30
Apr 2025
Tue
30 Apr 2025 Tue
murshidabad marriage

മുര്‍ഷിദാബാദ്: വഖഫ് പ്രക്ഷോഭത്തെ തുടര്‍ന്ന് കലാപബാധിതമായ പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദില്‍ ഹിന്ദു തൊഴിലാളിയുടെ വിവാഹം നടത്തി നല്‍കി മുസ്ലിം ഉടമ. (Muslim owner arranges Hindu worker’s wedding in riot-hit Murshidabad ) മുര്‍ഷിദാബാദ് ജില്ലയിലെ ഇഷ്ടിക ചൂളയിലെ തൊഴിലായിയുടെ വിവാഹമാണ് ചൂളയുടെ ഉടമ നടത്തി നല്‍കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദോംകലിലെ ഭട്ശാല സ്വദേശികളായ സിമുലുവും ഷിയുലിയുമാണ് ഹിന്ദു ആചാരങ്ങള്‍ക്കനുസൃതമായി വിവാഹം കഴിച്ചത്. ഇരുവരും കുടുംബത്തോടൊപ്പം മരിയ ബ്രിക്ക് കില്‍നില്‍ ജോലി ചെയ്യുന്നവരാണ്.

അഞ്ച് വര്‍ഷമായി അവര്‍ ഒരുമിച്ചാണെങ്കിലും, വിവാഹച്ചെലവുകള്‍ താങ്ങാന്‍ കഴിയാത്തതിനാല്‍ അവരുടെ കുടുംബങ്ങള്‍ക്ക് ചടങ്ങ് നടത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ചൂളയുടമ സഹായവുമായെത്തുകയായിരുന്നു.

ALSO READ: മുസ്ലിം ലീഗ് വഖഫ് നിയമ ഭേദഗതിക്കെതിരേ നടത്തിയ റാലിയില്‍ പിണറായി വിജയനെതിരേ അസഭ്യ മുദ്രാവാക്യം വിളിച്ചോ?

ചൂള ഉടമ മുസ്തഫ ഷെയ്ഖ് ആണ് വിവാഹം നടത്താന്‍ മുന്‍കൈ എടുത്തതും ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്ത് കൊടുത്തതും. ചൂളയില്‍ ജോലി ചെയ്തിരുന്ന കാലത്ത് തന്നെ സിമുലും ഷിയുലിയും അടുത്ത ബന്ധം വളര്‍ത്തിയെടുത്തിരുന്നുവെന്നും അവരുടെ പ്രണയത്തെക്കുറിച്ച് ചൂള ഉടമകളെ അറിയിച്ചിരുന്നുവെന്നും ദമ്പതികളുടെ സഹപ്രവര്‍ത്തകര്‍ പറഞ്ഞു. എന്നാല്‍, ചെലവുകള്‍ താങ്ങാനാവാത്തതിനാല്‍ വിവാഹ ചടങ്ങ് നടത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല.

തുടര്‍ന്ന് മുസ്തഫ അവരുടെ വിവാഹം നടത്തി നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയായിരുന്നു. ഇരുവരും അഞ്ച് വര്‍ഷമായി തന്റെ ചൂളയില്‍ ജോലി ചെയ്യുന്നുണ്ടെന്നും അവര്‍ തന്റെ കുടുംബം പോലെയാണെന്നും മുസ്തഫ ഷെയ്ഖ് പറഞ്ഞു.

‘അവര്‍ അഞ്ച് വര്‍ഷമായി ഞങ്ങളോടൊപ്പം ജോലി ചെയ്യുന്നു, ഞങ്ങള്‍ അവരെ ഞങ്ങളുടെ കുടുംബത്തിന്റെ ഭാഗമായി കണക്കാക്കുന്നു.’ മുസ്തഫ ഷെയ്ഖ് പറഞ്ഞു.

ദോംകലിലെ കലിതാല പ്രദേശത്തുള്ള ഒരു ക്ഷേത്രത്തില്‍ വെച്ചാണ് വിവാഹ ചടങ്ങ് നടന്നത്. നവദമ്പതികള്‍ക്ക് സ്വര്‍ണ്ണം സമ്മാനമായി നല്‍കി. ഭക്ഷണവും അലങ്കാരങ്ങളും സമ്മാനങ്ങളും എല്ലാം ഉള്‍പ്പടെ മുഴുവന്‍ ചെലവുകളും വഹിച്ചത് ചൂള ഉടമകളും ഗ്രാമത്തിലെ ചില മുസ്ലിം യുവാക്കളുമാണ്.