31
Oct 2024
Thu
31 Oct 2024 Thu
Manaf apologies to Arjuns family after their allegation

തന്റെ ലോറിക്ക് അര്‍ജുന്റെ പേരിടുന്നില്ലെന്ന് ലോറിയുടമ മനാഫ്. ഷിരൂരില്‍ മണ്ണിടിച്ചില്‍ പെട്ടു മരിച്ച അര്‍ജുന്റെ പേര് തന്റെ ലോറിക്കിടാനുള്ള മനാഫിന്റെ നീക്കത്തിനെതിരേ അര്‍ജുന്റെ കുടുംബം രംഗത്തുവന്ന സാഹചര്യത്തിലാണ് മനാഫിന്റെ വിശദീകരണം. അര്‍ജുന്റെ കുടുംബം തനിക്കെതിരേ നടത്തിയ ഗുരുതര ആരോപണങ്ങള്‍ക്കു മറുപടി പറയാനായി സഹോദരനൊപ്പം വാര്‍ത്താസമ്മേളനം വിളിച്ചാണ് മനാഫ് ഇക്കാര്യം പറഞ്ഞത്. താന്‍ അര്‍ജുന്റെ പേരില്‍ പണപ്പിരിവ് നടത്തിയിട്ടില്ലെന്നും ആരോടും പണം വാങ്ങിയിട്ടില്ലെന്നും മനാഫ് വ്യക്തമാക്കി. ലോറിയുടെ രജിസ്‌ട്രേഷന്‍ തന്റെ സഹോദരന്‍ മുബീന്റെ പേരിലാണെന്നും എന്നാല്‍ ബിസിനസ് ചെയ്യുന്നത് തങ്ങള്‍ ഒരുമിച്ചാണെന്നും മനാഫ് വ്യക്തമാക്കി. ഇതു മുബീനും സ്ഥിരീകരിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തന്നെ ആദരിക്കാന്‍ മുക്കത്തെ സ്‌കൂള്‍ മാനേജ് മെന്റ് വിളിക്കുകയും പണം ഓഫര്‍ ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ തനിക്കു പണം വേണ്ടെന്ന് അവരോടു പറഞ്ഞെങ്കിലും അവര്‍ നിര്‍ബന്ധിച്ചതോടെ ഈ പണം അര്‍ജുന്റെ മകന്റെ പേരില്‍ ബാങ്കില്‍ ഇടാമെന്ന് കരുതി അര്‍ജുന്റെ വീട്ടില്‍ വിളിച്ച് മകന് ബാങ്ക് അക്കൗണ്ട് ഉണ്ടോയെന്ന് ചോദിച്ചിരുന്നു. ഇതു മാത്രമാണ് താന്‍ ചെയ്ത തെറ്റ്. ആരുടെ കൈയില്‍ നിന്നും പണം വാങ്ങിയിട്ടില്ല. അങ്ങനെ തെളിയിച്ചാല്‍ തന്നെ കല്ലെറിഞ്ഞുകൊന്നോളാനും മനാഫ് ആവര്‍ത്തിച്ചു. ഈ സമയം മാത്രമേ എന്തെങ്കിലും പണം അര്‍ജുന്റെ കുടുംബത്തിന് ലഭിക്കുകയുള്ളൂ. അതിനാലാണ് അവര്‍ നല്‍കാമെന്നു പറഞ്ഞ പണം അര്‍ജുന്റെ മകന്റെ പേരില്‍ ബാങ്കിലിടാന്‍ ആഗ്രഹിച്ചത്. ഇക്കാര്യം അവരെ വേദനിപ്പിച്ചെങ്കില്‍ മാപ്പ് ചോദിക്കുന്നു. മുക്കത്തെ സ്‌കൂളിന്റെ ആദരവ് ഏറ്റുവാങ്ങാന്‍ പോയിരുന്നു. അവര്‍ വാഗ്ദാനം ചെയ്ത പണം താന്‍ വാങ്ങിയിട്ടില്ലെന്നും മനാഫ് പറഞ്ഞു.

