22
Feb 2023
Thu
22 Feb 2023 Thu

കൊല്ലം: കലക്ടറേറ്റിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണിക്കത്തയച്ച കേസിൽ അറസ്റ്റിലായവർ മുമ്പും സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർ. മതിലില്‍ സ്വദേശി ഷാജന്‍ ക്രിസ്റ്റഫര്‍, അമ്മ കൊച്ചുത്രേസ്യ എന്നിവരാണ് ഭീഷണിക്കത്ത് അയച്ച് ഭീതി പരത്തിയത്. കൊല്ലം കലക്ടറേറ്റിൽ ബോംബ് വച്ചിട്ടുണ്ടെന്ന് പറഞ്ഞ് കഴിഞ്ഞയാഴ്ചയാണ് ഇവർ ഭീഷണിക്കത്തയച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എട്ടു വർഷം മുമ്പ് കൊല്ലം കെഎസ്ആർടിസിക്ക് സമീപത്തെ വേളാങ്കണ്ണി പള്ളി ബോംബ് വച്ച് തകര്‍ക്കുമെന്ന് ഇസ്‌ലാമിക് സ്റ്റേറ്റിന്‍റെ പേരിൽ ഷാജൻ ഭീഷണിക്കത്തെഴുതിയിരുന്നു. അന്നത്തെ പള്ളി വികാരിയോടുള്ള വിരോധമായിരുന്നു അത്തരമൊരു കത്തിനു പിന്നിൽ. സ്വന്തം പേരിലായിരുന്നു ഇയാള്‍ ഭീഷണികത്തുകള്‍ അയച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു.

അന്ന് ഇയാളെ പൊലീസ് സംശയിക്കാതിരുന്നതിനാൽ അറസ്റ്റ് ചെയ്തിരുന്നില്ല. എന്നാൽ ഇത്തവണ കൃത്യമായി തെളിവുകളോടെയാണ് പൊലീസ് ഷാജനെ പിടികൂടിയത്. കലക്ടറേറ്റ് ബോംബ് ഭീഷണിക്കത്ത് കേസിൽ അറസ്റ്റിലായ ഇവരുടെ വീട്ടിൽ നിന്ന് നിരവധി കത്തുകൾ പൊലീസ് കണ്ടെടുത്തു.

കലക്ടറേറ്റിലേക്ക് നിരവധി തവണ ഇവർ കത്തയച്ചിരുന്നതായാണ് വ്യക്തമാകുന്നത്. ഇതിൽ ചിലത് ബോംബ് ഭീഷണി സന്ദേശങ്ങളായിരുന്നു. നേരത്തേ എഴുതിയ നിരവധി ഭീഷണിക്കത്തുകളും ഇനി അയയ്ക്കാനായി വരാനിരിക്കുന്ന തീയതികൾ വച്ച് തയാറാക്കി വച്ചിരുന്ന ചില കത്തുകളും ഇയാളുടെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തു. പരിശോധനയിൽ ഏഴ് മൊബൈല്‍ ഫോണുകളും പെന്‍ഡ്രൈവുകളും ഹാര്‍ഡ് ഡിസ്‌കും പൊലീസ് കണ്ടെടുത്തു.

2016 ജൂണ്‍ 15ന് കൊല്ലം കലക്ടറേറ്റ് വളപ്പിലുണ്ടായ സ്ഫോടനത്തെക്കുറിച്ചുള്ള അന്വേഷണത്തിന്‍റെ ഭാഗമായാണ് പൊലീസ് കലക്ടറേറ്റിലേക്കുള്ള കത്തിടപാടുകൾ പരിശോധിച്ചത്. ഇതിൽ നിന്നാണ് ഷാജനും കൊച്ചുത്രേസ്യയും നിരന്തരം കത്തയച്ചിരുന്നതായി കണ്ടെത്തിയത്.

ഷാജൻ ഭീഷണിക്കത്ത് എഴുതുകയും അയയ്ക്കുകയും ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് അമ്മയ്ക്ക് അറിവുണ്ടായിരുന്നതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. കൊച്ചുത്രേസ്യയുടെ മൊബൈല്‍ ഫോണില്‍ നിന്നും കലക്ടറേറ്റിലേക്ക് അയച്ച കത്തിന്റെ ഫോട്ടോ പൊലീസ് കണ്ടെടുത്തു.

കഴിഞ്ഞദിവസത്തെ ഭീഷണിക്കത്ത് ഷാജന്റെ അമ്മയുടെ പേരിലായിരുന്നു. സാജൻ കത്ത് പോസ്റ്റ് ചെയ്തതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. സിവിൽ സ്റ്റേഷനിലെ ഏഴ് ഓഫീസുകളിൽ ബോംബ് സ്‌ഫോടനം ഉണ്ടാകുമെന്നാണ് ഭീഷണിക്കത്തിൽ ഉണ്ടായിരുന്നത്.

അതേസമയം, സംഭവത്തിൽ മറ്റാർക്കെങ്കിലും ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇതേ കൈയക്ഷരത്തിൽ 2019 മുതൽ പലതവണ കത്തുകൾ കലക്ടറേറ്റിലേക്ക് വന്നിട്ടുണ്ടെന്നാണ് കലക്ടറേറ്റിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.