13
Sep 2024
Thu
13 Sep 2024 Thu
Nadigar Sangam

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചെന്നൈ: മലയാള സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച് പഠിച്ച ഹേമ കമ്മറ്റി മാതൃകയില്‍പ തമിഴിലും സംവിധാനം വരുന്നു. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ വിവിധ ഭാഷകളിലെ സിനിമാ മേഖലകളിലും സമാനമായി അന്വേഷണം വേണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ്, തമിഴ് സിനിമയിലെ വനിതാ പ്രവര്‍ത്തകര്‍ നേരിടുന്ന ലൈംഗികാതിക്രമങ്ങില്‍ ശക്തമായ നടപടിയെടുക്കാന്‍ ഒരുങ്ങി തമിഴ് താരസംഘടനയായ നടികര്‍ സംഘം. പരാതികള്‍ അന്വേഷിക്കാന്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ രൂപവത്കരിക്കുമെന്ന് സംഘടന അറിയിച്ചു.

പരാതി അന്വേഷിച്ച് കുറ്റം തെളിഞ്ഞാല്‍ കടുത്ത നടപടി സ്വീകരിക്കും. കുറ്റക്കാരെ അഞ്ചുവര്‍ഷം വര്‍ഷത്തേക്ക് സിനിമയില്‍ നിന്ന് വിലക്കും. ശിക്ഷാനടപടികള്‍ക്കൊപ്പം, അതിക്രമം നേരിട്ടവര്‍ക്ക് നിയമസഹായം നല്‍കാനും സംഘടനയുടെ പ്രസിഡന്റ് നാസര്‍, ജനറല്‍ സെക്രട്ടറി വിശാല്‍, ട്രഷറര്‍ കാര്‍ത്തി എന്നിവരുള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

പരാതികള്‍ ആഭ്യന്തര പരാതി പരിഹാര സെല്ലിലേക്ക് നേരിട്ട് അറിയിക്കാന്‍ പ്രത്യേക ഇമെയിലും ഫോണ്‍ നമ്പരും ഏര്‍പ്പെടുത്താനും തീരുമാനിച്ചു. ലഭിക്കുന്ന പരാതികള്‍ സൈബര്‍ പൊലീസിന് കൈമാറും. അതിക്രമം നേരിട്ടവര്‍ പരാതികള്‍ സംഘടനയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുമുമ്പ് മാധ്യമങ്ങളോട് വെളിപ്പെടുത്തരുതെന്നും കര്‍ശനമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം, സര്‍ക്കുലറിലെ ചില നിര്‍ദേശങ്ങള്‍ വിവാദത്തിലായിട്ടുണ്ട്. ലൈംഗികാതിക്രമം അടക്കമുള്ള പരാതികള്‍ ആദ്യം മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തരുത്, മറിച്ച് നടികള്‍ സംഘം നിയമിക്കുന്ന ആഭ്യന്തര പ്രശ്‌ന പരിഹാര സെല്ലിനെ സമീപിക്കണം എന്നതടക്കമുള്ള നിര്‍ദേശങ്ങളാണ് വിവാദമാവുന്നത്.

ലൈംഗികാതിക്രമം ആരോപിക്കപ്പെടുന്ന ആളുകള്‍ക്ക് ആദ്യം മുന്നറിയിപ്പ് നല്‍കും. നടപടി പിന്നീട് സ്വീകരിക്കും എന്ന നിര്‍ദേശത്തിനെതിരെയും വിമര്‍ശനം ഉയരുകയാണ്. നടിമാരായ സുഹാസിനി, ഖുശ്ബു, രോഹിണി എന്നിവര്‍ അടക്കം പങ്കെടുത്ത യോഗത്തില്‍ ഇത്തരം വിചിത്രവും സ്ത്രീവിരുദ്ധവുമായ നിര്‍ദേശങ്ങള്‍ ഉള്‍പ്പെട്ടത് എന്നതാണ് ശ്രദ്ധേയം.

മലയാളം സിനിമാ മേഖലയെ പിടിച്ചുകുലുക്കി ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സമാനമായ കമ്മിറ്റി കോളിവുഡിലും വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. പത്തുപേരടങ്ങുന്ന സമിതി രൂപീകരിക്കാന്‍ നടപടി ആരംഭിച്ചെന്നും അധികം വൈകാതെ ഇത് നിലവില്‍ വരുമെന്നും നടികര്‍ സംഘം ജനറല്‍ സെക്രട്ടറി വിശാല്‍ അറിയിച്ചിരുന്നു.

സിനിമാ മോഹവുമായി എത്തുന്നവരില്‍ 20 ശതമാനം പേര്‍ക്ക് മാത്രമാണ് അവസരം ലഭിക്കുന്നത്. അതിനാല്‍ തന്നെ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്‍കി കബളിപ്പിക്കല്‍ നടക്കാന്‍ സാധ്യതയുണ്ട്. അഭിനയിക്കുന്നതിന് അവസരം തേടിയെത്തുന്ന സ്ത്രീകള്‍ കൂടുതല്‍ ശ്രദ്ധിക്കണം. ആരെങ്കിലും മോശമായി പെരുമാറിയാല്‍ ചെരുപ്പൂരി അടിക്കണം എന്നായിരുന്നു വിശാലിന്റെ പ്രതികരണം.