അര്‍ജുന്‍ 75000 രൂപയും അതിനു മുകളിലും പണം ശമ്പളയിനത്തിലും കമ്മീഷന്‍ ഇനത്തിലും കൈപ്പറ്റിയിട്ടുണ്ട്. ഇതിന്റെ തെളിവ് അര്‍ജുന്‍ ഒപ്പിട്ട കണക്ക് ബുക്കില്‍ ഉണ്ട്. അര്‍ജുന് നല്ലൊരു തുക ഇന്‍ഷുറന്‍സ് ഇനത്തില്‍ കിട്ടണമെന്ന ആഗ്രഹത്തോടെയാണ് ഇക്കാര്യം മാധ്യമങ്ങള്‍ മുമ്പാകെ പറഞ്ഞത്.

അര്‍ജുന്റെ മൃതദേഹം കണ്ടെത്തുമ്പോള്‍ താന്‍ കരഞ്ഞത് നാടകമായിരുന്നില്ല. 72 ദിവസം ഒരാള്‍ക്കു വേണ്ടിയുള്ള തിരച്ചിലിന് ഫലം കണ്ടപ്പോഴുണ്ടായ വൈകാരിക പ്രതികരണമായിരുന്നു അത്. ഈശ്വര്‍ മാല്‍പ്പെയുമായി ചേര്‍ന്ന് നാടകം കളിച്ചുവെന്ന അര്‍ജുന്റെ കുടുംബത്തിന് ആരോപണം തള്ളിയ മനാഫ് നിങ്ങള്‍ക്കറിയാവുന്നതല്ലേ എല്ലാ കാര്യവും എന്നും അത് ഓപണായി നടന്ന കാര്യങ്ങളായിരുന്നുവല്ലോയെന്നും മനാഫ് മാധ്യമപ്രവര്‍ത്തകരോടു ചോദിച്ചു. മനോഹരമായ ഒരു പ്രവൃത്തിയെ അനാവശ്യമായ  ഇത്തരം വിവാദങ്ങളിലൂടെ നശിപ്പിക്കരുതെന്നും അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കരുതെന്നും അദ്ദേഹം മാധ്യമങ്ങളോട് അഭ്യര്‍ഥിച്ചു.

അര്‍ജുന്റെ ബൈക്ക് നന്നാക്കിയതിന് പണം നല്‍കിയത് അര്‍ജുന്‍ തന്നെയാണ്. അത് തങ്ങളാണ് നല്‍കിയതെന്നു പറഞ്ഞിട്ടില്ല. പണിയാന്‍ കൊടുത്ത വര്‍ക്ക് ഷോപ്പില്‍ വയ്ക്കാന്‍ ഇടമില്ലാത്തതിനാല്‍ എടുത്തുകൊണ്ടുപോവണമെന്ന് പറഞ്ഞത്‌കൊണ്ട് തങ്ങളുടെ ഓഫിസില്‍ കൊണ്ടുവന്നു വച്ചതാണെന്ന് മുബീന്‍ പറഞ്ഞു. ബൈക്ക് പണിതതു തങ്ങളാണെന്ന് ആരോടും പറഞ്ഞിട്ടില്ല. വ്‌ലോഗര്‍ വന്നപ്പോള്‍ ബൈക്ക് അര്‍ജുന്റേതാണെന്ന് പരിചയപ്പെടുത്തുകമാത്രമാണ് ചെയ്തത്. ഇത് ആ വീഡിയോ കണ്ടാല്‍ ബോധ്യപ്പെടാവുന്നതേയുള്ളൂവെന്നും അവര്‍ പറഞ്ഞു.

തന്റെ യുട്യൂബ് ചാനലില്‍ അര്‍ജുന്റെ ഫോട്ടോ വച്ചതിനെതിരേ കുടുംബം പരാതി പറഞ്ഞതിനാല്‍ അത് മാറ്റിയിട്ടുണ്ടെന്നും മനാഫ് പറഞ്ഞു. യൂട്യൂബ് ചാനല്‍ മോണിറ്റൈസ് ചെയ്തിട്ടില്ലെന്നും അതിനാല്‍ തനിക്ക് അതില്‍ നിന്ന് പണം ഉണ്ടാക്കാനാവില്ലെന്നും പതിനായിരം മാത്രം സബ്‌സ്‌ക്രൈബേഴ്‌സ് മാത്രമുണ്ടായിരുന്ന ആ ചാനലില്‍ ഇന്ന് രണ്ടരലക്ഷം കവിഞ്ഞിട്ടുണ്ടെന്നും ജനങ്ങള്‍ അത് ഏറ്റെടുക്കുകയായിരുന്നുവെന്നും മനാഫ് പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക