|
മംഗളൂരു: ചെന്നൈയിൽ നടക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷത്തിനായി പ്രവർത്തകരെ സമ്മേളന നഗരിയിലെത്തിക്കാൻ തീവണ്ടി വാടകയ്‌ക്കെടുത്ത് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്. പാർട്ടിയുടെ 75ാം വാർഷികം ആഘോഷിക്കാൻ ചെന്നൈയിലേക്ക് പ്രവർത്തകരെ കൊണ്ടുപോകുന്ന പ്രത്യേക തീവണ്ടി, ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷനിൽനിന്നാണ് പുറപ്പെടുക. ട്രെയിൻ വാടകയ്‌ക്കെടുത്ത് പ്രവർത്തകരെ സമ്മേളനനഗരിയിലേക്ക് എത്തിക്കുന്നത് അപൂർവമാണ്. 60 ലക്ഷത്തോളം രൂപ മുടക്കിയാണ് ലീഗ് വാടകയ്ക്ക് ട്രെയിൻ എടുത്തിരിക്കുന്നത്.
17 സ്ലീപ്പർ കോച്ച്, മൂന്ന് എ.സി. കോച്ച്, 24 പ്രവർത്തകരെ വീതം ഉൾക്കൊള്ളുന്ന രണ്ട് പ്രത്യേക കോച്ചുകൾ എന്നിങ്ങനെയാണ് ഈ ചാർട്ടേഡ് ട്രെയിനിൽ ഉള്ളത്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, തിരൂർ, പാലക്കാട് എന്നിവിടങ്ങളിൽ മാത്രമാണ് ട്രെയിനിന് സ്റ്റോപ്പുള്ളത്. ഇവിടങ്ങളിൽനിന്ന് പാർട്ടിപ്രവർത്തകർ ട്രെയിനിൽ കയറും. 1416 പ്രവർത്തകർക്ക് ഈ ട്രെയിനിൽ യാത്രചെയ്യാം. ട്രെയിൻ വെള്ളിയാഴ്ച രാവിലെ ചെന്നൈ എഗ്മോറിലെത്തും. അവിടെനിന്ന് ബസിൽ പ്രവർത്തകരെ സമ്മേളനനഗരിയായ രാജാജിഹാളിൽ എത്തിക്കും. 75 വർഷം മുൻപ് ഖാഇദെ മില്ലത്ത് ഇസ്മാഈൽ സാഹിബ് പാർട്ടിക്ക് രൂപം നൽകിയത് ഇവിടെയായിരുന്നു. തമിഴ്നാട് സർക്കാരിന്റെ 30 ബസുകളാണ് ബുക്ക് ചെയ്തിട്ടുള്ളത്. സമ്മേളനവും പൊതുപരിപാടിയും കഴിഞ്ഞ് വെള്ളിയാഴ്ച രാത്രി 11-ന് ഇതേ ചാർട്ടേഡ് ട്രെയിൻ തിരിച്ച് പ്രവർത്തകരുമായി മംഗളൂരുവിലേക്ക് പുറപ്പെടും.
ചെന്നൈയിൽ നടക്കുന്ന മുസ്ലീം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനത്തിൽ കേരളത്തിൽ നിന്നും 700 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.
വിവിധ സംസ്ഥാനങ്ങളിൽ നിന്ന് രണ്ടായിരത്തോളം പ്രതിനിധികൾ പങ്കെടുക്കും. ദേശീയ ഭാരവാഹികൾ, സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങൾ ജനപ്രതിനിധികൾ നിയോജകമണ്ഡലം പ്രസിഡൻറുമാർ സെക്രട്ടറിമാർ തുടങ്ങിയവരാണ് പങ്കെടുക്കുക. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വേരുകൾ കൂടുതൽ ഉറപ്പിക്കാനുള്ള നയപരിപാടികൾ ചർച്ചയാകും.
സമ്മേളനത്തിന്റെ ഭാഗമായി പത്താം തിയ്യതി കൊട്ടിവാക്കം വൈഎംസിഎ മൈതാനത്ത് നടക്കുന്ന റാലിയിൽ സംസ്ഥാനത്തു നിന്നും കാൽ ലക്ഷത്തോളം പ്രവർത്തകർ പങ്കെടുക്കുമെന്നാണ് നേതാക്കൾ അറിയിച്ചത്. റാലിക്ക് ശേഷം നടക്കുന്ന പൊതുസമ്മേളനത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ മുഖ്യാതിഥിയാകും.


