29
Mar 2023
Tue
29 Mar 2023 Tue

കൊച്ചി: ബ്രഹ്മപുരത്തെ തീയും പുകയും അടങ്ങിയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. 12 ദിവസത്തെ പരിശ്രമങ്ങള്‍ക്കൊടുവില്‍ ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടുത്തവും പുകയും പൂര്‍ണമായി ശമിച്ചു എന്ന് ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷ് അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബ്രഹ്മപുരത്തെ തീയണച്ചതിനെ തുടര്‍ന്ന് ഭാവിയില്‍ ബ്രഹ്മപുരത്ത് തീപിടിത്തം ആവര്‍ത്തിക്കാതിരിക്കാനുള്ള പദ്ധതികള്‍ അവലോകനം ചെയ്യാന്‍ ചേര്‍ന്ന ദുരന്ത നിവാരണ അതോറിറ്റി യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു കലക്ടര്‍. ഫയര്‍ ആന്റ് റെസ്‌ക്യൂ, റവന്യൂ, നേവി, എയര്‍ഫോഴ്‌സ്, സിവില്‍ ഡിഫന്‍സ്, പോലീസ്, ഹോംഗാര്‍ഡ്, കോര്‍പ്പറേഷന്‍, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്, എല്‍എന്‍ജി ടെര്‍മിനല്‍, ബിപിസിഎല്‍, ആരോഗ്യം, എക്‌സകവേറ്റര്‍ ഓപ്പറേറ്റര്‍മാര്‍ തുടങ്ങി എല്ലാവരുടെയും കൂട്ടായ അധ്വാനത്തിന്റെ ഫലമായാണ് തീയണയ്ക്കാനായത്.

സ്‌മോള്‍ഡറിങ് ഫയര്‍ ആയതു കൊണ്ട് ചെറിയ തീപിടിത്തങ്ങള്‍ വരാനുള്ള സാധ്യത കണക്കിലെടുത്ത് അടുത്ത 48 മണിക്കൂര്‍ ജാഗ്രത തുടരും. ചെറിയ തീപിടിത്തമുണ്ടായാലും അണയ്ക്കുന്നതിന് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സേനാംഗങ്ങള്‍ ക്യാംപ് ചെയ്യുന്നുണ്ട്. ഇനി തീയുണ്ടായാലും രണ്ട് മണിക്കൂറിനകം അണയ്ക്കുമെന്നും കലക്ടര്‍ അറിയിച്ചു.

തീപിടുത്തവുമായി ബന്ധപ്പെട്ട് കേരളത്തോട് റിപ്പോര്‍ട്ട് തേടിയതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു. പൊതുജനാരോഗ്യം ഉറപ്പാക്കാന്‍ ആവശ്യമുളള സഹായങ്ങള്‍ നല്‍കുമെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.

മാലിന്യ പ്ലാന്റിലെ തീപിടിത്തതിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പ് നടത്തുന്ന മെഡിക്കല്‍ സര്‍വേ ഇന്നു മുതല്‍ ആരംഭിക്കും. പുക മൂലം വായു മലീനികരണമുണ്ടായ സ്ഥലങ്ങളില്‍ ആരോഗ്യ സര്‍വേ നടത്തുന്നതിന്റെ ഭാഗമായി 202 ആശ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കി.

ആരോഗ്യ പ്രവര്‍ത്തകര്‍ ഓരോ വീട്ടിലും കയറി ആരോഗ്യ സംബന്ധമായ വിവര ശേഖരണം നടത്തും. ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് വിവരങ്ങള്‍ ചേര്‍ക്കുക. ലഭ്യമാകുന്ന വിവരങ്ങള്‍ അപ്പോള്‍ തന്നെ പരിശോധിക്കാനും ആവശ്യമായ ക്രമീകരണങ്ങള്‍ എര്‍പ്പെടുത്താനും വേണ്ട സജ്ജീകരണങ്ങള്‍ എര്‍പ്പെടുത്തിയിട്ടുണ്ട്.

കാക്കനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ മെഡിക്കല്‍ സ്‌പെഷ്യാലിറ്റി റെസ്‌പോണ്‍സ് സെന്റര്‍ യുദ്ധകാലടിസ്ഥാനത്തില്‍ പ്രവര്‍ത്തന സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ന് മുതല്‍ ഇത് പ്രവര്‍ത്തനമാരംഭിക്കും.

പുക ശ്വസിച്ചതുമായി ബന്ധപ്പെട്ട് എതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ ഉള്ളവര്‍ക്ക് മതിയായ ചികിത്സ ഉറപ്പു വരുത്താന്‍ ഇതിലൂടെ സാധിക്കും. സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളജുകളിലെ മെഡിസിന്‍, പള്‍മണോളജി, ഓഫ്ത്താല്‍മോളജി, പീഡിയാട്രിക്, ഡെര്‍മറ്റോളജി എന്നീ വിഭാഗം ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കും. എക്‌സ്‌റേ, അള്‍ട്രാസൗണ്ട് സ്‌കാനിങ്, എക്കോ, കാഴ്ചപരിശോധന എന്നീ സേവനങ്ങള്‍ ലഭ്യമാകും. ഇതിനു പുറമെ, എല്ലാ അര്‍ബന്‍ ഹെല്‍ത്ത് സെന്ററുകളിലും ശ്വാസ് ക്ലിനിക്കുകളും ഇന്ന് മുതല്‍ പ്രവര്‍ത്തനമാരംഭിക്കും.