തിരുവനന്തപുരം: വെട്ടിക്കുറച്ച ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഹിതം പുനഃസ്ഥാപിക്കണമെന്നും അനുവദിക്കപ്പെട്ട പദ്ധതിവിഹിതം പോലും വിനിയോഗിക്കാത്ത ന്യൂനപക്ഷ വകുപ്പിലെ കെടുകാര്യസ്ഥത അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് എസ്.ഐ.ഒ സംഘടിപ്പിച്ച ന്യൂനപക്ഷ ഡയറക്ടറേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി.
|
തൊടുന്യായങ്ങള്‍ നിരത്തി സമര പ്രക്ഷോഭങ്ങളെ തണുപ്പിച്ച് കളയാം എന്ന ധാരണ വേണ്ടെന്നും ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ വെട്ടിക്കുറച്ച ഉത്തരവ് പിന്‍വലിച്ച് പുതിയ ഉത്തരവ് പുറത്തിറക്കുന്ന വരെ എസ്.ഐ.ഒ സമരരംഗത്ത് തുടരുമെന്നും സംസ്ഥാന പ്രസിഡന്റ് അഡ്വ. അബ്ദുല്‍ വാഹിദ് പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയുടെ കാരണം പറയുമ്പോഴും പിന്നോക്ക വിഭാഗങ്ങള്‍ക്കും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും ഇല്ലാത്ത എന്ത് ആനുകൂല്യമാണ് ഇവിടുത്തെ ജനാധിപത്യ സമൂഹത്തില്‍ മുന്നാക്ക സമുദായങ്ങള്‍ക്ക് മാത്രമായുള്ളത് എന്ന് വ്യക്തമാക്കാന്‍ ഇടത് സര്‍ക്കാര്‍ തയ്യാറാവണമെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് ഇര്‍ഷാദ് ആവശ്യപ്പെട്ടു.
യൂനിവേഴ്‌സിറ്റി കോളേജ് പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് ന്യൂനപക്ഷ ഡയറക്ടറേറ്റിന് മുന്‍വശം പോലീസ് തടഞ്ഞു. നേതാക്കള്‍ ഡയറക്ടര്‍ ഇന്‍ ചാര്‍ജുമായി നടത്തിയ ചര്‍ച്ചയില്‍ അപേക്ഷകര്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ ഉടന്‍ വിതരണം ചെയ്യാനുള്ള നടപടികള്‍ ആരംഭിക്കണം എന്നതടക്കമുള്ള ആവശ്യങ്ങളെ പരിഗണിച്ച് നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കി.
എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി ഹാമിദ് ടി.പി, ശൂറാ അംഗം ഷഫാഖ് കക്കോടി, ജില്ലാ പ്രസിഡന്റ് ഫായിസ് ശ്രീകാര്യം തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാന സെക്രട്ടറിമാരായ നവാഫ് പാറക്കടവ്, ഷിബിന്‍ റഹ്‌മാന്‍, ശൂറാ അംഗങ്ങളായ തബ്സീം അര്‍ഷദ്, നിദാല്‍ സിറാജ്, ജില്ലാ സെക്രട്ടറി സയ്യിദ് ഇബ്രാഹീം തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.


