ഫിഫ ബെസ്റ്റ് പ്ലെയര്‍ ആരാകും? ചുരുക്കപ്പട്ടികയില്‍ പ്രഖ്യാപിച്ചു; പട്ടികയില്‍ മെസ്സിയും ഹാളണ്ടും എംബപ്പെയും
|
സൂറിച്ച്: ഈ വര്‍ഷത്തെ ഫിഫ ദ ബെസ്റ്റ് പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടിക പുറത്തുവിട്ടു. ഇന്റര്‍ മയാമിയുടെ അര്‍ജന്റീനാ താരം ലയണല്‍ മെസ്സി, പി.എസ്.ജി.യുടെ ഫ്രഞ്ച് മുന്നേറ്റനിരക്കാരന്‍ കിലിയന്‍ എംബാപ്പെ, മാഞ്ചെസ്റ്റര്‍ സിറ്റിയുടെ നോര്‍വീജിയന്‍ താരം എര്‍ലിങ് ഹാളണ്ട് എന്നിവരാണ് പട്ടികയിലുള്ള മൂന്ന് പേര്. ആഗോള ഫുട്‌ബോള്‍ സംഘടനയായ ഫിഫയാണ് ദ ബെസ്റ്റ് പുരസ്‌കാരം നല്‍കുന്നത്. കഴിഞ്ഞവര്‍ഷം മെസ്സിയായിരുന്നു മികച്ചതാരം. മെസിയും ഹാളണ്ടും എംബാപ്പെയും തന്നെയാണ് ബാലണ്‍ ഡി ഓര്‍ ചുരുക്കപ്പട്ടിയിലും ഇടം നേടിയിരുന്നത്.
ചാംപ്യന്‍സ് ലീഗും പ്രീമിയര്‍ ലീഗും എഫ് എ കപ്പും മഞ്ചസ്റ്റര്‍ സിറ്റിക്ക് നേടിക്കൊടുത്ത പ്രകടനമാണ് ഹാളണ്ടിനെ ടോപ് ത്രീയിലെത്തിച്ചത്. പിഎസ്ജിയെ ഫ്രഞ്ച് ലീഗ് ജേതാക്കളാക്കിയാണ് എംബാപ്പെ ടോപ് ത്രീയില്‍ ഇടം നേടിയത്.
മികച്ച പരിശീലകരുള്ള ചുരുക്കപ്പട്ടികയും ആയിട്ടുണ്ട്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ പെപ് ഗാര്‍ഡിയോള, ഇന്റര്‍മിലാന്റെ സിമോണ്‍ ഇന്‍സാഗി, മുന്‍ നാപ്പോളി പരിശീലകന്‍ ലൂസിയാനോ സ്പല്ലെറ്റി എന്നിവരാണ് ഈ വര്‍ഷത്തെ പുരസ്‌കാരത്തിനുള്ള പട്ടികയിലുള്ളത്. വനിതാ വിഭാഗത്തില്‍ ചെല്‍സിയുടെ എമ്മ ഹെയ്‌സ്, ഇംഗ്ലണ്ടിന്റെ സറീന വെയ്ഗ്മാന്‍, ബാഴ്‌സലോണയുടെ ജോനാഥന്‍ ജിറാള്‍ഡ്‌സ് എന്നിവരുടെ പേരും പട്ടികയിലുണ്ട്. ജനുവരി 15ന് ലണ്ടനിലാണ് പ്രഖ്യാപനം.
Messi, Mbappé or Haaland to be FIFA Best player in 2023





