കണ്ണൂർ: 11കാരന്‍ നിഹാല്‍ നൗഷാദിനെ തെരുവുനായ ആക്രമിച്ച് കടിച്ചുകൊന്നതിന്റെ തീരാനോവിൽ കേരളം. ആളൊഴിഞ്ഞ വീട്ടുമുറ്റത്ത് കളിക്കാനെത്തിയപ്പോഴാണ് ഭിന്നശേഷിക്കാരനായ കണ്ണൂർ മുഴുപ്പിലങ്ങാട് സ്വദേശി നിഹാലിനെ ഒരു കൂട്ടം തെരുവ് നായ്ക്കൾ ആക്രമിച്ചത്. വൈകിട്ട് അഞ്ചോടെ വീട്ടിൽ നിന്നും കാണാതായ കുട്ടിയെ മണിക്കൂറുകളുടെ തെരച്ചിലിനൊടുവിൽ രാത്രി എട്ടരയോടെ ദേഹമാസകലം കടിയേറ്റ നിലയിൽ നാട്ടുകാർ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ തല മുതൽ കാൽപ്പാദം വരെ നിരവധി മുറിവുകളുണ്ടെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. കഴുത്തിന് പുറകിലും ചെവിക്ക് പുറകിലും ഇടത് കണ്ണിന് താഴെയും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്.
|
അരയ്ക്ക് താഴെ മാംസം മുഴുവന്‍ നായ്ക്കള്‍ കടിച്ചെടുത്ത നിലയിലായിരുന്നു കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ തലശേരി ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. രക്തം വാർന്നാണ് മരണമെന്നാണ് പ്രഥമിക നിഗമനം. ഓട്ടിസം ബാധിച്ച, സംസാരശേഷിയില്ലാത്ത നിഹാലിനെ ഇന്നലെ വൈകിട്ടോടെയാണ് വീട്ടില്‍ നിന്നും കാണാതായത്. നാട്ടുകാരും പൊലീസും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ എട്ടരയോടെ അര കിലോമീറ്റര്‍ അകലെയുള്ള ആളൊഴിഞ്ഞ പുരയിടത്തില്‍ നിന്നുമാണ് ചലനമറ്റ നിലയില്‍ കുട്ടിയെ കണ്ടെത്തിയത്.
സംസാര ശേഷിയില്ലാത്തതിനാൽ നായ ആക്രമിച്ചപ്പോൾ കുട്ടിക്ക് നിലവിളിക്കാനും കഴിഞ്ഞില്ല. അതിനാല്‍ സംഭവം ആരുമറിഞ്ഞില്ല. മൃതദേഹം
തലശേരി ജനറല്‍ ആശുപത്രിയിൽ പോസ്റ്റ്മോര്‍ട്ടം നടപടികൾക്കു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. വിദേശത്തുള്ള പിതാവ് നൗഷാദ് മകന്‍റെ മരണവിവരമറിഞ്ഞ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.
അതേസമയം, സംഭവം നടന്ന മുഴപ്പിലങ്ങാട് കെട്ടിനകം മേഖലയില്‍ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. പ്രതിഷേധം ശക്തമായതോടെ ജില്ലാ പഞ്ചായത്ത് നായ്ക്കളെ പിടികൂടാനാരംഭിച്ചു. തെരുവുനായകള്‍ കുട്ടിയെ കടിച്ചുകൊന്ന ദാരുണ സംഭവത്തിൽ കോടതി ഇടപെടണമെന്ന് കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യ ആവശ്യപ്പെട്ടു. ജനങ്ങളുടെ ജീവനാണ് വില നൽകേണ്ടത്. അക്രമകാരികളായ തെരുവ് നായകളെ കൊല്ലാൻ അനുമതി വേണം. ഇതിനായി സുപ്രിംകോടതിയെ സമീപിക്കുമെന്നും ദിവ്യ അറിയിച്ചു.





