കഴക്കൂട്ടത്തുനിന്ന് കാണാതായ 13 വയസ്സുകാരി നാഗര്‍കോവില്‍ റെയില്‍വേ സ്റ്റേഷനിലും കന്യാകുമാരിയിലും ഇറങ്ങി തിരികെ ട്രെയിനില്‍ കയറിയതായി വിവരം.(Missing 13-year-old girl lands in Nagercoil and Kanyakumari) നാഗര്‍കോവിലില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ രണ്ടാമത്തെ പ്ലാറ്റഫോമില്‍ പെണ്‍കുട്ടിയിറങ്ങിയതായി പൊലീസ് സ്ഥരീകരിച്ചു. സമാനമായി കന്യാകുമാരി റെയില്‍വേ സ്‌റ്റേഷനിലും കുട്ടി ഇറങ്ങി വെള്ളമെടുത്ത്് തിരിച്ചു കയറി. രണ്ടിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു വരികയാണ്.
|
പ്ലാറ്റ്‌ഫോമിലിറങ്ങിയ പെണ്‍കുട്ടി കുപ്പിയില്‍ വെള്ളമെടുത്ത് തിരികെ കയറി. നാഗര്‍കോവില്‍ സ്റ്റേഷനില്‍ 3.3 നാണ് ഇറങ്ങിയത്. ഇത് തിരുവനന്തപുരത്തുനിന്ന് കാണാതായ തസ്മീത്ത് എന്ന പെണ്‍കുട്ടിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ആര്‍പിഎഫ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് നിര്‍ണ്ണായക വിവരം ലഭിച്ചത്.
കന്യാകുമാരിയില്‍ ഇറങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്. കന്യാകുമാരിയിലെത്തിയ അയലന്റ് എക്‌സ്പ്രസില്‍ നിന്ന് ഇറങ്ങി കുട്ടി തിരിച്ചുകയറിയിട്ടുണ്ട്. അയലന്റ് എക്‌സ്പ്രസ് തുടര്‍ന്ന് പോകുന്നത് ചെന്നൈയിലേക്കാണ്. കന്യാകുമാരിയില്‍ ഇറങ്ങിയത് കാണാതായ തസ്മീത്ത് തന്നെയാണോ എന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല.
കന്യാകുമാരിയില്‍ കേരള പോലീസിന് പുറമേ തമിഴ്നാട് പോലീസും റെയില്‍വേ പോലീസും ആര്‍.പി.എഫും തിരച്ചില്‍ നടത്തുകയാണ്. എന്നാല്‍, ബുധനാഴ്ച രാവിലെ മുതല്‍ കന്യാകുമാരി മേഖലയില്‍ തിരച്ചില്‍ നടത്തിയിട്ടും കുട്ടിയെ കണ്ടെത്താനായിട്ടില്ല.
കന്യാകുമാരിയില്‍ നിന്ന് അസമിലേക്കുള്ള വിവേക് എക്‌സ്പ്രസില്‍ കയറിയോ എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. തസ്മീത്ത് കയറിയ അയലന്റ് എക്‌സ്പ്രസ് കന്യാകുമാരിയില്‍ എത്തിയ സമയത്ത് വിവേക് എക്‌സ്പ്രസ് അവിടെ നിര്‍ത്തിയിട്ടിട്ടുണ്ടായിരുന്നു. വിവേക് എക്‌സ്പ്രസ് ഇന്ന് വൈകുന്നേരത്തോടെ വിജയവാഡയില്‍ എത്തും.
കഴക്കൂട്ടം ബ്ലോക്ക് ഓഫീസിനു സമീപം താമസിക്കുന്ന അസം സ്വദേശി അന്‍വര്‍ ഹുസൈന്റെ മകള്‍ തസ്മീത്ത് ബീഗത്തെയാണ് ചൊവ്വാഴ്ച രാവിലെ 10-മണിയോടെ കാണാതായത്. കുട്ടിയെ കാണാതായ വിവരം മാതാപിതാക്കള്‍ വൈകീട്ട് നാലോടെ കഴക്കൂട്ടം പോലീസില്‍ അറിയിച്ചു.
രാവിലെ സഹോദരിമാരുമായി വഴക്കിട്ടപ്പോള്‍ മാതാപിതാക്കള്‍ തസ്മീനെ ശകാരിച്ചിരുന്നു. തുടര്‍ന്ന് അവര്‍ ജോലിക്കു പോയി. ഉച്ചയ്ക്ക് തിരികെ വീട്ടിലെത്തിയപ്പോഴാണ് കുട്ടിയെ കാണാനില്ലെന്നു മനസ്സിലായത്.
മാതാപിതാക്കളെ സന്ദര്‍ശിച്ച് മന്ത്രി
കാണാതായി പെണ്‍കുട്ടിയുടെ ബന്ധുക്കളെ മന്ത്രി വി ശിവന്‍കുട്ടി സന്ദര്‍ശിച്ചു. മാതാപിതാക്കളോട് ശാന്തമായിരിക്കാന്‍ ആവശ്യപ്പെട്ട മന്ത്രി കുട്ടിയെ കണ്ടെത്താന്‍ വേണ്ടതെല്ലാം ചെയ്യുന്നുണ്ടെന്നും പറഞ്ഞു. സംഭവത്തെ വളരെ ഗൗരവത്തോടെ കാണുന്നു. കുട്ടിയെ കണ്ടെത്താനുള്ള എല്ലാ പരിശ്രമങ്ങളും നടക്കുന്നുണ്ട്. അതിഥി തൊഴിലാളികള്‍ക്ക് ലേബര്‍ കാര്‍ഡ് ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
നാട്ടില്‍ ഭക്ഷണത്തിനും കുട്ടികളുടെ പഠനത്തിനുമെല്ലാം വലിയ ബുദ്ധിമുട്ടിലായിരുന്നു. അതുകൊണ്ടാണ് കേരളത്തിലേക്ക് വന്നതെന്നും കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു.
കുട്ടി സഞ്ചരിച്ച റൂട്ട് മാപ്പ്
വീട് വിട്ടത്- രാവിലെ 9.30ന്
കഴക്കൂട്ടം ഭാഗത്ത് -10.34ന്
അഖ ആശുപത്രിക്കടുത്ത് -10.45ന്
ബസ് കയറി തമ്പാനൂരില്‍
ട്രെയിന്‍ കയറിയത് ഒരു മണിയോടെ
കന്യാകുമാരി ബെംഗളൂരു എക്‌സ്പ്രസില്‍ യാത്ര
കയ്യില്‍ 40 രൂപയും ബസ് ടിക്കറ്റും
ട്രയിനില്‍ കന്യാകുമാരിയിലേക്ക്
ട്രെയിന്‍ കന്യാകുമാരിയില്‍- 3.30 PM
കന്യാകുമാരിയില്‍ ട്രെയിന്‍ ഇറങ്ങിയത്- 3.50
കന്യാകുമാരിയില്‍ കണ്ടത്- പുലര്‍ച്ചെ 5.30ന്





