ലഖ്‌നോ: സ്‌കൂളില്‍ കുട്ടികളെ കൊണ്ട് നിര്‍ബന്ധിച്ച് നിസ്‌കരിപ്പിച്ചുവെന്നും മതം മാറ്റാന്‍ ശ്രമിച്ചു എന്നുമുള്ള ആരോപണത്തെത്തുടര്‍ന്ന് സസ്‌പെന്‍ഷനിലായ പ്രധാനാധ്യാപകനെ തിരിച്ചെടുത്തു. ഉത്തര്‍പ്രദേശിലെ മഥുര ജില്ലയിലെ നൗജീല്‍ പ്രൈമറി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ജാന്‍ മുഹമ്മദിനെയാണ് (52) അന്വേഷണ സമിതി കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സര്‍വീസില്‍ തിരിച്ചെടുത്തത്. പ്രാദേശിക ബിജെപി നേതാവിന്റെ പരാതിയില്‍ ജനുവരി 31-നായിരുന്നു ഇദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തത്.
|
ബിജെപി നേതാവ് ദുര്‍ഗേഷ് പ്രധാന്‍ ആണ് പ്രധാനാധ്യാപകനായ ജാന്‍ മുഹമ്മദിനെതിരെ പരാതി നല്‍കിയത്. മുഹമ്മദ് വിദ്യാര്‍ത്ഥികളെ ‘മസ്തിഷ്‌കപ്രക്ഷാളനം’ (Brainwashing) ചെയ്യുന്നുവെന്നും, സ്‌കൂളില്‍ ദേശീയഗാനം തടഞ്ഞുവെന്നും, ഹിന്ദു മതത്തെ അവഹേളിച്ചുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു. പ്രാഥമിക അന്വേഷണം പോലും നടത്താതെ ജനുവരി 31-നാണ് മുഹമ്മദിനെ സസ്‌പെന്‍ഡ് ചെയ്തത്.
അന്വേഷണത്തിലെ കണ്ടെത്തലുകള്‍
സസ്‌പെന്‍ഷന് പിന്നാലെ നടന്ന വിശദമായ അന്വേഷണത്തില്‍ സ്‌കൂളിലെ അധ്യാപകര്‍, മാനേജ്‌മെന്റ് അംഗങ്ങള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരെ ചോദ്യം ചെയ്തു. 2007 മുതല്‍ സ്‌കൂളില്‍ സേവനമനുഷ്ഠിക്കുന്ന മുഹമ്മദ് മാത്രമാണ് അവിടുത്തെ ഏക മുസ്ലിം അധ്യാപകന്‍. സ്‌കൂളിലെ 235 വിദ്യാര്‍ത്ഥികളില്‍ 89 പേര്‍ മാത്രമാണ് മുസ്ലിംകള്‍.
സ്‌കൂളിലെ മറ്റ് ഹിന്ദു അധ്യാപകര്‍ ബിജെപി നേതാവിന്റെ ആരോപണങ്ങള്‍ പൂര്‍ണ്ണമായും നിഷേധിച്ചു. സ്‌കൂളില്‍ നിര്‍ബന്ധിത പ്രാര്‍ത്ഥനകള്‍ നടക്കുന്നില്ലെന്നും ദേശീയഗാനം ദിവസവും ആലപിക്കുന്നുണ്ടെന്നും അവര്‍ സാക്ഷ്യപ്പെടുത്തി.
