വയനാട്: വയനാട് മണ്ഡലത്തില്‍ നോമിനേഷന്‍ നല്‍കാനെത്തിയ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയില്‍ മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ കൊടി ഒഴിവാക്കി. മുന്‍കൂട്ടി നല്‍കിയ നിര്‍ദേശപ്രകാരമാണ് പത്രിക സമര്‍പ്പിക്കാനുള്ള റാലിയില്‍ കൊടികള്‍ ഒഴിവാക്കിയത്. കഴിഞ്ഞ തവണ രാഹുലിന്റെ റോഡ് ഷോയില്‍ ഉപയോഗിച്ച മുസ്ലിം ലീഗ് പതാക ബിജെപി വ്യാജ പ്രചാരണത്തിനുപയോഗിച്ച പശ്ചാത്തലത്തിലാണ് ഇങ്ങിനെയൊരു തീരുമാനമെടുത്തതെന്നാണ് അറിയുന്നത്. ( Muslim league flag banned in rahul road show in wayanad )
|
രാഹുല്‍ ഗാന്ധി കേരളത്തിലെത്താന്‍ തുടങ്ങിയതു മുതലാണ് ലീഗ് കൊടിക്കും അയിത്തമായത്. മുസ്ലീം ലീഗ് കൊടികള്‍ ഉപയോഗിച്ചത് ഉത്തരേന്ത്യയില്‍ തിരിച്ചടിയായെന്ന അഭിപ്രായമായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്. ലീഗിന്റെ കൊടി പാകിസ്താന്റെ പതാകയെന്ന തരത്തില്‍ ബിജെപി പ്രചരണം നടത്തിയെന്നായിരുന്നു വിലയിരുത്തല്‍.
രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയില്‍ നിന്ന് ലീഗിന്റെ പച്ചപ്പതാക ഒഴിവാക്കണമെന്ന കോണ്‍ഗ്രസിന്റെ ശാഠ്യത്തിന് മുന്നില്‍ വഴങ്ങേണ്ടിവന്ന മുസ്ലീം ലീഗ് സ്വന്തം പാര്‍ട്ടിയുടെ അസ്തിത്വമാണ് ബലി കൊടുത്തതെന്ന് ഐ എന്‍ എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ പരിഹസിച്ചു. ഇന്ത്യയില്‍ ഒരു പാര്‍ട്ടിയും ഇന്നേവരെ നേരിടേണ്ടിവരാത്ത പ്രതിസന്ധിയാണിതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ തവണ നോമിനേഷന്‍ റാലിയിലെ പച്ചക്കൊടി വിവാദത്തിന് ശേഷം പിന്നീട് രാഹുല്‍ പങ്കെടുത്ത പല പരിപാടികളിലും ലീഗ് കൊടിക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ തിരുവനന്തപുരത്ത് യുഡിഎഫ് സമരത്തിലും ലീഗ് കൊടിക്ക് വിലക്കുണ്ടായി. സമരവേദിയില്‍ കെട്ടിയ ലീഗിന്റെ കൊടി കോണ്‍ഗ്രസ് നേതാവ് എടുത്തെറിഞ്ഞതായി ലീഗ് നേതാവ് പരാതിപ്പെട്ടു. ലീഗിന്റെ കൊടി പാകിസ്താനില്‍ കൊണ്ടുപോയി കെട്ടാനായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ അധിക്ഷേപം.





