നവജാതശിശുവിനെ ഇല്ലാതാക്കാന്‍ ഉറുമ്പിന്‍ കൂട്ടിലുപേക്ഷിച്ച അമ്മ അറസ്റ്റിലായി. റഷ്യയിലാണ് ദാരുണമായ സംഭവം. ഭര്‍ത്താവില്ലാതെ തനിച്ചുതാമസിക്കുന്ന 32കാരിയാണ് കുഞ്ഞിനെ ഉറുമ്പിന്‍കൂട്ടില്‍ ഉപേക്ഷിച്ചു മടങ്ങിയത്.
|
ഉറുമ്പുകളുടെ കടിയേറ്റും വെയിലേറ്റും അവശനിലയിലായ പെണ്‍കുഞ്ഞിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് 32കാരിയായ നദിഴ്ദ സൊറോകിനയെ പോലീസ് പിടികൂടിയത്. യുവതിയുടെ നാലാമത്തെ കുട്ടിയാണിത്. ഒരു കുഞ്ഞിനെ കൂടി പോറ്റാനുള്ള സാമ്പത്തിക ശേഷിയില്ലാത്തതിനാലാണ് കുഞ്ഞിനെ കുന്നിന്‍മുകളില്‍ ഉപേക്ഷിച്ചതെന്ന് യുവതി മൊഴി നല്‍കി.
ജൂലൈ 22നാണ് യുവതി ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ചത്. കുഞ്ഞിന്റെ കരച്ചില്‍ കേട്ടെത്തിയ ആള്‍ ആദ്യം കരുതിയത് പൂച്ചക്കുഞ്ഞാണെന്നാണ്. ശബ്ദം കേട്ട സ്ഥലത്തെത്തിയപ്പോഴാണ് അവശനിലയില്‍ കുഞ്ഞിനെ കണ്ടത്. തുടര്‍ന്ന് ടീഷര്‍ട്ടൂരി കുഞ്ഞിനെ പൊതിഞ്ഞെടുത്തു. ഇതിനിടെ എമര്‍ജന്‍സി നമ്പരുകളില്‍ വിളിച്ച് സഹായം തേടുകയും ആംബുലന്‍സ് എത്തുകയും ചെയ്തു. ഉറുമ്പുകളുടെ കടിയേറ്റതും വെയിലേറ്റതും ഒഴിച്ചാല്‍ കുഞ്ഞിന്റെ ആരോഗ്യനില ഭദ്രമാണെന്ന് അധികൃതര്‍ അറിയിച്ചു.


