കോഴിക്കോട്: കോൺഗ്രസിന്റെ ബ്ലോക്ക് തലത്തിലെ പുനഃസംഘടനയിൽ മുസ്ലിംകൾക്ക് അവഗണനയെന്ന് സമസ്തയുടെ യുവജനവിഭാഗമായ എസ്‌കെഎസ്എസ്എഫ് നേതാവ് സത്താർ പന്തല്ലൂർ. കാസർകോഡ്, വയനാട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ പേരിനു പോലും മുസ്ലിമില്ലെന്നും സത്താർ പന്തല്ലൂർ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ ആരോപിച്ചു. മലപ്പുറത്ത് ഡിസിസി പ്രസിഡൻിനെ വെക്കുന്നത് പോലെയുള്ള ധൈര്യമൊന്നും കോട്ടയത്തും പത്തനംതിട്ടയിലും ബ്ലോക്ക് പ്രസിഡന്റിനെ വെക്കാൻ പോലും കോൺഗ്രസ് ധൈര്യംകാണിക്കുന്നത് മനസ്സിലാകും. എന്നാൽ 37 ശതമാനം മുസ്ലിം ജനസംഖ്യയുള്ള കാസർക്കോടും 32 ശതമാനം മുസ്ലിംകളുള്ള വയനാട്ടിലും കോൺഗ്രസ് ഇതു ചെയ്യുമ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചുവോ എന്നു സംശയിക്കേണ്ടി വരുമെന്നും സത്താർ ചൂണ്ടിക്കാട്ടി.
|
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
നീണ്ട ഇടവേളക്ക് ശേഷം താഴെതട്ടിൽ കോൺഗ്രസ് ഒരു പുന: സംഘടന പൂർത്തിയാക്കി. 140 അസംബ്ലി മണ്ഡലങ്ങളിൽ 280 ബ്ലോക്ക് പ്രസിഡണ്ടുമാരെ നിശ്ചയിച്ചു.
ജാതിമത ഗ്രൂപ്പ് പ്രാദേശിക സമവാക്യങ്ങൾ പാലിച്ചാണ് തങ്ങൾ പുന: സംഘടനകൾ നടത്തുന്നത് എന്ന് പരസ്യമായി സമ്മതിക്കാൻ മടിയില്ലാത്ത പാർട്ടിയാണ് കോൺഗ്രസ്. ഇത്തവണ ബ്ലോക്ക് പുന:സംഘടിപ്പിച്ചപ്പോൾ കാസറഗോഡ്, വയനാട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ പേരിനു പോലും ഒരു മുസ്ലിമില്ല.
മലപ്പുറത്ത് ഡിസിസി പ്രസിഡണ്ടിനെ വെക്കുന്നത് പോലെയുള്ള ധൈര്യമൊന്നും കോട്ടയത്തും, പത്തനം തിട്ടയിലും ഒരു ബ്ലോക്ക് പ്രസിഡണ്ടിനെ വെക്കാൻ പോലും കോൺഗ്രസ് കാട്ടാതിരിക്കുന്നത് മനസ്സിലാകും. പക്ഷെ 37% മുസ്ലിം ജനസംഖ്യയുള്ള കാസറഗോട്ടും, 32% മുസ്ലിംകളുള്ള വയനാട്ടിലും കോൺഗ്രസ് ഇതു ചെയ്യുമ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചുവോ എന്നു സംശയിക്കേണ്ടി വരും.
ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിൽ കർണ്ണാടകയിലടക്കം മുസ്ലിംകൾക്ക് രണ്ട് ചോയ്‌സില്ല. എന്നാൽ കേരളത്തിൽ മലബാറിനെ മാത്രമെടുത്താൽ കണ്ണൂരിലും, വയനാട്ടിലും രണ്ടു വീതവും മലപ്പുറത്തും, പാലക്കാടും ഓരോന്നിലും കോൺഗ്രസിന്റെ നിയമസഭ വിഹിതം ഒതുങ്ങുന്നു. ഇതിലെ രാഷ്ട്രീയ സന്ദേശത്തിനു മുന്നിൽ കോൺഗ്രസ് നേതൃത്വം കണ്ണടക്കുന്നതിന്റെ കൂടി ഫലമാണ് തുടർഭരണം.
വയനാട് രാഹുൽ ഗാന്ധിയുടെ മണ്ഡല ആസ്ഥാനമാണ് എന്നു പോലും പുനസംഘടനയിൽ നേതൃത്വം ഓർത്തില്ല. കൊണ്ടറിഞ്ഞാലും ചിലർ പഠിക്കില്ലെങ്കിൽ പിന്നെ ഒന്നും ചെയ്യാനില്ല.





