മലപ്പുറം: അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്ന് തവണ എംഎല്‍എയായവരെ മല്‍സരിപ്പിക്കേണ്ടെന്ന് മുസ്ലിം ലീഗില്‍ ധാരണ.(Muslim League to tighten three-term rule; prominent figures will have to stay out) മുതിര്‍ന്ന നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടിക്കും എം കെ മുനീറിനും മാത്രമാകും ഇളവ് നല്‍കുക. അങ്ങനെ വന്നാല്‍ എംഎല്‍എ കുപ്പായവും മന്ത്രി കുപ്പായവും തുന്നി കാത്തിരിക്കുന്ന പല പ്രമുഖരും പുറത്താകും.
|
തുടര്‍ച്ചയായി മൂന്ന് തവണ മത്സരിച്ചു വിജയിച്ചവരും മൂന്നുതവണ എംഎല്‍എ ആയവരും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ വഴിമാറട്ടെ എന്നാണ് മുസ്ലിം ലീഗിന്റെ തീരുമാനം. തീരുമാനം നടപ്പായാല്‍ എംഎല്‍എമാരായ എന്‍ എ നെല്ലിക്കുന്ന് (കാസര്‍ഗോഡ്), പി കെ ബഷീര്‍ (ഏറനാട്), പി ഉബൈദുള്ള (മലപ്പുറം), മഞ്ഞളാംകുഴി അലി (മങ്കട), ഷംസുദ്ദീന്‍ (മണ്ണാര്‍ക്കാട്) എന്നിവര്‍ക്ക് സീറ്റ് ലഭിക്കില്ല.
ALSO READ: 55 വയസ്സുള്ള അമ്മാവനുമായി പ്രണയം; നവവരനെ വാടക ഗുണ്ടകളെ ഉപയോഗിച്ച് കൊലപ്പെടുത്തി യുവതി
അഞ്ചുതവണ നിയമസഭയില്‍ എത്തിയ കെ പി എ മജീദിനും അവസരം ലഭിച്ചേക്കില്ല. ഇവര്‍ക്ക് പുറമേ വള്ളിക്കുന്ന് എംഎല്‍എ പി അബ്ദുല്‍ ഹമീദ് മാസ്റ്ററും മഞ്ചേരി എംഎല്‍എ യുഎ ലത്തീഫും മാറിയേക്കും എന്നും സൂചനയുണ്ട്.
മുസ്ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി, കേരള ബാങ്ക് ഡയറക്ടര്‍ തുടങ്ങി ഒട്ടേറെ പദവികള്‍ വഹിക്കുന്നുണ്ട് അബ്ദുല്‍ ഹമീദ് മാസ്റ്റര്‍. ആരോഗ്യ പ്രശ്‌നങ്ങളാണ് യു എ ലത്തീഫിന് വെല്ലുവിളിയാകുന്നത്. ഇവര്‍ ഒഴിയുന്ന സീറ്റുകള്‍ക്ക് പുറമേ കഴിഞ്ഞതവണ മത്സരിച്ച തോറ്റ സീറ്റുകളിലും യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും അവസരം ലഭിച്ചേക്കും.
കെ എം ഷാജി, പി കെ ഫിറോസ് എന്നിവര്‍ക്ക് വിജയം ഉറപ്പുള്ള സീറ്റുകള്‍ നല്‍കണമെന്ന ആവശ്യവും ലീഗിനുള്ളില്‍ ശക്തമാണ്. ഇവര്‍ക്ക് പുറമേ മുസ്ലിം ലീഗിന്റെയും യൂത്ത് ലീഗിന്റെയും നിരവധി പ്രമുഖ നേതാക്കളും സ്ഥാനാര്‍ത്ഥി സാധ്യത പട്ടികയില്‍ ഉണ്ട്. എന്നാല്‍, പി കെ ബഷീറിനെയും എന്‍ ഷംസുദ്ദീനെയും പോലെ മണ്ഡലത്തില്‍ സ്വാധീനമുള്ള നേതാക്കളെ ഒഴിവാക്കുന്നത് ലീഗിന് വെല്ലുവിളിയാവും.
മുസ്ലിംലീഗിനും യുഡിഎഫിനും വിജയം അനിവാര്യമായ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനപിന്തുണയുള്ള മുതിര്‍ന്ന നേതാക്കളെ മാറ്റി പരീക്ഷണത്തിന് തയ്യാറാകുമോ എന്നതും കണ്ട് തന്നെ അറിയണം. മുന്‍പ് പലവട്ടം ടേം വ്യവസ്ഥ നടപ്പിലാക്കാന്‍ ശ്രമിച്ചെങ്കിലും മുതിര്‍ന്ന നേതാക്കള്‍ ഒഴിഞ്ഞു കൊടുക്കാന്‍ തയ്യാറാകാത്തതിനാല്‍ മാറ്റിവയ്‌ക്കേണ്ടി വന്നിരുന്നു. എന്നാല്‍, ഇത്തവണ യൂത്ത് നേതാക്കള്‍ കടുത്ത സമ്മര്‍ദ്ദവുമായി രംഗത്തുണ്ട്. സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളാണ് ഇക്കാര്യത്തില്‍ അവസാന വാക്ക്.


