ഓര്‍ക്കാട്ടേരി ഷബ്‌ന മരണം: ഭര്‍തൃമാതാവും സഹോദരിയും ഒളിവില്‍
|
കോഴിക്കോട്: വടകര ഓര്‍ക്കാട്ടേരിയിലെ ഷബ്‌നയുടെ മരണത്തില്‍ ഭര്‍തൃമാതാവും സഹോദരിയും ഒളിവിലെന്ന് പൊലീസ്. ഇവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഷബ്‌നയുടെ മകളുടെയും ബന്ധുക്കളുടെയും മൊഴിയെടുത്തു. ഷബ്‌നയുടെ മരണത്തില്‍ നേരത്തെ ഭര്‍തൃമാതാവ് നഫീസയുടെ സഹോദരന്‍ ഹനീഫിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇദ്ദേഹം റിമാന്‍ഡിലാണുള്ളത്. ഇതിനു പിന്നാലെയാണ് നഫീസയിലേക്കും മകള്‍ ഹഫ്‌സത്തിലേക്കും അന്വേഷണം നീളുന്നത്. ഇവര്‍ ഷബ്‌നയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ഇവര്‍ക്കെതിരെ ആത്മഹത്യാപ്രേരണാകുറ്റം ചുമത്തുന്ന കാര്യം പരിഗണനയിലുണ്ട്.
കഴിഞ്ഞ ദിവസം ഷബ്‌നയുടെ മാതാവിന്റെയും പിതാവിന്റെയും മകളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. യുവതിയുടെ മരണദിവസം മകള്‍ വീട്ടിലുണ്ടായിരുന്നു. ഈ ദിവസം നടന്ന വാക്കുതര്‍ക്കങ്ങളെ കുറിച്ച് മകള്‍ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. മാതാവ് വാതിലടച്ച് മുറിയില്‍ കടന്ന ശേഷവും അസ്വാഭാവികത തോന്നിയിട്ടും വീട്ടുകാര്‍ ഇടപെട്ടില്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. പിതാവിന്റെ ബന്ധുക്കള്‍ മാതാവിനെ മര്‍ദിച്ചു. മുറിയില്‍ കയറി വാതിലടച്ചതോടെ പരിശോധിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ബന്ധുക്കള്‍ ഒന്നും ചെയ്തില്ല. പിതാവിന്റെ അമ്മാവന്‍ ഹനീഫ ഉമ്മയെ അടിച്ചെന്നും അസഭ്യം പറഞ്ഞെന്നും പത്ത് വയസുകാരിയായ മകള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കണമെന്ന ആവശ്യം വീണ്ടും ശക്തമായി. ഒരാളെ മാത്രമാണ് പോലീസ് ഒരാഴ്ച കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്തത്. കൂട്ടു പ്രതികളെ കൂടി അറസ്റ്റ് ചെയ്യണമെന്നാണ് ആവശ്യം. ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ഇന്നലെ അന്വേഷണ ഉദ്യോഗസ്ഥനായ വടകര ഡിവൈ.എസ്.പിയെ കണ്ടു. ഇതിന്റെ വെളിച്ചത്തില്‍ ഡിവൈ.എസ്.പി ഇന്നലെ രാത്രി ഷബ്‌നയുടെ വീട്ടിലെത്തി ബന്ധുക്കളുടെ മൊഴി എടുത്തു. അറസ്റ്റിലായ ഭര്‍ത്താവിന്റെ അമ്മാവന് മാത്രമല്ല സംഭവത്തില്‍ ബന്ധമെന്ന് ബന്ധുക്കള്‍ പോലീസിനെ അറിയിച്ചു. യുവതി തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്നെങ്കിലും കൂട്ടു പ്രതികളെ പിടികൂടുന്നില്ലെന്നാണ് ബന്ധുക്കളുടെ പരാതി.





