28
Oct 2023
Mon
28 Oct 2023 Mon

കോഴിക്കോട്: മലപ്പുറത്ത് തട്ടം വേണ്ടെന്നു പറയുന്ന പെൺകുട്ടികളുണ്ടായത് കമ്യൂണിസ്റ്റ് പാർട്ടിയുടെ നേട്ടമാണെന്ന സിപിഎം നേതാവ് കെ അനിൽകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ മുസ്‌ലിം സംഘടനകൾ രം​ഗത്ത്. സിപിഎം നേതാവ് കെ. അനിൽകുമാർ മലപ്പുറത്തെ മുസ്‌ലിം പെൺകുട്ടിളെ അപമാനിച്ച് നടത്തിയ പ്രസംഗം പിൻവലിച്ച് മാപ്പ് പറയണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞദിവസം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മനുഷ്യത്വ വിരുദ്ധ തീവ്ര നവലിബറൽ ഫാസിസ്റ്റ് പ്രചാരകനായ രവിചന്ദ്രന്റെ നേതൃത്വത്തിലുള്ള എസ്സെൻസ് നടത്തിയ ലിറ്റ്മസ് പരിപാടിയിൽ മലപ്പുറം ജില്ലയിലെ മുസ്‌ലിം പെൺകുട്ടികളുടെ മതപരമായ വേഷവിധാനത്തെ പരസ്യമായി അധിക്ഷേപിച്ചും തലയിലെ തട്ടം അഴിപ്പിക്കുന്നതിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ മഹത്വം വിവരിച്ചും നടത്തിയ പ്രസംഗം മുസ്‌ലിം സമുദായത്തോടുള്ള വെല്ലുവിളിയാണെന്നും ഇതിനെ തള്ളിപ്പറയാനും പരസ്യമായി തിരുത്തിക്കാനും സിപിഎം തയ്യാറാകണമെന്നും അവർ പറഞ്ഞു.

രാഷ്ട്രീയ ദുഷ്ടലാക്കിൽ കേരളത്തിൽ ഇസ്‍ലാമോഫോബിയ വളർത്തിയ സിപിഎമ്മിന്റെ തനിനിറമാണ് ഇടയ്ക്കിടെ പുറത്തുചാടുന്നതെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി മുജീബുറഹ്മാൻ പറഞ്ഞു. മലപ്പുറത്തെ മുസ്‍ലിം പെൺകുട്ടികൾ വിദ്യാഭ്യാസപരമായി വളർന്നുവെന്നും അതിന്റെ ഭാഗമായി തലയിൽനിന്നു തട്ടമൊഴിവാക്കിയെന്നും യുക്തിവാദി സമ്മേളനത്തിൽ സിപിഎം നേതാവ് പ്രസംഗിച്ചിരിക്കെ, വിദ്യാഭ്യാസത്തെക്കുറിച്ചും പുരോഗമനത്തെക്കുറിച്ചും മലപ്പുറത്തെക്കുറിച്ചും സിപിഎം നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരു മതവിഭാഗത്തിന്റെ മാത്രം മതപരമായ സ്വത്വത്തോട് മാത്രമെന്തിനാണ് സിപിഎമ്മിന് ഈ അസ്‌ക്യത? മലപ്പുറത്തെ പെൺകുട്ടികളുടെ തലയിലെ തട്ടം ഒഴിവാക്കലാണോ മലപ്പുറം ജില്ലയെക്കുറിച്ച് സിപിഎമ്മിന്റെ പുരോഗമന കാഴ്ചപ്പാടെന്നും അദ്ദേഹം ചോദിച്ചു.

സിപിഎമ്മുകാരുടെ ഉള്ളിലിരിപ്പ് എന്താണെന്ന് വ്യക്തമാക്കുന്ന സംഭവമാണ് നാസ്തിക സമ്മേളനത്തിലെ അനിൽ കുമാറിന്റെ പ്രസംഗമെന്ന് മുസ്‌ലിം ലീഗ് നേതാവും എംഎൽഎയുമായ കെപിഎ മജീദ് വിമർശിച്ചു. സംഘ്പരിവാർ സ്‌പോൺസേഡ് നാസ്തിക ദൈവം രവിചന്ദ്രൻ സംഘടിപ്പിച്ച വേദിയിൽ പോയി മലപ്പുറത്തെ കുട്ടികൾ തട്ടം ഉപേക്ഷിക്കുകയാണെന്നും അത് സിപിഎമ്മിന്റെ നേട്ടമാണെന്നും പറയണമെങ്കിൽ ചെറിയ തൊലിക്കട്ടിയൊന്നും പോരാ.

