തൃശൂർ: ക്രിസ്ത്യാനികളുമായി അടുക്കാൻ ശ്രമിച്ചുവരുന്നതിനിടെ, ഹിന്ദുത്വ ആശയധാരയായ ഗോൾവാക്കറിന്റെ വിചാരധാരയെ തള്ളിപ്പറഞ്ഞ് ബിജെപി. നാൽപ്പതുകളിലും അൻപതുകളിലും ഗോൾവാൾക്കർ നടത്തിയ പ്രസംഗങ്ങളുടെ ക്രോഡീകരണമായ വിചാരധാരയിൽ ആ കാലഘട്ടത്തിൽ പ്രസക്തമായ കാര്യങ്ങളാണ് ഉള്ളതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ് പറഞ്ഞു. എല്ലാ കാര്യങ്ങളും എല്ലാ കാലത്തേക്കും പ്രസക്തമാവില്ല. ക്രൈസ്തവ സമുദായത്തെ ആകർഷിക്കാനുള്ള ബിജെപി നീക്കത്തെ വിചാരധാരയിലെ പരാമർശങ്ങൾ ചൂണ്ടിക്കാട്ടി മന്ത്രി മുഹമ്മദ് റിയാസ് വിമർശിച്ചതു ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു രമേശിന്റെ പ്രതികരണം.
|
വിചാരധാര ആരും എഴുതിയ പുസ്തകമല്ല. ഒന്നും പറയാനില്ലാത്തതുകൊണ്ട് ഓരോ പുസ്തകവും കൊണ്ടുവരികയാണ്. ഗുരുജി ഗോൾവാൾക്കർ നാൽപ്പതുകളിലും അൻപതുകളിലും പല സന്ദർഭങ്ങളിൽ, പല വിഷയങ്ങളെക്കുറിച്ചു നടത്തിയ പ്രസംഗങ്ങളുടെ ക്രോഡീകരണമാണ് അത്. അത് ആ കാലഘട്ടത്തിൽ പ്രസക്തമായ കാര്യമാണ്. എല്ലാ കാലഘട്ടങ്ങളിലേക്കും എല്ലാ കാര്യങ്ങളും പ്രസക്തമാവില്ലല്ലോ- രമേശ് പറഞ്ഞു.
ശ്രീനാരായണഗുരുവിനെക്കുറിച്ച് ഇഎംഎസ് പറഞ്ഞ കാര്യങ്ങളിൽ സിപിഎം ഇപ്പോഴും ഉറച്ചുനിൽക്കുന്നുണ്ടോ? മന്നത്തു പദ്മനാഭനെക്കുറിച്ച് സിപിഎം പറഞ്ഞ അഭിപ്രായത്തോട് ഇപ്പോഴും അവർക്കു യോജിപ്പുണ്ടോ? വിമോചന സമരത്തിന്റെ സമയത്ത് ക്രിസ്ത്യൻ നേതൃത്വത്തെക്കുറിച്ച് സിപിഎമ്മിന്റെ അഭിപ്രായം എന്തായിരുന്നു? ഇതെല്ലാം ഓരോ കാലഘട്ടത്തിലെ അഭിപ്രായങ്ങളാണ്. ഞങ്ങൾ അതൊന്നും പൊക്കിപ്പിടിച്ചു നടക്കാനില്ല.
ബിജെപി പാർട്ടി നിലപാടുകൾക്കനുസരിച്ചാണ് മുന്നോട്ടുപോവുന്നത്. നരേന്ദ്രമോദി പ്രഖ്യാപിച്ച രാഷ്ട്രീയ നിലപാടിന് അനുസരിച്ചാണ് പാർട്ടിയുടെ പ്രവർത്തനം. എല്ലാവരെയും ഒരുമിച്ചു ചേർക്കുക എന്നതാണ് ആ നിലപാട്. ക്രിസ്ത്യന് ഭൂരിപക്ഷ പ്രദേശങ്ങളിൽ ബിജെപി ജയിക്കുന്നത് അതുകൊണ്ടാണ്. അവർക്കില്ലാത്ത ആശങ്കയാണ് റിയാസ് പ്രകടിപ്പിക്കുന്നതെന്ന് എംടി രമേശ് ആരോപിച്ചു.
മുഹമ്മദ് റിയാസും പാർട്ടിയും വിചാരധാരയും കെട്ടിപ്പിടിച്ചു നടക്കട്ടെ, ബിജെപി ജനങ്ങളുടെ ജീവൽപ്രശ്നങ്ങൾ ഉയർത്തിയാണ് വീടുകളിലേക്കു പോവുന്നത്. ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചാണ് അവരോടു പറയുന്നത്. അവർ തിരിച്ച് എങ്ങനെ പ്രതികരിക്കണം എന്ന് റിയാസ് അല്ല തീരുമാനിക്കേണ്ടത്.
ബിജെപി സഭാധ്യക്ഷന്മാരെ കാണുന്നത് സിപിഎമ്മിനെയും കോൺഗ്രസിനെയും പരിഭ്രാന്തിയിൽ ആക്കിയിരിക്കുകയാണ്. വോട്ടു ബാങ്കു മാത്രമായി ക്രിസ്ത്യൻ വിഭാഗത്തെ കണ്ടിരുന്ന അവർക്ക് വോട്ടു ചോർച്ച വരുമോ എന്ന ഭീതിയാണെന്നും രമേശ് പറഞ്ഞു.
വിചാരധാരയിൽ ഇന്ത്യയുടെ ശത്രുക്കളുടെ കൂട്ടത്തിൽ ക്രിസ്ത്യാനികളെയും എണ്ണുന്നത് ചൂണ്ടിക്കാട്ടി, ആ ഗ്രന്ഥത്തെ തള്ളിപ്പറയാൻ ബിജെപി തയാറാണോയെന്ന് റിയാസ് ചോദിച്ചിരുന്നു. ഗ്രഹാം സ്റ്റെയിനെ ആക്രമിച്ചവരെ ബി ജെ പി തള്ളിപ്പറഞ്ഞില്ല. ഇന്ത്യയിൽ ക്രിസ്ത്യാനികൾ നിരന്തരം ആക്രമിക്കപ്പെടുന്നു. വിചാരധാരയുടെ ആശയത്തിൽ പ്രചോദിതമായിട്ടാണ് രാജ്യത്ത് ക്രിസ്ത്യാനികൾക്കെതിരെ ആക്രമണം നടക്കുന്നത്. ക്രിസ്ത്യൻ സമൂഹത്തിലുള്ളവർക്ക് ചോദ്യം ചോദിക്കാനുള്ള അവസരമാണിത്. അക്രമികൾക്കെതിരെ കേസെടുക്കാൻ പോലും പലയിടത്തും പൊലീസ് തയ്യാറാവുന്നില്ലെന്നും മന്ത്രി വിമർശിച്ചിരുന്നു.





