കാണാതായ ഭാര്യക്ക് വേണ്ടി രണ്ടുദിവസം തിരഞ്ഞുനടന്ന യുവാവ് ഒടുവില്‍ മൃതദേഹം കണ്ടെത്തിയത് താന്‍ രണ്ടുദിവസമായി ഉറങ്ങിയ കിടക്കയായി മാറ്റാവുന്ന സോഫയ്ക്കുള്ളില്‍. 24കാരിയായ സ്വപ്‌നാലി ഉമേഷ് പവാര്‍ ആണ് കൊല്ലപ്പെട്ടത്.
|
മഹാരാഷ്ട്രയിലെ പൂനെയിലെ ഹദാപ്‌സറിനു സമീപം ഹണ്ടേകര്‍ വസ്തി നിവാസിയാണ് സ്വപ്‌നാലി. യുവതിയുടെ ഭര്‍ത്താവ് ഉമേഷ് പവാര്‍ ടാക്‌സി ഡ്രൈവറായി ജോലി ചെയ്യുകയാണ്. നവംബര്‍ ഏഴിന് രാവിലെ ജോലിസ്ഥലമായ ബീഡില്‍ നിന്ന് ഉമേഷ് പവാര്‍ ഭാര്യയെ വിളിച്ചിരുന്നു. ഉമേഷ് വീട്ടിലെത്തിയെങ്കിലും ഭാര്യയെ കണ്ടില്ല.
രണ്ടുദിവസം സ്വപ്‌നാലിയെ അന്വേഷിച്ച് ഉമേഷ് നഗരത്തിലൂടെ നടന്നുവെന്ന് പോലീസ് പറഞ്ഞു. ശനിയാഴ്ച രാവിലെ വീട്ടിലെ വിലപിടിപ്പുള്ള വസ്തുക്കള്‍ നഷ്ടപ്പെട്ടോ എന്നറിയാന്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് സോഫയ്ക്കുള്ളിലെ ഇടം യുവാവ് പരിശോധിക്കുന്നതും ഭാര്യയുടെ മൃതദേഹം കാണുന്നതും. ഉടന്‍ വിവരം പോലീസിനെ അറിയിച്ചു. ഇന്‍ക്വസ്റ്റ് തയ്യാറാക്കിയ ശേഷം പോലീസ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
കഴുത്തുഞെരിച്ചാണ് യുവതിയെക കൊന്നിരിക്കുന്നതും വീട്ടില്‍ ബലപ്രയോഗം നടന്നതിന്റെ സൂചനകളൊന്നും ഇല്ലെന്നും സ്വപ്‌നാലിയെ അറിയുന്നവര്‍ ആരോ ആണ് വീട്ടില്‍ എത്തിയിട്ടുള്ളതെന്നും പോലീസ് പറഞ്ഞു. പ്രതി തുടര്‍ച്ചയായി വീട്ടിലെത്തിയിരുന്നുവെന്നാണ് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമാവുന്നതെന്നും പോലീസ് പറഞ്ഞു. കൃത്യം നടന്ന സമയം ഭര്‍ത്താവ് വീട്ടില്‍ ഉണ്ടായിരുന്നില്ലെന്ന് ബോധ്യപ്പെട്ടതായും പോലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച പോലീസ് അന്വേഷണം തുടരുകയാണ്.





