ആലപ്പുഴ തകഴിയിൽ അവിവാഹിത പ്രസവിച്ച പെൺകുഞ്ഞിന്റെ മരണത്തിൽ നിർണായക വഴിത്തിരിവ്. കുഞ്ഞു ജനിച്ചപ്പോൾ കരഞ്ഞിരുന്നെന്നു യുവതി തന്നോട് പറഞ്ഞിരുന്നതായി ഇവരെ ചികിത്സിക്കുന്ന ഡോക്ടർ പോലീസിനു മൊഴി നൽകി.
|
പാണാവള്ളി പഞ്ചായത്ത് 13–ാം വാർഡ് ആനമൂട്ടിൽച്ചിറയിൽ ഡോണ ജോജി (22)യാണ് കുഞ്ഞ് ജനിച്ചപ്പോൾ ജീവനുണ്ടായിരുന്നുവെന്ന നിർണായക വിവരം ഡോക്ടറിനോട് പങ്കുവച്ചത്. ഡോണയുടെ കാമുകൻ തകഴി വിരുപ്പാല രണ്ടുപറ പുത്തൻപറമ്പ് തോമസ് ജോസഫും (24) ഇയാളുടെ കൂട്ടുകാരനായ തകഴി ജോസഫ് ഭവനിൽ അശോക് ജോസഫും(30) ചേർന്നായിരുന്നു കുഞ്ഞിനെ കുഴിച്ചുമൂടിയത്. മൂവരെയും ആലപ്പുഴ കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്. വീട്ടിൽ സ്വയം പ്രസവമെടുത്ത ഡോണ ഇതുസംബന്ധിച്ച ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. മജിസ്ട്രേട്ട് ആശുപത്രിയിലെത്തിയാണ് ഡോണയെ റിമാൻഡ് ചെയ്തത്.
ജനിച്ചു മണിക്കൂറുകൾ കഴിഞ്ഞാണു ഡോണ പ്ലാസ്റ്റിക് കവറിലാക്കി കുഞ്ഞിനെ തോമസ് ജോസഫിന്റെ കൈയിൽ കൊടുത്തുവിട്ടത്. കൊടുത്തുവിട്ടപ്പോൾ കുഞ്ഞിനു ജീവനുണ്ടായിരുന്നെന്നു ഡോണയും തനിക്കു കൈമാറിയത് കുഞ്ഞിന്റെ മൃതദേഹമായിരുന്നെന്നു തോമസും പോലീസിന് മൊഴി നൽകി. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജാവുന്ന മുറയ്ക്ക് ഡോണയെ വിശദമായി ചോദ്യം ചെയ്യുന്നതോടെ ഇക്കാര്യത്തിൽ വ്യക്തത വരുമെന്നാണ് പോലീസ് കരുതുന്നത്.
കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണു ഡോണ വീട്ടിലെ കിടപ്പുമുറിയിൽ പെൺകുഞ്ഞിനെ പ്രസവിച്ചത്. അന്ന് അർധരാത്രിക്കു ശേഷമാണ് തോമസ് ജോസഫ് സുഹൃത്ത് അശോകുമൊത്ത് എത്തി കുഞ്ഞിന്റെ ജഡം ഏറ്റുവാങ്ങി കുഴിച്ചുമൂടിയത്. എന്നാൽ രക്തസ്രാവവും വയറുവേദനയും തുടർന്നതോടെ ഡോണ രണ്ടു ദിവസത്തിനു ശേഷം ആശുപത്രിയിലെത്തുകയായിരുന്നു. എന്നാൽ പരിശോധനയിൽ പ്രസവ വിവരം പുറത്താവുകയും ആശുപത്രി അധികൃതർ പോലീസിനെ അറിയിക്കുകയുമായിരുന്നു. പോലീസ് കേസെടുത്തു നടത്തിയ അന്വേഷണത്തിലാണു മറ്റു രണ്ടു പ്രതികൾ കൂടി അറസ്റ്റിലായത്.
രാജസ്ഥാനിലെ ജയ്പുരിൽ ഫോറൻസിക് സയൻസ് കോഴ്സ് പൂർത്തീകരിച്ച ഡോണ കൊച്ചിയിൽ ജോലി ചെയ്യുകയായിരുന്നു. രാജസ്ഥാനിലെ പഠനകാലത്താണ് അവിടെ ഹോട്ടൽ മാനേജ്മെന്റ് കോഴ്സിനു പഠിച്ചിരുന്ന തോമസ് ജോസഫുമായി ഡോണ പ്രണയത്തിലായത്.
ഞായറാഴ്ച വൈകിട്ടോടെയാണ് പോലീസ് കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തത്. അപ്പോഴേക്കും അവയവങ്ങൾ പലതും ജീർണിച്ചിരുന്നു. ഫൊറൻസിക് വിഭാഗം അസോഷ്യേറ്റ് പ്രഫ.ഡോ ബി കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണു മെഡിക്കൽ കോളജ് ആശുപത്രിയിൽ കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം നിർവഹിച്ചത്.
വ്യാഴാഴ്ച പുലർച്ചെയോടെ കുഞ്ഞിനെ മറവു ചെയ്തെന്നാണു പ്രാഥമിക നിഗമനം. ബുധനാഴ്ച പുലർച്ചെ പ്രസവിച്ചെങ്കിലും രഹസ്യമാക്കി വയ്ക്കുന്നതിനായി കുഞ്ഞിനെ വീട്ടിൽ തന്നെ പലയിടത്തും പൊതിഞ്ഞുവച്ചിരുന്നെന്നാണു ഡോണയുടെ മൊഴി. ഞായറാഴ്ച ഡോണയുടെ വീട്ടിലെത്തി ഫൊറൻസിക്, വിരലടയാള വിദഗ്ധർ പരിശോധന നടത്തിയിരുന്നു. പ്രസവം നടന്ന മുറി വൃത്തിയാക്കിയിരുന്നെങ്കിലും തെളിവുകൾ കിട്ടി.
ALSO READ: ആലപ്പുഴയിൽ അവിവാഹിത പ്രസവിച്ച കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടി; രണ്ടുപേർ അറസ്റ്റിൽ
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





