|
ബിൽക്കീസ് ബാനു കൂട്ടബലാത്സംഗ കേസ് പ്രതികളെ ഗുജറാത്ത് സർക്കാർ വിട്ടയച്ചതിനു പിന്നാലെ ഗ്രാമത്തിൽ നിന്ന് പലായനം ചെയ്ത് മുസ്‌ലിം കുടുബങ്ങൾ. പ്രതികൾ താമസിക്കുന്ന രൺധിക്പുർ ഗ്രാമത്തിലെ മുസ്‌ലിങ്ങളാണ് സുരക്ഷയില്ലെന്ന് ചൂണ്ടിക്കാട്ടി 30 കി.മീറ്ററിലേറെ അപ്പുറമുള്ള ദേവ്ഗഢ് ബരിയയിലേക്ക് കുടുംബത്തോടൊപ്പം പലായനം ചെയ്തത്.
പ്രതികൾ വീണ്ടും ജയിലിലടയ്ക്കപ്പെടും വരെ നാട്ടിലേക്ക് ഇല്ലെന്ന് ഇവർ പറയുന്നു. വിട്ടയച്ച പ്രതികളെ ഉടൻ തന്നെ ജയിലിലടയ്ക്കണമെന്നും നാട്ടിലെത്താനും അവിടെത്തന്നെ താമസിക്കാനും പൊലീസ് സംരക്ഷണം നൽകണമെന്നും ഇവർ ഗുജറാത്ത് സർക്കാരിനോട് ആവശ്യപ്പെട്ടു.
രൺധിക്പുർ ഗ്രാമത്തിലെ നിരവധി മുസ്‌ലിങ്ങളാണ് നാടുവിട്ടതെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ദേവ്ഗഢ് ബരിയയിലെ കപ്ഡിയിലെ റഹീമാബാദ് കോളനിയിലാണ് ഇവരിപ്പോൾ താമസിക്കുന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ബിൽക്കീസ് ബാനുവും കുടുംബവും താമസിക്കുന്നത് ദേവ്ഗഢ് ബരിയയിലാണ്.
”ആ 11 ബലാത്സംഗികളും കൊലപാതകികളും ജയിലിൽ നിന്ന് മോചിതരായതിനെക്കുറിച്ച് ഞങ്ങൾക്ക് ആദ്യം അറിവില്ലായിരുന്നു. പിന്നീട്, അവർ ഗ്രാമത്തിലെത്തിയ ശേഷം പടക്കം പൊട്ടിച്ചും ഉച്ചത്തിൽ പാട്ടുവച്ചും ആഘോഷം തുടങ്ങിയതോടെയാണ് ഞങ്ങൾ അക്കാര്യം അറിയുന്നത്. ഇതോടെയാണ് ഞങ്ങൾക്ക് ഞങ്ങളുടെ ജീവനിൽ ഭയമുണ്ടായത്. അതോടെ ഞങ്ങൾ ഗ്രാമം വിടാൻ തീരുമാനിച്ചു. അങ്ങനെ ദേവ്ഗഢ് ബരിയയിലെത്തി. അവർക്ക് എങ്ങനെ ബലാത്സംഗികൾക്കും കൊലപാതകികൾക്കും വേണ്ടി പടക്കം പൊട്ടിക്കാനും ഡിജെ കളിക്കാനും കഴിയും?”- ഗ്രാമവാസികളിലൊരാളായ സമീർ ഘച്ചി ചോദിക്കുന്നു. തന്റെ 12 കുടുംബാംഗങ്ങൾക്കൊപ്പമാണ് സമീർ നാടുവിട്ടത്.
”11 ബലാത്സംഗികളെയും കൊലപാതകികളെയും വീണ്ടും ജയിലിൽ അടയ്ക്കുകയും ഞങ്ങൾക്ക് പൊലീസ് സംരക്ഷണം നൽകുകയും ചെയ്യുന്നത് വരെ ഞങ്ങൾ രൺധിക്പുരിലേക്ക് മടങ്ങില്ല. അവരുടെ മോചനവും അതോടനുബന്ധിച്ചുള്ള സംഭവവികാസങ്ങളും ഞങ്ങളുടെ ജീവിതത്തെയും ബിസിനസിനെയും ബാധിക്കുന്നു, പക്ഷേ ഞങ്ങൾ നിസ്സഹായരാണ്”- ഗ്രാമവാസിയായ ഇഖ്ബാൽ അബ്ദുൽ പറഞ്ഞു.
ഇക്കഴിഞ്ഞ ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തിലാണ്, കലാപത്തിനിടെ ബിൽക്കീസ് ബാനുവിനെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്യുകയും മൂന്നു വയസുകാരിയായ മകളടക്കം കുടുംബത്തിലെ ഏഴ് സ്ത്രീകളെ കൊലപ്പെടുത്തുകയും ചെയ്ത പ്രതികളെ ഗുജറാത്ത് സർക്കാർ വിട്ടയച്ചത്. കുഞ്ഞിനെ നിലത്തടിച്ചതാണ് പ്രതികൾ ക്രൂരമായി കൊലപ്പെടുത്തിയത്.
ജയിലില്‍ 15 വര്‍ഷം പൂര്‍ത്തിയായെന്നും വിട്ടയക്കണമെന്നും ആവശ്യപ്പെട്ട് പ്രതികളിലൊരാള്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. വിഷയത്തില്‍ തീരുമാനമെടുക്കാന്‍ സുപ്രീംകോടതി ഗുജറാത്ത് സര്‍ക്കാരിന് നിര്‍ദേശം നല്‍കി. തുടര്‍ന്നാണ് ഇവരെ വിട്ടയയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സംഭവത്തിൽ വ്യാപക പ്രതിഷേധവും വിമർശനവുമാണ് ഉയരുന്നത്.



