21
Feb 2025
Wed
21 Feb 2025 Wed
Meningitis vaccination in mandatory for perform Umrah in Ramadan

റമദാന്‍ മാസത്തില്‍ ഉംറ നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ മെനിഞ്ചൈറ്റിസ് വാക്‌സിന്‍ സ്വീകരിക്കേണ്ടത് നിര്‍ബന്ധമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനും പകര്‍ച്ചവ്യാധികളുടെ വ്യാപനം നിയന്ത്രിക്കുന്നതിനുമായി ആവിഷ്‌കരിച്ചിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങളും നിയന്ത്രണങ്ങളും അടങ്ങുന്ന ചട്ടക്കൂടില്‍ നിന്ന് കൊണ്ടാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഉംറയ്ക്ക് യാത്ര ചെയ്യുന്നതിന് കുറഞ്ഞത് പത്ത് ദിവസം മുമ്പ് വാക്‌സിന്‍ സ്വീകരിച്ചിരിക്കണം. അതേസമയം, കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വാക്‌സിന്‍ സ്വീകരിച്ച ആളുകള്‍ വീണ്ടും വാക്‌സിന്‍ എടുക്കേണ്ടതില്ല. ഈ കാലയളവില്‍ വാക്‌സിനിന്റെ ഫലസിദ്ധി നിലനില്കുമെന്നതിനാലാണ് ഈ ഇളവെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

എസിവൈഡബ്ല്യുഎക്‌സ് അല്ലെങ്കില്‍ എസിവൈഡബ്ല്യു-135 വാക്‌സിനുകളാണ് സ്വീകരിച്ചിട്ടുള്ളതെങ്കില്‍ ഇതിന് മൂന്നുവര്‍ഷത്തെ കാലാവധി മാത്രമാണുള്ളത്. മെനിഞ്ചോകോക്കല്‍ ക്വാഡ്രിവാലന്‍ഡ്(എസിവൈഡബ്ല്യു -135) കൊണ്‍ജുഗേറ്റഡ് 2 വാക്‌സിനാണ് അഞ്ചുവര്‍ഷത്തെ കാലാവധിയുള്ളത്. ഏതു വാക്‌സിനാണ് എടുത്തിട്ടുള്ളതെന്ന് അതാതു രാജ്യങ്ങള്‍ തീര്‍ഥാടകരുടെ യാത്രാസര്‍ട്ടിഫിക്കറ്റില്‍ വ്യക്തമാക്കിയിരിക്കണമെന്ന് സൗദി ആരോഗ്യ വകുപ്പ് അറിയിച്ചു. വാക്‌സിന്റെ തരമേതെന്ന് സര്‍ട്ടിഫിക്കറ്റില്‍ വ്യക്തമാക്കിയിട്ടില്ലെങ്കില്‍ ഇതു വാക്‌സിന്‍ സ്വീകരിച്ച തീയതി മുതല്‍ മൂന്നുവര്‍ഷത്തെ കാലാവധി മാത്രമേ പരിഗണിക്കുകയുള്ളൂവെന്നും ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

മെനിഞ്ചൈറ്റിസ് അണുക്കള്‍ പകരുന്നത് ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴുമുള്ള ചീറ്റലിലൂടെ ആണെന്നതിനാല്‍ ഇത് തടയുന്നതിന് ആവശ്യമായ പ്രതിരോധ നടപടികള്‍ എല്ലാവരും സ്വീകരിക്കണമെന്നും സൗദി ആരോഗ്യ മന്ത്രാലയം തീര്‍ഥാടനം ഉദ്യേശിക്കുന്നവരെ ഉല്‍ബോധിപ്പിച്ചു. തീര്‍ഥാടകരുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും അവരില്‍ ആരോഗ്യ അവബോധം വര്‍ധിപ്പിക്കുന്നതിനുമുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ നിര്‍ദേശങ്ങളെല്ലാം. മുതിര്‍ന്നവര്‍ക്കുള്ള വാക്‌സിനേഷന്‍ ക്ലിനിക്കുകളില്‍ നിന്ന് വാക്‌സിന്‍ സ്വീകരിക്കുന്നതിന് ‘സ്വിഹത്തീ’ ആപ്പ് മുഖേന അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാന്‍ മന്ത്രാലയം ആവശ്യപ്പെട്ടു.

ഗുരുതര രോഗങ്ങള്‍ നേരിടുന്ന തീര്‍ഥാടക തങ്ങളുടെ ആരോഗ്യ അവസ്ഥ വിശദീകരിക്കുന്ന മെഡിക്കല്‍ രേഖകളും മതിയായ മരുന്നുകളും(ഒറിജിനല്‍ പാക്കേജുകളില്‍)കൈയില്‍ കരുതണമെന്നും മന്ത്രാലയം നിഷ്‌കര്‍ഷിക്കുന്നു.