സ്വതന്ത്രചിന്ത എന്നാൽ തട്ടം ഉപേക്ഷിക്കലാണെന്ന കണ്ടുപിടുത്തവും അനിൽകുമാർ നടത്തുന്നുണ്ടെന്നും മലപ്പുറത്തിന്റെ ഉള്ളടക്കം വർഗീയമാണെന്ന് പറഞ്ഞ അതേ സിപിഎമ്മാണ് ഇപ്പോൾ കുട്ടികളൊക്കെ തട്ടം ഉപേക്ഷിക്കുകയാണെന്ന വിചിത്രമായ കണ്ടുപിടുത്തം നടത്തിയിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വനിതാ മതിൽ കെട്ടുമ്പോഴും പ്രകടനത്തിന്റെ മുന്നിലെ കെട്ടുകാഴ്ച്ചയ്ക്കും നിങ്ങൾക്ക് ശിരോവസ്ത്രമിട്ട പെൺകുട്ടികളെ വേണം. എന്നാൽ, അതിനോടുള്ള പുച്ഛത്തിന് മാത്രം യാതൊരു മാറ്റവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിപിഎം നേതാവ് അനിൽകുമാറിന്റെ പ്രസംഗത്തിലുടെ മതരഹിതമായ സമൂഹമാണ് സിപിഎം ലക്ഷ്യം വയ്ക്കുന്നതെന്ന് മനസിലാക്കാമെന്ന് വിസ്ഡം ഇസ്‌ലാമിക്‌ ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി കെ അഷ്‌റഫ് പറഞ്ഞു. യുക്തിവാദികളെക്കാൾ മുസ്‌ലിം സമുദായത്തെ മതവിരുദ്ധരാക്കാൻ പണിയെടുക്കുന്നത് സിപിഎമ്മാണെന്നും അതിന്റെ ക്രെഡിറ്റ് യുക്തിവാദ സംഘടനകൾക്ക് അവകാശപ്പെട്ടതല്ലെന്ന് വ്യക്തമാണെന്നും ടി കെ അഷ്‌റഫ് ഫേസ്ബുക്കിൽ കുറിച്ചു. സിപിഎമ്മിന് മുസ്‌ലിം സമുദായത്തിന്റെ മതവിശ്വാസത്തോട് മാത്രമായിട്ട് എന്താണിത്ര പ്രശ്‌നമെന്ന് ആ സമുദായമെങ്കിലും ചിന്തിച്ചാൽ നല്ലത്. അഡ്വ. അനിൽകുമാറിന്റെ പ്രസംഗം സംബന്ധിച്ച് മുഖ്യമന്ത്രിയും സിപിഎം സെക്രട്ടറി എം വി ഗോവിന്ദനും പാർട്ടിയുടെയും സർക്കാരിന്റേയും നയം ഇത് തന്നെയാണോയെന്ന് തുറന്ന് പറയാൻ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിചേർത്തു.

മുസ്‌ലിം പെൺകുട്ടികൾക്ക് തട്ടം ഉപേക്ഷിക്കാൻ സഹായകമായത് പാർട്ടിയുടെ പ്രവർത്തനം മൂലമാണെന്ന സിപിഎം നേതാവ് അഡ്വ. അനിൽകുമാറിൻ്റെ പ്രസംഗം തികഞ്ഞ വർഗീയതയും മുസ്‌ലിം വിരുദ്ധ പരാമർശവുമാണെന്ന് പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും കോഴിക്കോട് പാളയം ജുമാ മസ്ജിദ് ചീഫ് ഇമാമുമായ ഡോ. ഹുസൈൻ മടവൂർ പറഞ്ഞു. അനിൽകുമാർ നാസ്തികനാണെങ്കിൽ അദ്ദേഹത്തിന്ന് അത് പറയാം. എന്നാൽ മുസ്‌ലിംകളിൽ നിന്ന് ഇസ്‌ലാമിനെ ഇല്ലാതാക്കലാണ് പാർട്ടി ചെയ്ത സേവനമെന്ന് പ്രസ്താവിച്ചത് പ്രതിഷേധാർഹമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

മതനിരപേക്ഷത സമൂഹത്തെ അല്ല മതരഹിത സമൂഹമാണ് ഇടതുപക്ഷം ലക്ഷ്യം വയ്ക്കുന്നത് എന്നതിൻ്റെ വ്യക്തമായ തെളിവാണ് അനിൽകുമാറഇന്റെ പ്രസ്താവനയെന്ന് ഐഎസ്എം. കമ്യൂണിസം പ്രചരിപ്പിക്കുന്നതിനേക്കാൾ കൂടുതൽ ലിബറലിസവും നാസ്തികതയുമാണ് പുതിയ തലമുറയിൽ കുത്തിവയ്ക്കാൻ ഇടതുപക്ഷം ശ്രമിക്കുന്നത് എന്ന് വ്യക്തമാക്കുന്നതാണ് ഈ പ്രസ്താവനയെന്നും ഐഎസ്എം പത്രക്കുറിപ്പില്‍ പറഞ്ഞു.

