ഉത്തരാഖണ്ഡിലെ ധര്‍ചുല ടൗണില്‍ മുസ് ലിം വ്യാപാരികളെ കടകള്‍ തുറക്കാന്‍ അനുവദിക്കാതെ വ്യാപാരികളുടെ സംഘടന. മുസ് ലിം വ്യാപാരികളെ നഗരത്തില്‍ നിന്നു പുറത്താക്കണമെന്നും സംഘടന ആഹ്വാനം ചെയ്തു.(Muslim shopkeepers forced to down shutters in Uttarakhand town)
|
ഉത്തര്‍പ്രദേശില്‍ നിന്നുള്ള രണ്ടു വ്യാപാരികള്‍ പ്രദേശവാസികളായ രണ്ടു പെണ്‍കുട്ടികളുമായി പ്രണയത്തിലാവുകയും ഇവരുമായി ഒളിച്ചോടുകയും ചെയ്തതിനു പിന്നാലെയാണ് നടപടി. ഈ സംഭവത്തിനു പിന്നാലെ ധര്‍ചുല വ്യാപാര്‍ സംഘ് 91 മുസ് ലിം വ്യാപാരികളുടെ അംഗത്വം റദ്ദാക്കി. മൂന്നുദിവസമായി ഈ വ്യാപാരികളെ കടകള്‍ തുറക്കാന്‍ സംഘടന അനുവദിക്കുന്നുമില്ല.
പെണ്‍കുട്ടികളുമായി പോയ രണ്ടു വ്യാപാരികളെയും അറസ്റ്റ് ചെയ്തുവെന്നും പെണ്‍കുട്ടികളെ സുരക്ഷിതമായി തിരികെയെത്തിച്ചെന്നും അറിയിച്ച ധര്‍ചുല എസ്എച്ച്ഒ പര്‍വേസ് അലി ഇരു വ്യാപാരികള്‍ക്കുമെതിരേ പോക്‌സോ നിയമപ്രകാരം കേസെടുത്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം മുസ് ലിം വ്യാപാരികളെ കടകള്‍ തുറക്കാന്‍ സമ്മതിക്കാത്തവര്‍ക്കെതിരേ കേസെടുത്തതായി ജില്ലാ മജിസ്‌ട്രേറ്റ് റീനാ ജോഷി പറഞ്ഞു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്നും പുറത്തുനിന്നുള്ള വ്യാപാരികള്‍ക്ക് നഗരത്തില്‍ കച്ചവടംചെയ്യാന്‍ സുരക്ഷ നല്‍കുമെന്നും മജിസ്‌ട്രേറ്റ് കൂട്ടിച്ചേര്‍ത്തു.
നഗരത്തിലെ അറുന്നൂറോളം വ്യാപാരികളാണ് ധര്‍ചുല വ്യാപാരി സംഘിലുള്ളത്. സംസ്ഥാനത്തിനു പുറത്തുനിന്നുള്ളവരെ വ്യാപാരം ചെയ്യാന്‍ അനുവദിക്കില്ലെന്നാണ് സംഘടനയുടെ തീരുമാനം.