ALSO READ: 27 ദിവസങ്ങള്‍, 800ലധികം കാണാതാകലുകള്‍! ഡല്‍ഹിയിലെ തിരോധാനത്തിന്റെ ഭയപ്പെടുത്തുന്ന കണക്കുകള്‍
സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് തെളിഞ്ഞു. ഒരു ഹിന്ദു വിദ്യാര്‍ത്ഥി പോലും ആരോപണങ്ങളെ ശരിവെച്ചില്ല. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി തങ്ങള്‍ ദിവസവും ദേശീയഗാനം ആലപിക്കാറുണ്ടെന്ന് വ്യക്തമാക്കുകയും അത് പാടിക്കാണിക്കുകയും ചെയ്തു. ബി.എസ്.എ (Basic Shiksha Adhikari) രൂപീകരിച്ച രണ്ടംഗ സമിതി നടത്തിയ അന്വേഷണത്തില്‍ ആരോപണങ്ങളില്‍ സത്യാവസ്ഥയില്ലെന്ന് കണ്ടെത്തിയതോടെയാണ് ജാന്‍ മുഹമ്മദിനോട് വീണ്ടും ജോലിയില്‍ പ്രവേശിക്കാന്‍ ഉത്തരവിട്ടത്.
2007 മുതല്‍ ഇതേ സ്‌കൂളില്‍ ജോലി ചെയ്യുന്ന തനിക്കെതിരെ ഇതുവരെ ഇത്തരം പരാതികള്‍ ഉണ്ടായിട്ടില്ലെന്ന് ജാന്‍ മുഹമ്മദ് പറഞ്ഞു. സ്‌കൂളിലെ എട്ട് അധ്യാപകരില്‍ ഏക മുസ്ലിം അധ്യാപകനാണ് ഇദ്ദേഹം. മറ്റ് ഏഴ് പേരും ഹിന്ദു വിഭാഗത്തില്‍പ്പെട്ടവരാണ്. ഹെഡ്മാസ്റ്ററെ പിന്തുണച്ച് അധ്യാപികയായ കാംന അഗര്‍വാളും രംഗത്തെത്തിയിരുന്നു. കൃത്യമായ അന്വേഷണം നടത്താതെയായിരുന്നു സസ്‌പെന്‍ഷനെന്നും അവര്‍ ചൂണ്ടിക്കാട്ടി.
വിദ്വേഷം പരത്തി സോഷ്യല്‍ മീഡിയ
വസ്തുതകള്‍ പുറത്തുവരുന്നതിന് മുന്‍പ് തന്നെ തീവ്രവലതുപക്ഷ ഗ്രൂപ്പുകള്‍ മുഹമ്മദിനെയും മുസ്ലിം സമുദായത്തെയും ലക്ഷ്യം വെച്ച് വ്യാപകമായ പ്രചാരണം നടത്തിയിരുന്നു. ‘ഓപ് ഇന്ത്യ’ (OpIndia) പോലുള്ള മാധ്യമങ്ങള്‍ മുഹമ്മദ് മതപരിവര്‍ത്തനത്തിന് ശ്രമിച്ചുവെന്നും തബ്ലീഗ് ജമാഅത്ത് അംഗങ്ങളെ സ്‌കൂളില്‍ എത്തിച്ചുവെന്നും യാതൊരു തെളിവുമില്ലാതെ വാര്‍ത്തകള്‍ നല്‍കി. പ്രാഥമിക അന്വേഷണത്തില്‍ ഇതെല്ലാം സത്യമാണെന്ന് തെളിഞ്ഞതുകൊണ്ടാണ് അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തത് എന്ന രീതിയിലായിരുന്നു ഇവരുടെ റിപ്പോര്‍ട്ടുകള്‍.
രാഷ്ട്രീയ പ്രേരിതമായ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കെതിരെ പ്രാഥമിക അന്വേഷണം പോലും നടത്താതെ നടപടിയെടുക്കുന്ന സാഹചര്യം ആശങ്കാജനകമാണെന്ന് മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. മാധ്യമങ്ങള്‍ വെറുപ്പ് പ്രചരിപ്പിക്കാനുള്ള ഉപാധിയാകാതെ വസ്തുതകള്‍ വിളിച്ചുപറയാനുള്ള വേദിയാകണമെന്നും അവര്‍ ഓര്‍മ്മിപ്പിക്കുന്നു.


