12
May 2023
Fri
12 May 2023 Fri

റോം: ഇറ്റാലിയൻ സീരി എ കിരീടത്തിൽ മുത്തമിട്ട് നാപ്പോളി. ഉഡിനിസിനെതിരായ മത്സരത്തിൽ സമനില നേടിയതോടെയാണ് നാപ്പോളി കിരീടമുറപ്പിച്ചത്. 33 വർഷത്തിനുശേഷമാണ് ടീം ഇറ്റാലിയൻ സീരി എ കിരീടാവകാശികളായത്. സമനില നേടിയാൽപ്പോലും കിരീടം ഉറപ്പിച്ച് കളിക്കാനിറങ്ങിയ നാപ്പോളിയെ ഞെട്ടിച്ച് സാൻഡി ലോവ്‌റിച്ചിലൂടെ ഉഡിനിസ് ആദ്യം മുന്നിലെത്തിയെങ്കിലും സൂപ്പർ താരം വിക്ടർ ഒസിംഹെനിലൂടെ നാപ്പോളി സമനില നേടി. അവസാന വിസിലൂതുമ്പോൾ നാപ്പോളിക്ക് കിരീടം സ്വന്തം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അഞ്ച് മത്സരങ്ങൾ ബാക്കിനിൽക്കെ ആധികാരികമായാണ് നാപ്പോളി കിരീടം നേടുന്നത്. 33 മത്സരങ്ങളിൽ നിന്ന് 25 വിജയവും അഞ്ച് സമനിലയും മൂന്ന് തോൽവിയുമടക്കം 80 പോയന്റാണ് നാപ്പോളിയ്ക്കുള്ളത്. രണ്ടാമതുള്ള ലാസിയോയ്ക്ക് ഇത്രയും മത്സരങ്ങളിൽ നിന്ന് വെറും 64 പോയന്റ് മാത്രമാണുള്ളത്. 16 പോയന്റ് വ്യത്യാസത്തിൽ നാപ്പോളി കിരീടമുറപ്പിച്ചു. ശേഷിക്കുന്ന എല്ലാ മത്സരങ്ങളിൽ വിജയിച്ചാൽപ്പോലും ലാസിയോ നാപ്പോളിയ്‌ക്കൊപ്പം എത്തില്ല. ജുവന്റസ് (63), ഇന്റർമിലാൻ (60), അറ്റ്‌ലാന്റ (58), എ.സി മിലാൻ (58) റോമ (58) എന്നിവയാണ് പോയിന്റ് ടേബിളിൽ മുന്നിലുള്ള മറ്റ് ടീമുകൾ.

മാറഡോണ യുഗത്തിനുശേഷം ഇതാദ്യമായാണ് നാപ്പോളി കിരീടം നേടുന്നത്. നാപ്പോളി അവസാനമായി കിരീടത്തിൽ മുത്തമിട്ടത് മാറഡോണയ്‌ക്കൊപ്പം 1990ലാണ്. 1987ലും മാറഡോണയുടെ നേതൃത്വത്തിൽ നാപ്പോളി കിരീടം നേടി. അന്ന് മാറഡോണയാണെങ്കിൽ ഇന്ന് വിക്ടർ ഒസിംഹെനാണ് നാപ്പോളിയ്ക്ക് വേണ്ടി തകർപ്പൻ പ്രകടനം പുറത്തെടുത്തത്. നൈജീരിയൻ മുന്നേറ്റനിരതാരമായ ഒസിംഹെൻ ടീമിനുവേണ്ടി 26 മത്സരങ്ങളിൽ നിന്ന് 21 ഗോളുകളാണ് നേടിയത്. 12 ഗോളുകളും 10 അസിസ്റ്റുകളും നേടിയ ജോർജിയയുടെ വിങ്ങർ ക്വിച്ച ക്വാററ്റ്‌സ്‌ഖെലിയയും നാപ്പോളിയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.നാപ്പോളിയ്ക്ക് കിരീടം നേടിക്കൊടുത്തത് പരിശീലകൻ ലൂസിയാനോ സ്പല്ലെറ്റിയുടെ തന്ത്രങ്ങളാണ്. 64 കാരനായ സ്പല്ലെറ്റി സീരി എ കിരീടം നേടുന്ന ഏറ്റവും പ്രായം കൂടിയ പരിശീലകൻ കൂടിയാണ്.

Napoli clinch first Serie A title in 33 years after draw with Udinese

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക