെന്നും യുവാവ് പറയുകയുണ്ടായി. 

 

അന്വേഷണത്തിൽ ദമ്പതികൾ ഇരുവരും നിരന്തരം വഴക്കടിച്ചിരുന്നതായി പൊലീസിനു വ്യക്തമായി. ചോദ്യംചെയ്യലിൽ ഇയാൾ പലതരം കഥകളാണ് പൊലീസിനോടു പറഞ്ഞത്. ഇതോടെ ഇയാളെ കസ്റ്റഡിയിലെടുത്തു വിശദമായി ചോദ്യംചെയ്തു. തുടർന്നാണ് കൊലപാതകവിവരം പുറത്താവുന്നത്. ജ്യോതികുമാരിക്ക് 38 വയസ്സുണ്ടായിരുന്നുവെന്നും താനുമായി ലൈം​ഗികബന്ധത്തിന് ഭാര്യ വിസമ്മതിച്ചിരുന്നതായും ഇയാൾ വ്യക്തമാക്കി. 

 

ഭാര്യ എപ്പോഴും ഫോണിൽ സംസാരിച്ചിരുന്നുവെന്നും ഇതു സംശയത്തിനു കാരണമായെന്നും യുവാവ് പറഞ്ഞു. ജ്യോതികുമാരി തന്നെയും കുടുംബത്തെയും പരിഹസിച്ചു സംസാരിച്ചു. ഇതോടെ കൊലപ്പെടുത്താൻ തീരുമാനിച്ചു. തുടർന്ന് ഉഡുപ്പി ജില്ലയിലെ മാൽപയിലേക്ക് യാത്രപോകാമെന്ന് പറഞ്ഞ് ആ​ഗസ്ത് ഒന്നിന് വീട്ടിൽ നിന്നിറങ്ങി. ഇരുവർക്കുമൊപ്പം സമിർ എന്ന സുഹൃത്തുമുണ്ടായിരുന്നു.

 

ബം​ഗളുരുവിൽ നിന്ന് തിരിച്ചുവരുന്ന വഴി ഷിറാദി ഘട്ടിൽ വാഹനം നിർത്തി പ്രിത്വിരാജും സമീറും പുറത്തിറങ്ങിയ ശേഷം ദുപ്പട്ട ഉപയോ​ഗിച്ച് ജ്യോതികുമാരിയെ കഴുത്തുഞെരിച്ചു കൊല്ലുകയായിരുന്നു. മൃതദേഹം വനത്തിൽ തള്ളിയ ശേഷം ഇരുവരും ബം​ഗളുരുവിൽ തിരികെയെത്തി. തുടർന്നാണ് ഇയാൾ ഭാര്യയെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി പൊലീസിനെ സമീപിച്ചത്.