അഡ്വ. കെ അനിൽകുമാറിന്റെ പ്രസംഗത്തിലുടെ സിപിഎമ്മിന്റെ മുസ്‌ലിം വിരുദ്ധത ഒരിക്കൽകൂടി പുറത്തുവന്നിരിക്കുകയാണെന്ന് ജിഐഒ സംസ്ഥാന പ്രസിഡന്റ് അഡ്വ. തമന്ന സുൽത്താന പറഞ്ഞു. ഇടതുപക്ഷ സർക്കാരുകളടക്കം മാറി മാറി വന്ന ഒരു മുന്നണിക്കും മുസ്‌ലിമിന്റെ സാമൂഹ്യ പുരോഗതിയിൽ പ്രത്യേകിച്ച് പങ്കില്ല. അത് അവരുടെ കഠിനാധ്വാനത്തിന്റെ മാത്രം ഫലമാണ്. തട്ടമിട്ട പെൺകുട്ടികളുടെ ആർജവത്തോട് സിപിഎമ്മിനും ഇവിടത്തെ മുഖ്യധാരയ്ക്കും ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ഈ അസ്വസ്ഥതയെന്നും ഇതിന്റെ പേര് ഇസ്‌ലാമികഫോബിയയെന്നും തമന്ന സുൽത്താന ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

മലപ്പുറത്തെ പെണ്ണുങ്ങളെക്കാൾ മുസ്‍ലിം സ്ത്രീകൾ ഹിജാബ് പാലിക്കുന്നത് പാർട്ടിക്ക് കൂടുതൽ സ്വാധീനമുള്ള കണ്ണൂരും കാസർകോടുമാണെന്ന് എസ്കെഎസ്എസ്എഫ് നേതാവ് സന്താർ പന്തല്ലൂർ പറഞ്ഞു. പാർട്ടിക്ക് മുസ്‍ലിംളെ കുറിച്ച് ഒരു ചുക്കും അറിയില്ല. രണ്ട് പതിറ്റാണ്ട് മുൻപ്, കാംപസുകളിൽ തട്ടമിട്ട ഉമ്മച്ചിക്കുട്ടികൾ വിരളമായിരുന്നെങ്കിൽ ഇന്നത് നേരെ തിരിച്ചാണ്. അതിന്റെ കാരണം ഒരു പാർട്ടിയുമല്ലെന്നും സത്താർ പറഞ്ഞു. സിപിഎം അഖിലേന്ത്യാ സെക്രട്ടറി ഹർകിഷൻ സിങ് സുർജിത് മരിക്കുന്നതുവരെ മതചിഹ്നമായ തലപ്പാവ് ധരിച്ചിരുന്നു. അത് ഒരിക്കൽ പോലും അഴിച്ചുവെപ്പിക്കാൻ സാധിക്കാത്ത കക്ഷിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയെന്നും അദ്ദേഹം വ്യക്തമാക്കി.

തട്ടം വേണ്ടെന്ന് പറയുന്ന പെൺകുട്ടികൾ മലപ്പുറത്തുണ്ടായത് കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ വന്നതിന്റെ ഭാഗമായിട്ടു തന്നെയാണെന്നായിരുന്നു സിപിഎം നേതാവ് അഡ്വ. കെ. അനിൽകുമാറിന്റെ പരാമർശം. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ സി.രവിചന്ദ്രന്റെ നേതൃത്വത്തിലുള്ള യുക്തിവാദ സംഘടനയായ എസ്സെൻസ് ​ഗ്ലോബൽ സംഘടിപ്പിച്ച ലിറ്റ്മസ്’23- നാസ്തിക സമ്മേളനത്തിലായിരുന്നു അനിൽകുമാറിന്റെ പരാമർശം.

സ്വതന്ത്രചിന്ത വന്നതിൽ ഈ പ്രസ്ഥാനത്തിന്റെ പങ്ക് ചെറുതല്ലെന്നും മുസ്‌ലിം സ്ത്രീകൾ പട്ടിണി കിടക്കുന്നില്ലെങ്കിൽ അതിനു നന്ദി പറയേണ്ടത് എസ്സെൻസിനോടല്ല, മാർക്‌സിസ്റ്റ് പാർട്ടിയോടാണെന്നും കെ. അനിൽകുമാർ അഭിപ്രായപ്പെട്ടു. ചൂഷണത്തെ എതിർക്കാൻ അണിനിരത്തുക എന്നതാണ് തങ്ങളുടെ രാഷ്ട്രീയമെന്നും സിപിഎം നേതാവ് പറഞ്ഞു. ഏകീകൃത സിവിൽകോഡ് ആവശ്യമുണ്ടോ എന്ന സെഷനിലായിരുന്നു കെ. അനിൽകുമാറിന്റെ വിവാദ പരാമർശങ്ങൾ.