ഇംഫാൽ: രണ്ടുമാസത്തോളമായി മണിപ്പൂരിൽ തുടരുന്ന വംശീയ കലാപം അടിച്ചമർത്തുന്നതിൽ പരാജയപ്പെട്ട മണിപ്പുർ മുഖ്യമന്ത്രി ബിരേൻ സിങ് പുറത്തേക്ക്. ഉച്ചയ്ക്ക് ഗവർണറുമായി അദ്ദേഹം നടത്തുന്ന കൂടിക്കാഴ്ചയ്ക്കിടെ രാജിക്കത്ത് നൽകുമെന്നാണ് റിപ്പോർട്ട്. മണിപ്പുരിൽ സംഘർഷം നിയന്ത്രിക്കാൻ സാധിക്കാതെ വന്നതോടെയാണ് രാജിനീക്കം. കേന്ദ്ര സർക്കാർ ഇടപെട്ടിട്ടും കലാപം നിയന്ത്രിക്കാൻ സാധിക്കാത്ത സാഹചര്യമാണ്. ബിരേൻ സിങ് രാജിവയ്ക്കുകയല്ലാതെ മറ്റു മാർഗമില്ലെന്നു കുക്കി വിഭാഗം ആവശ്യപ്പെട്ടിരുന്നു. ഒരുവിഭാഗത്തിനു മുഖ്യമന്ത്രിയിലുള്ള വിശ്വാസം പൂർണമായി നഷ്ടപ്പെട്ടുവെന്നും ഇവർ വ്യക്തമാക്കി.
|
എന്നാൽ രാജിവയ്‌ക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു ബിജെപി. സർക്കാർ പിരിച്ചുവിട്ടു രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മണിപ്പൂർ സന്ദർശിച്ചുകൊണ്ടിരിക്കെയാണ് സംസ്ഥാനത്തെ സംഭവവികാസങ്ങൾ. മൊയ്രാങ്ങിലെ ദുരിതാശ്വാസ ക്യാംപുകൾ അദ്ദേഹം സന്ദർശിച്ചു. ഇന്നു രാവിലെ ഇംഫാലിൽനിന്ന് ഹെലികോപ്റ്ററിലാണ് മൊയ്രാങ്ങിലെത്തിയത്. നേരത്തെ റോഡ് മാർഗം പോകാനായിരുന്നു പദ്ധതിയെങ്കിലും സുരക്ഷ കണക്കിലെടുത്ത് യാത്ര ഹെലികോപ്റ്ററിലാക്കി. തന്റേത് രാഷ്ട്രീയ യാത്രയല്ലെന്നും സമാധാനയാത്രയാണെന്നും രാഹുൽ പറഞ്ഞു. രാവിലെ മെയ്‌തെയ് ദുരിതാശ്വാസ ക്യാംപിലെത്തിയ രാഹുൽ ഗാന്ധിക്ക് ആയിരക്കണക്കിന് സ്ത്രീകളടങ്ങുന്ന ജനക്കൂട്ടം വൻ വരവേൽപ് നൽകി.





