02
May 2023
Fri
02 May 2023 Fri

വഴിയിൽ നിന്ന കാട്ടാനയെ ശല്യം ചെയ്ത യാത്രക്കാരനായ യുവാവ് അറസ്റ്റില്‍. തമിഴ്നാട് ധര്‍മപുരി സ്വദേശിയാണ് അറസ്റ്റിലായത്. ഇയാൾ ആനയെ ശല്യം ചെയ്യുന്ന വിഡിയോ പുറത്തുവന്നതോടെയാണ് തമിഴ്നാട് വനംവകുപ്പ് നടപടികളിലേക്ക് കടന്നത്. സമൂഹമാധ്യമങ്ങളിൽ ഇയാൾക്കെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. ഇതിനെ തുടർന്ന് ധർമപുരി ജില്ലാ ഫോറസ്റ്റ് ഓഫീസർ (ഡിഎഫ്‌ഒ) ഇയാളെ കസ്റ്റഡിയിലെടുത്തതായി ഐഎഎസ് ഓഫീസർ സുപ്രിയ സാഹ ട്വീറ്ററിലൂടെ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇയാൾ ആനയെ ശല്യം ചെയ്യുന്ന വീഡിയോ കഴിഞ്ഞ ദിവസം ഐഎഫ്‌എസ് ഓഫീസർ സാകേത് ബഡോല ട്വീറ്റ് ചെയ്തിരുന്നു. ട്വീറ്റിൽ ഇയാളെ ഒരു “വിഡ്ഢി” എന്നാണ് ബഡോല വിശേഷിപ്പിച്ചത്. റോഡരികിൽ വന്ന കാട്ടാനയെ പ്രകോപിപ്പിച്ചതിന് ഇയാളെ വിമർശിക്കുകയും ചെയ്തിരുന്നു. “ഇത്തരം പ്രകോപനപരമായ പ്രവർത്തി ചെയ്യുന്ന വിഡ്ഢികളെ സഹിക്കുക എളുപ്പമല്ല. അതുകൊണ്ടാണ് അവർ (ആനകൾ) സൗമ്യരായ ഭീമൻമാരായി ബഹുമാനിക്കപ്പെടുന്നത്”- എന്നായിരുന്നു ട്വീറ്റ്.

റോഡരികിൽ കുറ്റിക്കാട്ടിൽ നിൽക്കുന്ന കൊമ്പനാനയുടെ അടുത്തേക്ക് ഒരാൾ നടന്ന് അടുക്കുന്നത് വീഡിയോയില്‍ കാണാം. ഇതോടെ അസ്വസ്ഥത പ്രകടിപ്പിക്കുന്ന ആനയുടെ മുന്നിൽ ചെന്ന് നിന്ന് കൈകൾ ഉയർത്തി തൊഴുകയാണ് ഇയാള്‍. പരിഭ്രാന്തിയോടെ ആന പിന്നിലോട്ട് നീങ്ങുന്നുണ്ട്. എന്നാൽ ഇയാൾ ആനയുടെ മുന്നിൽ തന്നെ നിൽക്കുകയും അതിനെ ശല്യം ചെയ്യുന്നത് തുടരുകയുമാണ്. ഒരുവേള കാട്ടാന ആക്രമിക്കാൻ ഒരുങ്ങുന്നത് പോലെ മുന്നോട്ടു കുതിക്കാൻ തുടങ്ങുന്നതും വീഡിയോയിൽ വ്യക്തമായി കാണാം. അതിന് ശേഷം വീണ്ടും ഇയാള്‍ ആനയുടെ മുന്നിൽ നിന്ന് ചേഷ്ടകൾ കാണിക്കുന്നത് തുടർന്നു. ഒടുവിൽ ആനയെ താണുവണങ്ങിയ ശേഷമാണ് ഇയാൾ അവിടെ നിന്ന് പോയത്. അപ്പോഴും ആന ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്നുണ്ടായിരുന്നു.

സംഭവം വിവാദമായതോടെ, കേസിനെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ച സുപ്രിയ സാഹു ഇയാളെ അറസ്റ്റ് ചെയ്തതായി അറിയിച്ചു. “ഈ വ്യക്തിയെ അറസ്റ്റ് ചെയ്തു. കൊള്ളാം, ധർമപുരി ഡിഎഫ്ഒ. ഇത് മറ്റുള്ളവർക്ക് ഒരു പാഠമാകണം”- എന്നും ട്വീറ്റ് ചെയ്തു. ഇയാളുടെ അറസ്റ്റിനെ നിരവധി പേര്‍ സ്വാഗതം ചെയ്തിട്ടുമുണ്ട്.